എന്തിനാണ് നമ്മള്‍ ഇന്ത്യയ്ക്ക് പണം കൊടുക്കുന്നത്; അവരുടെ കൈവശം ധാരാളം പണമുണ്ടെന്ന് ട്രംപ്; ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാനുള്ള അമേരിക്കന്‍ കുറുക്കു വഴിയെന്ന് ബിജെപി ആരോപിച്ച ആ ഫണ്ട് ഇനി കിട്ടില്ല; തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള 160 കോടി ഇന്ത്യയ്ക്ക് തരില്ല; മസ്‌കിന്റെ നിര്‍ദ്ദേശം അംഗീകരിച്ച് ഉത്തരവില്‍ ഒപ്പിട്ട് ട്രംപ്
വാഷിങ്ടണ്‍ ഡി.സി: ഇന്ത്യയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം അമേരിക്ക റദ്ദാക്കി. സാമ്പത്തിക സഹായം നല്‍കിയിരുന്നതിനെ ചോദ്യം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നിരുന്നു തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പുവരുത്താനെന്ന പേരില്‍ 160 കോടി രൂപയാണ് അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിക്കൊണ്ടിരുന്നത്. ഈ സഹായം ഡൊണാള്‍ഡ് ട്രംപ് റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ട്രംപ് ദിവസങ്ങള്‍ക്ക് മുമ്പാണ് കൂടിക്കാഴ്ച നടത്തിയത്. പിന്നാലെയാണ് സാമ്പത്തിക സഹായം റദ്ദാക്കിയത്. ഒരു തരത്തില്‍ ഇന്ത്യയെ സാമ്പത്തിക ശക്തിയായി അംഗീകരിച്ചാണ് നടപടി.
സര്‍ക്കാരിന്റെ ചെലവ് കുറയ്ക്കല്‍ വിഭാഗമായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി അഥവാ ഡോജ് ആണ് ഇന്ത്യയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് നല്‍കിയത്. സാമ്പത്തിക വളര്‍ച്ചയുള്ള, ഉയര്‍ന്ന നികുതി ചുമത്തുന്ന ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്തിന് അമേരിക്കയുടെ സാമ്പത്തിക സഹായത്തിന്റെ ആവശ്യമില്ലെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. ''എന്തിനാണ് നമ്മള്‍ ഇന്ത്യയ്ക്ക് പണം കൊടുക്കുന്നത്. അവരുടെ കൈവശം ധാരാളം പണമുണ്ട്. നമ്മളെ സംബന്ധിച്ച് ലോകത്തിലേറ്റവും കൂടുതല്‍ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഉയര്‍ന്ന നികുതി മൂലം അമേരിക്കയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും തനിക്ക് ബഹുമാനമുണ്ട്, പക്ഷെ വോട്ടര്‍മാരുടെ പങ്കാളിത്തമുറപ്പാക്കാന്‍ 21 മില്യണ്‍ ഡോളര്‍ ( 160 കോടി രൂപ) എന്തിന് കൊടുക്കണം''- ട്രംപ് ചോദിച്ചു. ഇന്ത്യയ്ക്കുള്ള ധനസഹായം നിര്‍ത്തലാക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെക്കുന്ന സമയത്ത് ട്രംപ് പ്രതികരിച്ചത് ഇങ്ങനെയാണ്.
യു.എസ്. സര്‍ക്കാരിന്റെ ചെലവുചുരുക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുതായി രൂപവത്കരിച്ച വിഭാഗമാണ് ഡോജ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 'സേവ് അമേരിക്ക' പ്രസ്ഥാനത്തിന്റെ ഭാഗമായാണ് പുത്തന്‍ വിഭാ?ഗവുമായി ട്രംപ് രംഗത്തിറങ്ങിയത്. ആദ്യം ആണവായുധം നിര്‍മിക്കുന്നതിനായി രൂപവത്കരിച്ച 'മന്‍ഹാട്ടന്‍ പ്രോജക്ടു'മായാണ് അദ്ദേഹം ഡോജിനെ ഉപമിച്ചത്. പ്രധാന ലക്ഷ്യം സര്‍ക്കാരിന്റെ ചെലവ് ചുരുക്കലാണെങ്കിലും ചുവപ്പുനാടയില്ലാതാക്കുക, നിയന്ത്രണങ്ങളുടെ കടുപ്പം കുറയ്ക്കുക, സര്‍ക്കാര്‍ ഏജന്‍സികളെ പുതുക്കിപ്പണിയുക എന്നീ ദൗത്യങ്ങളും ഡോജ് നിര്‍വഹിക്കും. ഫെബ്രുവരി 16നാണ് ഇലോണ്‍ മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജ് ഇന്ത്യയ്ക്ക് നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചത്. അമേരിക്കന്‍ പൗരന്മാരുടെ നികുതി പണം ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കാനുള്ളതല്ല എന്ന് വ്യക്തമാക്കിയാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് വിവിധ പേരില്‍ നല്‍കിയിരുന്ന സാമ്പത്തിക സഹായം ഡോജ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.
