ഗാസ സ്വന്തമാക്കുന്നതില്‍ വിട്ടു വീഴ്ച്ചക്കില്ലാതെ ട്രംപ്; അറബ് രാജ്യങ്ങള്‍ക്കും നിര്‍മാണങ്ങള്‍ നടത്താം; ഗാസ വാങ്ങി നടത്തുന്നത് ഞങ്ങള്‍ ആയിരിക്കും; പശ്ചിമേഷ്യയെ ഞെട്ടിച്ച ട്രംപിന്റെ അധികപ്രസംഗത്തിലെ ചര്‍ച്ച തുടരുന്നു

Update: 2025-02-11 04:07 GMT

വാഷിങ്ടണ്‍: ഗാസ മുനമ്പ് സ്വന്തമാക്കുന്നതില്‍ വിട്ടുവീഴ്ചക്കില്ലെന്ന നിലപാടുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇവിടെ അറബ് രാജ്യങ്ങള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഗാസ വാങ്ങി നടത്തുന്നത് അമേരിക്ക തന്നെയായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. ഇക്കാര്യത്തില്‍ ലോകരാഷ്ട്രങ്ങളില്‍ നിന്ന് വന്‍ തോതില്‍ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലും തന്റെ തീരുമാനം നടപ്പിലാക്കുമെന്ന ഉറച്ച നിലപാടിലാണ് ട്രംപ്. ന്യൂഓര്‍ലിയന്‍സിലേക്കുള്ള യാത്രക്കിടെ എയര്‍ഫോഴ്സ വണ്‍ വിമാനത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അമേരിക്കന്‍ പ്രസിഡന്റ് തന്റെ തീരുംമാനം വീണ്ടും പ്രഖ്യാപിച്ചത്.

ഗാസ തകര്‍ക്കപ്പെട്ട സ്ഥലമാണ്. അമേരിക്ക അവശേഷിക്കുന്നതും ഇടിച്ചുനിരത്തുമെന്ന് പറഞ്ഞ ട്രംപ് ഗാസ ഒരു വലിയ റിയല്‍ എസ്റ്റേറ്റ് മേഖലയാണെന്നും അമേരിക്ക അത് സ്വന്തമാക്കിയ ശേഷം മനോഹരമായി പുനര്‍നിര്‍മ്മിക്കുമെന്നും വ്യക്തമാക്കി. എന്നാല്‍ ഏത് അധികാരം ഉപയോഗിച്ചാണ് അമേരിക്ക ഗാസ സ്വന്തമാക്കാന്‍ പോകുന്നതെന്ന കാര്യം അദ്ദേഹം വിശദീകരിച്ചില്ല. ഗാസാ മുനമ്പിന്റെ പലഭാഗങ്ങളും പുനര്‍ നിര്‍മ്മിക്കാന്‍ മധ്യപൂര്‍വ്വ ദേശത്തെ രാജ്യങ്ങളെ അനുവദിക്കും. ഗാസയിലെ 20 ലക്ഷത്തോളം വരുന്ന ഫലസ്തീന്‍കാര്‍ ഒഴിഞ്ഞു പോകണമെന്ന കാര്യവും അദ്ദേഹം ആവര്‍ത്തിച്ചു.

ഗാസയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളെ ഏറ്റെടുക്കാന്‍ അറബ് രാജ്യങ്ങള്‍ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അതേ സമയം ഫലസ്തീന്‍കാരെ പുനരധിവസിപ്പക്കണമെന്ന ട്രംപിന്റെ ആവശ്യത്തോട് ഈജിപ്തും ജോര്‍്ദദാനും അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്. കുറച്ച് ഫലസ്തീന്‍കാരെ ഏറ്റെടുക്കാന്‍ അമേരിക്കയും തയ്യാറാണെന്ന് പറഞ്ഞ ട്രംപ് അവരുടെ ഓരോ അപേക്ഷയും പ്രത്യേകം പരിശോധിക്കുമെന്നും വ്യക്തമാക്കി. ട്രംപിന്റെ നീക്കത്തോട് സൗദി അറേബ്യക്കും യോജിപ്പില്ല. ബ്രിട്ടന്‍ ഉള്‍്പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ വിയോജിപ്പിലാണ്.

അതേ സമയം കഴിഞ്ഞ മാസം 19 ന് ആരംഭിച്ച ഗാസ വെടിനിര്‍ത്തലിന്റെ ഭാവി സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഹമാസ് ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണുമ്പോള്‍ നാസി തടങ്കല്‍ പാളയങ്ങളില്‍ നിന്ന് മോചിപ്പിക്കപ്പെട്ടവരെ ഓര്‍മ്മിപ്പിക്കുന്നുവെന്ന് ട്രംപ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ബ്ന്ദികള്‍ തീരെ അവശ നിലയിലായത് കണ്ടാണ് അദ്ദേഹം ഇത്തരം ഒരഭിപ്രായ പ്രകടനം നടത്തിയത്. ഇന്ന് പ്രസിഡന്റ് ട്രംപ് ജോര്‍ഡന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തും.

കൂടിക്കാഴ്ചയില്‍ പലസ്തീനികളെ മാറ്റിപാര്‍പ്പിക്കാന്‍ ട്രംപ് ആവശ്യപ്പെടും. പലസ്തീനികള്‍ക്കായി സ്ഥിരം താമസ കേന്ദ്രം ഒരുക്കുന്നതിനെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നും ഗാസയെ ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. അറബ് രാജ്യങ്ങളില്‍ മികച്ച താമസ സൗകര്യമൊരുക്കിയാല്‍ പിന്നെ ഗാസയിലേക്ക് തിരിച്ചുവരുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടിവരില്ലെന്നും ട്രംപ് പറഞ്ഞു. ഫലസ്തീനിലെ ഭൂമി വില്‍പ്പനയ്ക്കുള്ളതല്ലെന്നായിരുന്നു ഹമാസിന്റെ മറുപടി. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തെ ഇസ്രായേല്‍ പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹു പിന്തുണച്ചിരുന്നു.

ഗാസയിലെ ജനവാസ മേഖലയില്‍ സൈനിക നീക്കം ആഗോള നിയമ പ്രകാരം തടഞ്ഞിട്ടുള്ളതാണെന്നാണ് യുഎന്‍ മുന്നറിയിപ്പ് നല്‍കിയത്. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന് ആഴ്ചകള്‍ പിന്നിടുമ്പോഴാണ് ട്രംപിന്റെ പ്രസ്താവന. ഇതിനിടെ, സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് അമേരിക്ക ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. 25 ശതമാനം തീരുവ ഈടാക്കാനുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പ് വെച്ചു. അമേരിക്കന്‍ സ്റ്റീല്‍ വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടിയെന്ന് വൈറ്റ് ഹൗസ് വിശദീകരിച്ചു. കാനഡ, മെക്സിക്കോ, ചൈന അടക്കം എല്ലാ രാജ്യങ്ങള്‍ക്കും ഇത് ബാധകമാകും.

Similar News