റിയാദില്‍ നടന്ന ആദ്യ ഘട്ടത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അതിര്‍ത്തി പട്രോളിംഗ് നിര്‍ദേശം തള്ളി റഷ്യ; യുക്രൈനെ നാണം കെടുത്തുന്ന അനേകം ആവശ്യങ്ങളും മുന്‍പോട്ട് വച്ചു; അവരെന്ത് തീരുമാനിച്ചാലും തങ്ങള്‍ക്ക് ബാധകമല്ലെന്ന് പ്രഖ്യാപിച്ച് പൊട്ടിത്തെറിച്ച് സെലന്‍സ്‌കി
റിയാദ്: റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന ചര്‍ച്ചകളില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമറുടെ നിര്‍ദ്ദേശങ്ങള്‍ തള്ളി റഷ്യ. അതിര്‍ത്തിയില്‍ നാറ്റോ സഖ്യരാജ്യങ്ങള്‍ പട്രോളിംഗ് നടത്തണമെന്നായിരുന്നു കീര്‍സ്റ്റാമര്‍ നിര്‍ദ്ദേശിച്ചത്. ഇത് ഒരു കാരണവശലും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവറോവ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് സംഘര്‍ഷം രൂക്ഷമാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ എന്നാണ് റഷ്യയിലെ വിദേശകാര്യ സഹമന്ത്രിയായ അലക്സാണ്ടര്‍ ഗ്രുഷ്‌ക്കോയും അഭിപ്രായപ്പെടുന്നത്.
വെടിനിര്‍ത്തല്‍ കരാറുമായി ബന്ധപ്പെട്ട് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ യുക്രൈനിലേക്ക് സൈന്യത്തെ അയയ്ക്കാന്‍ തയ്യാറാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സൗദിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ റഷ്യയുടേയും അമേരിക്കയുടേയും പ്രതിനിധികള്‍ പങ്കെടുക്കുകയാണ്. ഈസ്റ്ററിന് മുമ്പ് യുദ്ധം ഒത്തുതീര്‍പ്പാക്കാനാണ് അമേരിക്കയുടെ ശ്രമം. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കേല്‍ വാള്‍ട്സും മധ്യപൂര്‍വേഷ്യന്‍ കാര്യങ്ങള്‍ക്കായുള്ള പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും സൗദിയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണ്. വളരെ കഠിനമായ ഒരു യാത്രയുടെ തുടക്കം മാത്രമാണ് ഇതെന്നാണ് അമേരിക്കന്‍ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയത്. ഒത്ത്തീര്‍പ്പ് ധാരണകള്‍ യുക്രൈന് മേല്‍ അടിച്ചേല്‍പ്പിച്ചു എന്ന ധാരണ ഉണ്ടാകാതിരിക്കാനാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ആഗ്രഹിക്കുന്നത്.
എന്നാല്‍ യുക്രൈനെ സമാധാന ചര്‍ച്ചകളില്‍ എന്ത് കൊണ്ട് പങ്കെടുപ്പിക്കുന്നില്ല എന്ന ചോദ്യവും ഉയരുകയാണ്. അതിനിടെ അടുത്ത ബുധനാഴ്ച സൗദി അറേബ്യയിലേക്ക് നടത്താനിരുന്ന സന്ദര്‍ശനം മാറ്റിവെച്ചതായി യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി അറിയിച്ചു. അതേ സമയം ഡൊണാള്‍ഡ് ട്രംപും വ്ളാഡിമിര്‍ പുട്ടിനും എന്നാണ് നേരിട്ട് ചര്‍ച്ച നടത്തുന്നത് എന്ന കാര്യത്തില്‍ ഇനിയും തീരുമാനം ആയിട്ടില്ല. അമേരിക്കന്‍ പ്രതിനിധികളുമായി നടന്ന ചര്‍ച്ച വിജയകരമായിരുന്നു എന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവറോവ് വ്യക്തമാക്കിയത്.
യുക്രൈനില്‍ റഷ്യ കൈയ്യടക്കിയ സ്ഥലങ്ങള്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ അമേരിക്കന്‍ പ്രതിനിധികള്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അതേ സമയം റിയാദില്‍ ചേര്‍ന്ന യു.എസ്. - റഷ്യ ചര്‍ച്ചയെ വിമര്‍ശിച്ച് യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി രംഗത്തെത്തി. യുക്രൈയിന്‍ പ്രാതിനിധ്യമില്ലാതെ യുക്രൈന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നുവെന്ന് സെലന്‍സ്‌കി വിമര്‍ശിച്ചു. തുര്‍ക്കിയിലെ അങ്കാറയില്‍ വെച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം വിമര്‍ശനമുന്നയിച്ചത്. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനും അദ്ദേഹത്തിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
സമാധാനം പുലരണമെന്നുണ്ടെങ്കില്‍ ഇനിയൊരു തെറ്റും ആവര്‍ത്തിക്കാതിരിക്കേണ്ടുണ്ടെന്നും മധ്യസ്ഥ ചര്‍ച്ചയില്‍ അമേരിക്ക, യൂറോപ്പ്, യുക്രൈന്‍ അടക്കമുള്ളവര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ടതുണ്ടെന്നും സെലന്‍സ്‌കി പറഞ്ഞു. തുര്‍ന്നുള്ള യു.എസ്. - റഷ്യ - യുക്രൈന്‍ സമാധാന ചര്‍ച്ച തുര്‍ക്കിയില്‍ വെച്ച് സമാധാന നടത്താനുള്ള എല്ലാ വാഗ്ധാനങ്ങളും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് നല്‍കി.
റഷ്യ -യു.എസ്. ചര്‍ച്ചയില്‍ യുക്രൈനിനെ പങ്കെടുപ്പിക്കാത്തതിനെക്കുറിച്ച് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു. യുക്രൈനെ നാണം കെടുത്തുന്ന അനേകം നിര്‍ദ്ദേശങ്ങളാണ് സൗദിയില്‍ നടന്ന ചര്‍ച്ചകളില്‍ ഉണ്ടായതെന്നാണ് സെലന്‍സ്‌ക്കിയുടെ നിലപാട്.