തങ്ങള്‍ അടയ്ക്കുന്ന നികുതി പണം പുറംനാടുകളിലേക്ക് പോകുന്നതില്‍ അമേരിക്കയില്‍ വലിയൊരു ഭൂരിപക്ഷത്തിന് എതിര്‍പ്പുകളുണ്ടായിരുന്നു. ഇത്തരം തുക കൃത്യമായല്ല വിനിയോഗിക്കുന്നതെന്ന പരാതിയുമുണ്ടായിരുന്നു. വോട്ടെടുപ്പില്‍ ജനങ്ങളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബോധവത്ക്കരണത്തിന്റെ ഭാ?ഗമായി ഇന്ത്യയ്ക്ക് നല്‍കിയിരുന്ന 21 മില്യണ്‍ ഡോളറിന്റെ സഹായം നിര്‍ത്തലാക്കിയതായി ഡോജ് അറിയിച്ചിരുന്നു. മസ്‌ക് നേതൃത്വം നല്‍കുന്ന ഡോജിന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ട് വഴിയാണ് തീരുമാനം പുറത്തുവിട്ടത്. യുഎസിലെ നികുതിദായകരുടെ പണം താഴെ പറയുന്ന ആവശ്യങ്ങള്‍ക്കായി ചെലവഴിച്ചിരുന്നു. എന്നാല്‍ ഇവയെല്ലാം റദ്ദാക്കിയിരിക്കുകയാണ് എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യക്കു പുറമെ, നേപ്പാള്‍, കംബോഡിയ, സെര്‍ബിയ, ദക്ഷിണാഫ്രിക്ക, ലൈബീരിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള സഹായവും നിര്‍ത്തലാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രക്രിയ ശക്തമാക്കുന്നതിനടക്കം കണ്‍സോര്‍ഷ്യത്തില്‍നിന്ന് വകയിരുത്തിയ 486 മില്യണ്‍ ഡോളറിന്റെ ഭാഗമായി ഇന്ത്യക്കു നല്‍കിയിരുന്ന 21 മില്യന്റെ സഹായം റദ്ദാക്കുന്നുവെന്നാണ് ഡോജ് പറയുന്നത്. സര്‍ക്കാരിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും അമേരിക്കക്കാരുടെ നികുതി പണം വിദേശ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന്റെയും ഭാഗമാണ് നടപടിയെന്നും പോസ്റ്റിലുണ്ട്. യു.എസ്. സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി ദിവസങ്ങള്‍ക്കു ശേഷമാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. ഇലോണ്‍ മസ്‌കുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം, റദ്ദാക്കിയ ഫണ്ടിനെ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ബാഹ്യ ഇടപെടല്‍ എന്നാണ് ബി.ജെ.പിയുടെ സാമൂഹിക മാധ്യമവിഭാഗം ചുമതലയുള്ള അമിത് മാളവ്യ വിമര്‍ശിച്ചത്. വോട്ടുചെയ്യാന്‍ ഇന്ത്യയിലെ ജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ 21 മില്യണ്‍ ഡോളറോ, ഇത് ഇന്ത്യയുടെ തിരഞ്ഞെടുപ്പ് പ്രക്രിയയിലെ ബാഹ്യ ഇടപെടലാണ്. ആരാണ് ഇതില്‍നിന്ന് നേട്ടം കൊയ്യുന്നത്. അത് ഭരിക്കുന്ന പാര്‍ട്ടിയല്ലാ എന്ന് ഉറപ്പാണ്, അദ്ദേഹം എക്‌സില്‍ കുറിച്ചു.