പട്ടാമ്പി സ്വദേശിനിയെ നിക്കാഹ് ചെയ്തെങ്കിലും ചടങ്ങുകള്‍ക്ക് തടസ്സമായി സാമ്പത്തിക പ്രതിസന്ധി; അബു അരീക്കോടിന്റെ ജീവനെടുത്തത് ലോണ്‍ ആപ്പ് തട്ടിപ്പോ? യഥാര്‍ത്ഥ കാരണം നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിയില്ല; ജനലില്‍ തൂങ്ങിനില്‍ക്കുന്നത് കണ്ടത് റോഡിലൂടെ പോയ ആള്‍; അസ്വാഭാവിക മരണത്തിന് കേസെടുത്തു

Update: 2025-11-09 11:38 GMT

മലപ്പുറം: നിയമവിദ്യാര്‍ഥിയും അരീക്കോട് പൂങ്കുടി സ്വദേശിയുമായ അബു അരീക്കോടിനെ (നെല്ലിക്കുന്ന് വി. അബൂബക്കര്‍ സിദ്ദിഖ് എന്ന കുഞ്ഞാണി-28) മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കോടഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് അബുവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോണ്‍ ആപ്പ് തട്ടിപ്പാണ് മരണത്തിലേക്ക് നയിച്ചതെന്ന ആരോപണം ഉയര്‍ന്നിരുന്നു. സിപിഎം കാരിപ്പറമ്പ് ബ്രാഞ്ച് അംഗമാണ് വട്ടോളി വി അബൂബക്കര്‍ എന്ന അബു അരീക്കോട് (28). സാമൂഹിക മാധ്യമങ്ങളില്‍ സിപിഎമ്മിനുവേണ്ടി സ്വീകരിച്ച നിലപാടുകളുടെ പേരില്‍ ശ്രദ്ധേയനായിരുന്നു.

കോഴിക്കോട് കൈതപ്പൊയില്‍ മര്‍ക്കസ് ലോ കോളേജില്‍ എല്‍എല്‍ബി അവസാനവര്‍ഷ വിദ്യാര്‍ഥിയായ അബുവിനെ കോളേജിനടുത്ത് വാടകയ്ക്കു താമസിക്കുന്ന വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടത്. ഇവിടെ സുഹൃത്തുക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. രണ്ടാം ശനിയും ഞായറും അവധിയായതിനാല്‍ ഏതാനും സുഹൃത്തുക്കള്‍ നാട്ടില്‍ പോയിരുന്നു. ബാക്കിയുള്ള സുഹൃത്തുക്കളോടൊപ്പം വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിഞ്ഞ് അബു ഉറങ്ങാന്‍പോയി. ശനിയാഴ്ച രാവിലെ റോഡിലൂടെ പോയ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് വൊളന്റിയര്‍മാരാണ് ഒരാള്‍ ജനലില്‍ തൃങ്ങിനില്‍ക്കുന്നതുകണ്ട് വീട്ടിലുള്ള മറ്റു സുഹൃത്തുക്കളെ അറിയിച്ചത്.

സൈബര്‍ലോകത്ത് വളരെ സജീവമായിരുന്ന അബുവിന് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ അറിവില്ല. സാമ്പത്തികപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സാമൂഹികമാധ്യമങ്ങളില്‍ ചിലര്‍ സൂചിപ്പിക്കുന്നുണ്ട്. ഒരു വര്‍ഷം മുന്‍പ് പട്ടാമ്പി സ്വദേശിനിയെ നിക്കാഹ് ചെയ്തെങ്കിലും തുടര്‍ന്നുള്ള ചടങ്ങുകള്‍ സാമ്പത്തികപ്രതിസന്ധിമൂലം നടന്നില്ലെന്നാണു പറയുന്നത്. ലോണ്‍ ആപ്പ് തട്ടിപ്പാണ് അബുവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്. അബുവിന്റെ അടുത്ത സുഹൃത്തുക്കളുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും കമന്റുകളും ഈ ആരോപണത്തിന് സാധുത നല്‍കുന്നതായിരുന്നു.

വിദ്യാര്‍ഥി രംഗത്തുകൂടി സംഘടനാ രംഗത്തേക്ക് കടന്നുവന്ന അബു എസ്എഫ്‌ഐ അരീക്കോട് ഏരിയാ സഹഭാരവാഹിയായും ഡിവൈഎഫ്‌ഐ അരീക്കോട് മേഖലാ പ്രസിഡന്റായും പ്രവര്‍ത്തിച്ചു. സിപിഎമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കും വേണ്ടി നിരന്തരം ഇടപെടുന്ന അബുവിന് നവമാധ്യമങ്ങളില്‍ വലിയ സൗഹൃദ വലയവുമുണ്ടായിരുന്നു. സംഘടനാ പ്രവര്‍ത്തനവും ആരെയും ആകര്‍ഷിക്കുന്ന സംസാരശൈലിയിലും മുതല്‍ക്കൂട്ടായിരുന്നു. വിയോഗവാര്‍ത്ത അറിഞ്ഞു സിപിഎം നേതാക്കളടക്കം നിരവധിയാളുകളാണ് നവമാധ്യമങ്ങളിലും അല്ലാതെയുമായി അനുശോചനം അറിയിച്ചത്.

പിതാവ്: അബ്ദുല്‍കരീം വഹബി. മാതാവ്: റുഖിയ്യ. ഭാര്യ: അമതുല്‍ ബാസിദ (പട്ടാമ്പി), സഹോദരങ്ങള്‍: ഉമറുല്‍ ഫാറൂഖ്, മുഹമ്മദ്, മുഹമ്മദ് നജീബ്, മുഹമ്മദ് മുജീബ്, റുഫൈദ, റാഷിദ, റാഫിദ, റഹീബ

Similar News