സഞ്ജു സാംസണിന്റെ വിജയത്തില്‍ ആവേശം പങ്കുവെച്ച് ഭാര്യ ചാരുലത രമേഷ്; പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ട്രോഫി ഭാര്യയ്ക്ക് സമ്മാനിച്ചു സഞ്ജു; ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്കൊപ്പം മൈതാനത്ത് വിജയാഘോഷത്തില്‍ ചാരുലതയും; 'സഞ്ജു ഇന്നുവരെ സെല്‍ഫിഷായിട്ടില്ല, കളിച്ചതെല്ലാം ടീമിന് വേണ്ടിയെന്ന്' പിതാവ് സാംസണും; ലോകകപ്പ് വിജയം ആഘോഷിച്ചു സാംസണ്‍ കുടുംബം

സഞ്ജു സാംസണിന്റെ വിജയത്തില്‍ ആവേശം പങ്കുവെച്ച് ഭാര്യ ചാരുലത രമേഷ്

Update: 2026-03-09 01:43 GMT

അഹമ്മദാബാദ്്: ട്വന്റി-20 ലോകകപ്പ് കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടപ്പോള്‍ ആഘോഷിക്കാന്‍ കളിക്കാരുടെ കുടുംബങ്ങളും ഇന്നലെ നരേന്ദ്ര മോദി സ്‌റ്റേഡിയം മൈതാനത്ത് ഉണ്ടായിരുന്നു. ഇന്ത്യയെ കീരിടം അണിയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം സഞ്ജു സാംസന്റെ ഭാര്യയും അഹമ്മദാബാദിലെ മൈതാനത്ത് ഉണ്ടായിരുന്നു. സഞ്ജു സാംസണിന്റെ വിജയത്തില്‍ ആവേശം പങ്കുവെച്ച് ഭാര്യ ചാരുലത രമേഷ്. ഒപ്പം നിന്നു. സഞ്ജുവിന്റെ കരിയറിലെ ഉയര്‍ച്ചതാഴ്ചകളില്‍ വലിയ പിന്തുണയുമായി എന്നും ചാരുലത ഒപ്പമുണ്ടായിരുന്നു.

ലോകകപ്പ് വിജയത്തിന് പിന്നാലെ ടീം അംഗങ്ങള്‍ക്കൊപ്പം മൈതാനത്ത് വിജയാഘോഷത്തില്‍ ചാരുലതയും പങ്കുചേര്‍ന്നു. സഞ്ജുവിന്റെ കുടുംബാംഗങ്ങളും മറ്റ് താരങ്ങളുടെ പങ്കാളികളും ഗാലറിയില്‍ സജീവമായിരുന്നു. തനിക്ക് ലഭിച്ച പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് ട്രോഫി ഭാര്യക്ക് സമ്മാനിച്ചു. ടീം ബസില്‍ സഞ്ജുവിന്റെ ട്രോഫി നെഞ്ചോട് അടുക്കിയ ചാരുലതയെ കാണാം. ഈ ചിത്രം ചാരുലത ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ നെറുകയില്‍ സഞ്ജു നില്‍ക്കുമ്പോള്‍, കേരളത്തിലെ ആരാധകരും ഈ വിജയത്തെ വലിയ ആവേശത്തോടെയാണ് വരവേല്‍ക്കുന്നത്. ബിസിസിഐയുടെ ഔദ്യോഗിക വിരുന്നിന് ശേഷം സഞ്ജുവും ചാരുലതയും ഉടന്‍ തന്നെ കേരളത്തിലേക്ക് മടങ്ങും. സഞ്ജുവിന്റെ വരവിനായി കാത്തിരിക്കയാണ് മലയാളികള്‍. വീരോചിതമായി വരുന്ന സഞ്ജുവിനെ കാത്തിരിക്കയാണ് മലയാളികള്‍. ഇന്നലെ രാത്രി നീണ്ട ആഘോഷമായിരുന്നു കേരളത്തിലെ നഗരങ്ങളില്‍.

