ഇനി മുതല്‍ എല്ലാ എക്സിക്യൂട്ടീവ് അധികാരവും പ്രസിഡന്റില്‍ നിക്ഷിപ്തം; മസ്‌കിന്റെ നിര്‍ദ്ദേശം ശിരസാ വഹിച്ച് ട്രംപ്; അമേരിക്കന്‍ കോണ്‍ഗ്രസിന് ഇനി പരിമിത അധികാരങ്ങള്‍ മാത്രം; യുഎസില്‍ ട്രംപ് സര്‍വ്വശക്തനാകുമ്പോള്‍
വാഷിങ്ടണ്‍: അമേരിക്കന്‍ കോണ്‍ഗ്രസിന് മേല്‍ ആധിപത്യം ഉറപ്പിച്ച് ശക്തമായ നീക്കവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം ട്രംപ് ഇക്കാര്യം ഉറപ്പിച്ച് കൊണ്ട് എക്സിക്യൂട്ടീവ് ഉത്തരവും പുറത്തിറക്കി. ഇനി മുതല്‍ എല്ലാ എക്സിക്യൂട്ടീവ് അധികാരവും പ്രസിഡന്റില്‍ നിക്ഷിപ്തമാണ് എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവാണ് ട്രംപ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഇതനുസരിച്ച് ഇനി മുതല്‍ പ്രസിഡന്റിനും അറ്റോര്‍ണി ജനറലിനും നിയമം വ്യാഖ്യാനിക്കാന്‍ അധികാരം ഉണ്ടായിരിക്കും. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്റെയും ജുഡീഷ്യറിയുടേയയും മേല്‍നോട്ടത്തില്‍ നിന്ന് ട്രംപ് ഒഴിവാകും. ഇനി മുതല്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളും പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടു വരുമ്പോള്‍ അവ അവലോകനം ചെയ്യുന്നതിനായി വൈറ്റ്ഹൗസിന് സമര്‍പ്പിക്കണം. കൂടാതെ ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റ് സര്‍ക്കാര്‍ പണം ബുദ്ധിപൂര്‍വ്വമാണ് ചെലവഴിക്കുന്നത് എന്ന് ഉറപ്പാക്കുകയും ചെയ്യും.
ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന്‍, ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ തുടങ്ങിയ ഏജന്‍സികളെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് കരുതപ്പെടുന്നത്. പ്രസിഡന്റിന്റെ അംഗീകാരമില്ലാതെ വിവാദപരമായ നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമായി കോടിക്കണക്കിന് രൂപ ഇവര്‍ ചെലവഴിക്കുന്നുണ്ടെന്നതായി വൈറ്റ്ഹൗസ് കണ്ടെത്തിയിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും പണം അനാവശ്യമായി ചെലവാക്കുന്നത് തടയാനുമായി ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സമിതിയായ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സിയുടെ യുടെ കൂടി നിര്‍ദ്ദേശപ്രകാരമാണ് ട്രംപ് ഇത്തരത്തില്‍ ഒരു കടുത്ത നടപടിയിലേക്ക് പോയതെന്നാണ് പറയപ്പെടുന്നത്.
അമേരിക്കന്‍ പ്രസിഡന്റിന് വിശാലമായ അധികാരം നല്‍കുന്ന യൂണിറ്ററി എക്സിക്യൂട്ടീവ് തിയറി അനുസരിച്ചാണ് ട്രംപ് സര്‍ക്കാര്‍ ഈ തീരുമാനം എടുത്തിട്ടുള്ളത്. അമേരിക്കന്‍ ഭരണഘടനയില്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ നിര്‍വ്വചിക്കുന്ന ആര്‍ട്ടിക്കിള്‍ രണ്ട് പ്രകാരം എക്സിക്യൂട്ടീവ് വിഭാഗത്തിലെയും മേല്‍ അമേരിക്കന്‍ പ്രസിഡന്റിന് പൂര്‍ണ അധികാരം ഉണ്ടായിരിക്കുന്നതാണ് എന്നതാണ്. സ്വതന്ത്ര ഏജന്‍സികളുടെ തലവന്‍മാരെ പോലും ഇതനുസരിച്ച് പിരിച്ചു വിടാനുള്ള അധികാരം പ്രസിഡന്റിനുണ്ട്. ഇക്കാര്യത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന് പോലും ഇടപെടാന്‍ കഴിയുകയില്ല.
ഇത്തരം ഒരു മാറ്റത്തിലൂടെ സര്‍ക്കാരിന് അമേരിക്കന്‍ ജനതയോടുള്ള ഉത്തരവാദിത്തം കാട്ടാന്‍ അവസരം ലഭിക്കുന്നു എന്നാണ് ട്രംപ് വിശദീകരിക്കുന്നത്. നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിന്റെയും ഗവണ്‍മെന്റ് എത്തിക്‌സ് ഓഫീസിന്റെയും തലവന്മാരുടെ പദവികള്‍ അദ്ദേഹം റദ്ദാക്കിയിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ തന്റെ രണ്ടാമൂഴത്തില്‍ അതിശക്തനാകാനുള്ള ട്രംപിന്റെ നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നത് എന്നാണ് സൂചന. കഴിഞ്ഞ മൂന്നാഴ്ചക്കിടയില്‍ നിരവധി എക്സിക്യൂട്ടീവ് ഉത്തരവുകളാണ് ട്രംപ് പുറപ്പെടുവിച്ചിട്ടുള്ളത്.
അവയില്‍ പലതും ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞു. ഈ തീരുമാനവും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്. ട്രംപിന്റെ ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നില്‍ ഇലോണ്‍ മസ്‌ക്കാണ് എന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്.