സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ ഓടുന്നത് നിയമ വിരുദ്ധമായി; ഊബറും ഒലയും, സവാരി ആപ്പകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല; കേന്ദ്ര നിയമം അനുസരിച്ച് സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്; റാപ്പിഡോ മാത്രമാണ് അപേക്ഷ നല്‍കിയത്; അനുവാദം വാങ്ങാതെ പ്രവര്‍ത്തിച്ചാല്‍ തടയുമെന്ന് മന്ത്രി ഗണേഷ് കുമാര്‍; മൂന്നാര്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ടാക്‌സി തര്‍ക്കം മുറുകുന്നു
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ ഓടുന്നത് നിയമ വിരുദ്ധമായി
തിരുവനന്തപുരം: മൂന്നാറില്‍ മുംബൈ സ്വദേശിയായ വിനോദ സഞ്ചാരിക്ക് നേരെയുണ്ടായ അതിക്രമം കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തെ ടാക്‌സി സര്‍വീസുകളെ കുറിച്ച് പലവിധത്തിലുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അതേസമയം കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം അനുസരിച്ച് സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കാത്തതോടെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകളുടെ കാര്യത്തിലും സന്ദേഹങ്ങള്‍ക്ക് ഇടയാക്കി.
സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സികള്‍ ഓടുന്നത് നിയമവിരുദ്ധമായെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. അനുവാദം വാങ്ങി ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് പ്രവര്‍ത്തിക്കാം. അല്ലാത്തപക്ഷം പിടിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് നിയമപരമായി ഓടുന്നതിന് ഒരു തടസ്സവുമില്ല. എന്നാല്‍ ഇവിടെ ഇപ്പോള്‍ ഓടുന്നത് നിയമവിരുദ്ധമായിട്ടാണ്. ഓണ്‍ലൈന്‍ ടാക്സിയുമായി ബന്ധപ്പെട്ട കേന്ദ്ര നിയമം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നയത്തിന് രൂപം നല്‍കിയിട്ടുണ്ട്. കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഇതിന് രൂപം നല്‍കിയത്. ഈ നയം അനുസരിച്ച് ഊബര്‍, ഒല എന്നി കമ്പനികള്‍ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടില്ല. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയിട്ടുള്ളത്.
അപേക്ഷ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയാണ് പരിശോധിക്കുന്നത്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അധ്യക്ഷനായുള്ള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അടുത്ത ദിവസം യോഗം ചേര്‍ന്നിരുന്നു. ഇതുവരെ മറ്റാരും അപേക്ഷ നല്‍കിയിട്ടില്ല. റാപിഡോ മാത്രമാണ് അപേക്ഷ നല്‍കിയത്. നയം അനുസരിച്ച് ഇവര്‍ നല്‍കുന്ന അപേക്ഷയില്‍ എല്ലാ കാര്യങ്ങളും ഉണ്ടെങ്കില്‍ അനുമതി നല്‍കാന്‍ ഒരു തടസ്സവുമില്ലെന്നും മന്ത്രി അറിയിച്ചു.
ഊബറും ഒലയും നിയമവിരുദ്ധമാണ്. ഇനി അവരുടെ പ്രവര്‍ത്തനം തടയും. സംസ്ഥാനത്ത് നല്‍കേണ്ട ഒരു നികുതിയുണ്ട്. ഇത് കേന്ദ്രസര്‍ക്കാരാണ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോള്‍ അവര്‍ അടയ്ക്കേണ്ട ഫീസ് കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ പുതുക്കിയിരുന്നു. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ അനുവാദം വാങ്ങി പ്രവര്‍ത്തിക്കാം. അനുവാദം വാങ്ങാതെ പ്രവര്‍ത്തിച്ചാല്‍ പിടികൂടുമെന്നും മന്ത്രി അറിയിച്ചു.
വിനോദ സഞ്ചാരികള്‍ക്ക് ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ കുറഞ്ഞ നിരക്കില്‍ വാഹന സൗകര്യം നല്‍കുന്നുവെന്ന് ആരോപിച്ച് മൂന്നാറിലും പരിസരങ്ങളിലും ലോക്കല്‍ ടാക്‌സി ഡ്രൈവര്‍മാരുമായി സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. പ്രദേശത്തേക്ക് മറ്റു ജില്ലകളില്‍ നിന്ന് എത്തുന്ന ഓണ്‍ലൈന്‍ ടാക്‌സിക്കാരെ ലോക്കല്‍ ടാക്‌സിക്കാര്‍ മര്‍ദിക്കുന്നത് പതിവാണ്. ഇക്കഴിഞ്ഞ ജൂണില്‍ ഓണ്‍ലൈന്‍ ടാക്‌സി വാഹനം തല്ലിത്തകര്‍ത്ത് ഡ്രൈവറെ മര്‍ദിച്ചു പരുക്കേല്‍പ്പിച്ചിരുന്നു. മാസങ്ങള്‍ക്കിടെ അഞ്ചോളം ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരാണ് ആക്രമണത്തിന് ഇരയായത്.
അതേസമയം നേരത്തെ കള്ളടാക്‌സി വിഷയത്തില്‍ ശക്തമായി നടപടിയെടുക്കുമെന്ന മുന്നറിയിപ്പും മന്ത്രി നല്‍കിയിരുന്നു. സ്വകാര്യ വാഹനങ്ങള്‍ പണം വാങ്ങി അനധികൃതമായി ഓടിക്കാന്‍ നല്‍കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ആര്‍സി ഉടമയുടെ ഭാര്യയ്‌ക്കോ മക്കള്‍ക്കോ സഹോദരങ്ങള്‍ക്കോ കൂട്ടുകാര്‍ക്കോ വാഹനം ഓടിക്കാം. അതു പാടില്ലെന്നല്ല ഗതാഗത കമ്മീഷണര്‍ പറഞ്ഞത്. ഒരു ബന്ധവുമില്ലാത്ത ആളുകള്‍ക്ക് വാഹനം പണം വാങ്ങിച്ച് ഓടിക്കാന്‍ കൊടുക്കരുതെന്നാണ്. ഇക്കാര്യത്തില്‍ ഇനി വിട്ടുവീഴ്ചയില്ലെന്നു കളര്‍കോട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഗണേഷ് കുമാര്‍ വ്യക്തമാക്കി.