സഞ്ജുവിന്റെ കുടുംബം മുഴുവന്‍ സന്തോഷത്തിലാണ്. ടി20 ലോകകപ്പ് ഫൈനലിലെ സഞ്ജുവിന്റെ മിന്നും പ്രകടനത്തിന് പിന്നാലെ ഇന്ത്യ കപ്പുയര്‍ത്തിയതില്‍ പ്രതികരണവുമായി സഞ്ജുവിന്റെ അച്ഛന്‍ സാംസണും രംഗത്തുവന്നിരുന്നു. അവന്‍ ചെയ്യേണ്ടതെല്ലാം ചെയ്തു. കരുതി കളിച്ച് മുന്നേറിയതാണെന്നും സഞ്ജുവിന്റെ അച്ഛന്‍ പറഞ്ഞു. അവന് വേണ്ടി ഇന്നുവരെ അവന്‍ ക്രിക്കറ്റ് കളിച്ചിട്ടില്ല. ടീമിന് വേണ്ടിയാണ് സഞ്ജു കളിക്കുന്നതെന്നും സാംസണ്‍ പറഞ്ഞു.

'ഇന്ന് എന്റെ മകന് അംഗീകാരം ലഭിച്ചു. അതിലെനിക്ക് സന്തോഷമുണ്ട്. എന്റെ ഏറെ നാളത്തെ ആഗ്രമാണ് ഇന്ന് സാധിച്ചത്. ടീമില്‍ സഞ്ജു സ്ഥിര സാന്നിധ്യമാകാത്തത് അവന്റെ കുഴപ്പം കൊണ്ടല്ല. സഞ്ജു ടീമിന് വേണ്ടിയാണ് കളിക്കുന്നത്. അതുകൊണ്ടാണ് അവനിങ്ങനെയായത്. അവനുവേണ്ടി കളിക്കുകയായിരുന്നെങ്കില്‍ അവനിങ്ങനെയാകുമായിരുന്നില്ല. ടീമില്‍ സ്ഥിര സാന്നിധ്യം നേരത്തെയാകുമായിരുന്നു. സഞ്ജു തുടക്കം മുതല്‍ ഇങ്ങനെ തന്നെയായിരുന്നു. അവന്‍ മാറിയിട്ടില്ല. ചെന്നൈയില്‍ പോയാലും സഞ്ജു ഇങ്ങനെ തന്നെയായിരിക്കും', സഞ്ജുവിന്റെ അച്ഛന്റെ വാക്കുകള്‍.

അതേസമയം, സംസ്ഥാന ഗവണ്‍മെന്റ് സഞ്ജുവിനെയും കുടുംബത്തെയും ആദരിക്കുമെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. സഞ്ജു അതുല്യനായ കായിക പ്രതിഭ മാത്രമല്ലെന്നും വളരെ വലിയ കായിക സംസ്‌കാരത്തിന്റെ ഉടമ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. വലിയ കളിക്കാരന്‍ ആകുമ്പോള്‍ നാട്ടില്‍നിന്ന് അകന്നു പോകരുതെന്ന അച്ഛന്റെ പരിശീലനം ഉണ്ട്. മികച്ച കളിക്കാരനായി പരിശീലിപ്പിച്ചതിന്റെ കൂട്ടത്തില്‍ മികച്ച മനുഷ്യന്‍ കൂടിയായി ആ അച്ഛന്‍ മാറ്റിയിട്ടുണ്ട്. യഥാര്‍ഥ പ്രതിഭകളെ പല സമയത്തും അംഗീകരിക്കാത്ത ദൂഷ്യ പ്രവണത ഉണ്ട്. സഞ്ജു അതെല്ലാം തരണം ചെയ്തു വന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഞ്ജു സാംസന്റെ തകര്‍പ്പന്‍ ഇന്നിംഗ്സാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 46 പന്തില്‍ സഞ്ജു 89 റണ്‍സ് നേടി. ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ എന്നിവരുടെ അര്‍ധ സെഞ്ച്വറി പിന്നിട്ട പ്രകടനങ്ങളും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി. മറുപടി ബാറ്റിങില്‍ ബാറ്റ് ചെയ്യാനിറങ്ങിയ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് പുറത്തായി. നാല് വിക്കറ്റ് നേടി ജസ്പ്രിത് ബുംമ്രയാണ് കിവീസിന്റെ ചിറകരിഞ്ഞത്. 26 പന്തില്‍ 52 റണ്‍സ് നേടി സീഫെര്‍ട്ട് ന്യൂസിലന്‍ഡിന്റെ ടോപ് സ്‌കോററായി. മൂന്നാം കിരീട നേട്ടത്തിലൂടെ ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ തവണ ചാമ്പ്യന്മാരായെന്ന നേട്ടവും ഇന്ത്യന്‍ ടീമിന് സ്വന്തമാകുകയാണ്.

Tags:    

Similar News