അമേരിക്കയില്‍ ഡോജിന്റെ ചെലവ് ചുരുക്കല്‍ നയം കടുപ്പിച്ചു; കൂട്ടപിരിച്ചുവിടലില്‍ ജീവനക്കാര്‍ക്ക് കടുത്ത അതൃപ്തി; വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ഇലോണ്‍ മസ്‌ക്ക്; കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യം പാപ്പരായി പോകുമെന്ന് വിശദീകരണം

വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ഇലോണ്‍ മസ്‌ക്ക്

Update: 2025-02-27 09:58 GMT

ന്യൂയോര്‍ക്ക്: നിരന്തരമായി തനിക്ക് വധഭീഷണി ഉണ്ടെന്ന വെളിപ്പെടുത്തലുമായി ലോകകോടീശ്വരനും അമേരിക്കന്‍ സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി തലവനുമായ ഇലോണ്‍ മസ്‌ക്ക്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ആദ്യമായി നടത്തിയ മന്ത്രിസഭാ യോഗത്തിലാണ് മസ്‌ക് ഇക്കാര്യം പറഞ്ഞത്. ഡോജിന്റെ പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഇത്തരത്തില്‍ ഭീഷണി ഉയരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡോജിന്റെ ചെലവ് ചുരുക്കല്‍ നയത്തെ കുറിച്ച് അദ്ദേഹം മന്ത്രിസഭാ യോഗത്തില്‍ വിശദീകരണം നല്‍കി. ഇത്തരത്തില്‍ ഒരു കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ രാജ്യം പാപ്പരായി പോകുമെന്നും മസ്‌ക് മുന്നറിയിപ്പ് നല്‍കി. ഒരു രാജ്യം എന്ന നിലയില്‍ അമേരിക്കയ്ക്ക് രണ്ട് ട്രില്യണ്‍ കമ്മി തുടര്‍ന്ന് കൊണ്ട് പോകാന്‍ കഴിയില്ലെന്ന കാര്യം അദ്ദേഹം ചൂണ്ടക്കാട്ടി. ഇതിനായി ഇപ്പോള്‍ മുതല്‍ സെപ്തംബര്‍ അവസാനം വരെ പ്രതിദിനം നാല് ബില്യണ്‍ ഡോളര്‍ ലാഭിക്കണം. അങ്ങനെ ചെയ്താല്‍ മാത്രമേ അമേരിക്കയ്ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുകയുള്ളൂ എന്നും മസ്‌ക് വിശദീകരിച്ചു.

കഴിഞ്ഞ ഒരാഴ്ച തങ്ങള്‍ എന്ത് ജോലിയാണ് ചെയ്തത് എന്ന് വിശദീകരിക്കാന്‍ ആവശ്യപ്പെട്ട് മസ്‌ക് അമേരിക്കയിലെ 23 ലക്ഷത്തോളം ജീവനക്കാര്‍ക്ക് മെയില്‍ അയച്ചത് വിവാദമായി മാറിയിരുന്നു. മെയിലിന് മറുപടി നല്‍കാത്ത 10 ലക്ഷത്തോളം ഉദ്യോഗസ്ഥരെ പിരിച്ചു വിടുമെന്ന് ട്രംപും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ നിരവധി പ്രമുഖരായ ഉദ്യോഗസ്ഥര്‍ ജോലി

രാജി വെച്ചിരുന്നു.

അതേ സമയം ഡോജിന്റെ ചെലവ് ചുരുക്കല്‍ നടപടികളില്‍ ചില പിഴവുകള്‍ സംഭവിച്ചതായി മന്ത്രിസഭായോഗത്തില്‍ മസ്‌ക് സമ്മതിക്കുകയും

ചെയ്തു. മഹാമാരിയായ എബോളയുടെ പ്രതിരോധത്തിനുള്ള സാമ്പത്തിക സഹായം ആദ്യം നിര്‍ത്തി വെച്ചിരുന്നു എങ്കിലും പിന്നീട് പുനരാരംഭിച്ച കാര്യവും മസ്‌ക് എടുത്തു പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച ട്രംപ് ആകട്ടെ മസ്‌ക്കിന്റെ പ്രവര്‍ത്തികളില്‍ ഇക്കൂട്ടത്തില്‍ ആരെങ്കിലും അതൃപ്തര്‍ ആണെങ്കില്‍ അവരെ പുറത്താക്കുമെന്നും പ്രഖ്യാപിച്ചു.

പിന്നീട് താന്‍ തമാശ പറഞ്ഞതാണെന്ന് ട്രംപ് സഹപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞയാഴ്ച സമൂഹ മാധ്യമമായ എക്സിലൂടെ

വധഭീഷണി മുഴക്കിയതിന് ഡേവിഡ് ചെറി എന്നയാളെ പിടികൂടിയിരുന്നു. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു.

Tags:    

Similar News