പത്ത് വര്‍ഷത്തിനകം മൂന്നാം ലോകമഹായുദ്ധം; അമേരിക്കയും റഷ്യയും ചൈനയും എല്ലാം ഈ യുദ്ധത്തില്‍ അണിചേരും; അണുവായുധം ഉപയോഗിക്കും; 2035ല്‍ കാലാവസ്ഥാ വ്യതിയാനവും വില്ലനാകും; അടുത്ത പത്തു വര്‍ഷം നിര്‍ണ്ണായകം; ലോക മഹായുദ്ധത്തിന് സാധ്യത ഏറെ
ഒരു മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമോ എന്ന കാര്യ ഇപ്പോള്‍ സജീവ ചര്‍ച്ചയിലാണ്. റഷ്യയും യുക്രൈനും തമ്മില്‍ നടത്തുന്ന യുദ്ധവും പശ്ചിമേഷ്യയിലെ പ്രശ്നങ്ങളും എല്ലാം വിരല്‍ ചൂണ്ടുന്നത് ഈയൊരു ദിശയിലേക്കാണ്. അന്താരാഷ്ട്ര വിഷയങ്ങളില്‍ വിദഗ്ധരായ 357 പേര്‍ പറയുന്നത് മൂന്നാം ലോകമഹായുദ്ധം അനിവാര്യമാണെന്നാണ്.
അടുത്ത പത്ത് വര്‍ഷത്തിനകം മൂന്നാം ലോകമഹായുദ്ധം ഉണ്ടാകും എന്നും അവര്‍ വിലയിരുത്തുന്നു. അമേരിക്കയും റഷ്യയും ചൈനയും എല്ലാം ഈ യുദ്ധത്തില്‍ അണിചേരുമെന്നാണ് ഇവര്‍ പ്രവചിക്കുന്നത്. ഈ അന്താരാഷ്ട്ര വിദഗ്ധരില്‍ പത്തില്‍ നാല് പേരും മൂന്നാം ലോകമഹായുദ്ധം ഉണ്ടാകുമെന്നാണ് അഭിപ്രായപ്പെടുന്നത്. യുദ്ധത്തി്ല്‍ വന്‍ തോതില്‍ ആണവായുധങ്ങള്‍ ഈ രാജ്യങ്ങള്‍ ഉപയോഗിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ബഹിരാകാശത്ത് നിന്നും ഭൂമിയിലേക്ക് ആക്രമണം ഉണ്ടാകുമെന്ന് വിദഗ്ധര്‍ പറയുന്നു.
2019 ല്‍ ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് തന്നെ അമേരിക്ക സ്പേസ് ഫോഴ്സ് നിര്‍മ്മിച്ച കാര്യവും അവര്‍ ചൂണ്ടിക്കാട്ടുന്നു. അമേരിക്കയുടെ ബഹിരാകാശ സംവിധാനങ്ങള്‍ക്ക് നേരേ ഏതെങ്കിലും തരത്തില്‍ ഭീഷണി ഉണ്ടായാല്‍ അതിനെ നേരിടുന്നതിനായിട്ടാണ് സ്പേസ് ഫോഴ്സ് രൂപീകരിച്ചതെന്നാണ് അമേരിക്ക വ്യക്തമാക്കിയിരുന്നത്. കാലാവസ്ഥാ വ്യതിയാനം ആയിരിക്കും 2035 ല്‍ ലോകം നേരിടാന്‍ പോകുന്ന മറ്റൊരു വന്‍ ഭീഷണി എന്നാണ് 10 വിദഗ്ധരില്‍ മൂന്ന് പേരും പറയുന്നത്.
ലോകജനസംഖ്യയെ തന്നെ ദോഷകരമായി ബാധിക്കുന്ന ഒരു മഹാമാരിയുെട വരവാണ് ഇവര്‍ മുന്‍കൂട്ടി കാണുന്നത്. ആഗോള തലത്തില്‍ 2035 ഓടെ വലിയൊരു സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്നും വിദഗ്ധര്‍ പ്രവചിക്കുന്നു. വാഷിംഗ്ടണ്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അറ്റ്ലാന്റിക് കൗണ്‍സില്‍ എന്ന പ്രസ്ഥാനമാണ് ഇക്കാര്യത്തില്‍ പ്രമുഖരുടെ അഭിപ്രായം തേടിയത്. നിലവിലെ അവസ്ഥകളുടെ പ്രത്യാഘാതം 10 വര്‍ഷം കഴിഞ്ഞാല്‍ എങ്ങനെ ആയിരിക്കും പ്രതിഫലിക്കുക എന്നതായിരുന്നു 357 വിദഗ്ധരുടെ അഭിപ്രായത്തിനായി നല്‍കിയത്.
റഷ്യയുമായി തുടരുന്ന യുദ്ധവുമായി ബന്ധപ്പെട്ട് യുക്രൈനോട് അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇത് മൂന്നാം ലോക മഹായുദ്ധത്തിന് വഴി വെയ്ക്കുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ലോകമഹായുദ്ധം ഉണ്ടായാല്‍ അത് യുക്രൈന് മാത്രമല്ല അമേരിക്കക്കും ദോഷകരമാകാനാണ് സാധ്യത. മൂന്നാം ലോകമഹായുദ്ധമാണ് അടുത്ത 10 വര്‍ഷത്തിനിടെ ലോകം നേരിടാന്‍ പോകുന്ന പ്രതിസന്ധിയെന്ന് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മറ്റൊരു വലിയ വിഭാഗം കാലാവസ്ഥ വ്യതിയാനമായിരിക്കും ഭീഷണി ഉയര്‍ത്തുക എന്നാണ് ചൂണ്ടിക്കാട്ടിയത്.
ആഗോള താപനത്തിന് ഉത്തരവാദികള്‍ മനുഷ്യര്‍ തന്നെയാണ് എന്നാണ് എല്ലാ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. കാലിഫോര്‍ണിയയില്‍ ഈയിടെ ഉണ്ടായ വന്‍ തീപിടുത്തവും അറ്റ്ലാന്റിക്കില്‍ വന്‍ തോതില്‍ വര്‍ദ്ധിച്ചു വരുന്ന കൊടുങ്കാറ്റുകളും എല്ലാം ഇവര്‍ ഇതിനായി ചൂണ്ടിക്കാട്ടുന്നു. നിര്‍മ്മിത ബുദ്ധി ഭാവിയില്‍ ആളുകളുടെ ജോലി സാധ്യതകള്‍ ഇല്ലാതാക്കുമെന്ന ആശങ്ക അസ്ഥാനത്താണ് എന്നാണ് പഠനം പറയുന്നത്.