രാമക്ഷേത്ര നിര്‍മ്മാണത്തെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നെങ്കില്‍ ഞങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തേനെ; ഞങ്ങള്‍ക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോട് പ്രത്യേക ആഭിമുഖ്യമില്ല; രാമക്ഷേത്ര ആവശ്യത്തെ പിന്തുണച്ചത് ബിജെപിയാണ്; ഞങ്ങള്‍ ഭരണഘടന വിരുദ്ധമായ ഒരു സംഘടനയല്ല, അതുകൊണ്ട് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല: മോഹന്‍ ഭാഗവത്

രാമക്ഷേത്ര നിര്‍മ്മാണത്തെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നെങ്കില്‍ ഞങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തേനെ

Update: 2025-11-09 11:25 GMT

ന്യുഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ കോണ്‍ഗ്രസ് പിന്തുണച്ചിരുന്നെങ്കില്‍ ഞങ്ങളുടെ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തേനെയെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഞങ്ങള്‍ക്ക് ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയോട് പ്രത്യേക ആഭിമുഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നവര്‍ക്ക് പിന്തുണനല്‍കുന്നു. അയോധ്യയിലെ രാമക്ഷേത്രം എന്ന ആവശ്യത്തെ പിന്തുണച്ചത് ബിജെപിയാണെന്നും ആര്‍എസ്എസ് തലവന്‍ വ്യക്തമാക്കി.

ആര്‍എസ്എസ് എന്തുകൊണ്ട് രജിസ്റ്റര്‍ ചെയ്ത ഒരു സംഘടനയല്ല എന്ന ചോദ്യത്തോടും മോഹന്‍ ഭാഗവത് പ്രതികരിച്ചു. 'ഞങ്ങള്‍ ഭരണഘടന വിരുദ്ധമായ ഒരു സംഘടനയല്ല, അതുകൊണ്ട് രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. ഹിന്ദുധര്‍മ്മം എവിടെയെങ്കിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ?' മോഹന്‍ഭാഗവത് ചോദിച്ചു.

'ആര്‍എസ്എസ് രൂപീകരിക്കുന്നത് 1925 ലാണ്. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ സ്വാതന്ത്ര്യാനന്തരമുള്ള നിയമങ്ങള്‍ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കിയിരുന്നില്ല. മൂന്ന് തവണ ഞങ്ങള്‍ നിരോധിക്കപ്പെട്ടു. ഓരോ തവണയും കോടതി നിരോധനം എടുത്തു കളഞ്ഞു. പലതവണ നിയമസഭയിലും പാര്‍ലമെന്റിലും ആര്‍എസ്എസിനെ എതിര്‍ത്തും അനുകൂലിച്ചും പല ചര്‍ച്ചകള്‍ നടന്നു. എതിര്‍ക്കപ്പെടുമ്പോഴെല്ലാം ഞങ്ങള്‍ കൂടുതല്‍ ശക്തരായി' എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ബംഗളുരുവില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. വ്യക്തികളെയോ രാഷ്ട്രീയപാര്‍ട്ടികളെയോ അല്ല പിന്തുണക്കുന്നതെന്നും മോഹന്‍ഭാഗവത് പറഞ്ഞു. അതേസമയം ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്നും രാജ്യത്തിന്റെ ഉത്തരവാദിത്തം ഹിന്ദുക്കള്‍ക്കാണെന്നും ഭാഗവത് പറഞ്ഞു. ''ഭാരതത്തിന്റെ ഉത്തരാവാദിത്തം ഹിന്ദുക്കള്‍ക്കാണ്. എന്താണ് നമ്മുടെ രാജ്യം? ബ്രിട്ടീഷുകാരല്ല നമുക്ക് രാജ്യം തന്നത്. നമ്മള്‍ പുരാതനമായ ഒരു രാഷ്ട്രമാണ്. നമുക്കൊരു അടിസ്ഥാന സംസ്‌കാരമുണ്ട്, അതിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഏത് വാക്കും ഹിന്ദു എന്ന പദത്തിലേക്ക് നയിക്കുന്നു,' ഭാഗവത് പറഞ്ഞു.

'മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്‍ഗാമികളാണ്. ഒന്നുകില്‍ അവര്‍ക്ക് ഇതറിയില്ല. അല്ലെങ്കില്‍ അവരെ ഇത് മറക്കാന്‍ പ്രേരിപ്പിക്കുന്നു. തങ്ങളുടെ ഗോത്രങ്ങള്‍ സംരക്ഷിക്കുന്ന ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും ഞാന്‍ കാണുന്നുണ്ട്. അതിനാല്‍, ആരും അഹിന്ദുവല്ല. ഹിന്ദുവായിരിക്കുക എന്നതിനര്‍ത്ഥം ഭാരതത്തിന്റെ ഉത്തരവാദിത്തെ ഏറ്റെടുക്കുക എന്നതാണ്. അതുകൊണ്ടാണ് ഭാരതം ഒരു ഹിന്ദു രാഷ്ട്രമാകുന്നത്. നമ്മള്‍ ഇന്ന് ചെയ്യുന്ന ഒന്നുമായും ഒരു വ്യവസ്ഥയുമായും ഇതിന് വൈരുദ്ധ്യമില്ലെന്നും ഭാഗവത് പറഞ്ഞു.

ആര്‍എസ്എസില്‍ ഇപ്പോള്‍ കൂടുതല്‍ ആളുകള്‍ വിശ്വസിക്കുന്നുണ്ടെന്ന് ഭാഗവത് അവകാശപ്പെട്ടു. 'നമുക്കിപ്പോള്‍ വിശ്വാസ്യതയുണ്ട്. എല്ലാവരും നമ്മളെ സ്നേഹിക്കുകയും സഹായിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു. ആര്‍എസ്എസ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പുറത്തുനിന്ന് ഒരു പൈസ പോലും വാങ്ങിയിട്ടില്ല. തങ്ങളെ ഹിന്ദുക്കളായി കണക്കാക്കാത്തവരുമായി ഞങ്ങള്‍ സംഭാഷണം ആരംഭിച്ചിട്ടുണ്ട്', എന്നാല്‍ അവര്‍ ഭാരതീയരാണെന്ന് സമ്മതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിന്റെ ആഗോള പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ അയല്‍രാജ്യങ്ങളില്‍ നിന്ന് ആരംഭിക്കുമെന്ന് ഭാഗവത് പറഞ്ഞു. 'നമ്മുടെ അയല്‍രാജ്യങ്ങളില്‍ ഭൂരിഭാഗവും 100 വര്‍ഷം മുമ്പ് ഭാരതമായിരുന്നു. അവര്‍ നമ്മുടെ ആളുകളാണ്. ഇന്നത്തെ സാഹചര്യങ്ങളിലും സമാനതകളുണ്ട്. ഞങ്ങളുടെ ദൗത്യം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ലെന്ന് ഞങ്ങള്‍ക്കറിയാം. ഇനിയും ഒരുപാട് ദൂരം പോകാനുണ്ട്. ഞങ്ങള്‍ അതിനുള്ള ശ്രമത്തിലാണ്.' ഭാഗവത് പറഞ്ഞു.

Tags:    

Similar News