തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയവരില്‍ നൂറു കണക്കിന് ആളുകളെ ഇനിയും വിട്ടയിച്ചിട്ടില്ല; ഇരുനൂറിലധികം പേര്‍ ഇപ്പോഴും വിഘടനവാദികളുടെ കസ്റ്റഡിയില്‍; ഓരോരുത്തരെയായി വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി
ക്വറ്റ: ബലൂചിസ്താന്‍ പ്രവിശ്യയില്‍ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി തീവണ്ടി ആക്രമിച്ച് ബന്ദികളാക്കിയവരില്‍ നൂറു കണക്കിന് ആളുകളെ ഇനിയും വിട്ടയിച്ചിട്ടില്ല. ഇരുനൂറിലധികം പേര്‍ ഇപ്പോഴും ഇവരുടെ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് കരുതുന്നത്. ഇവരെ ഓരോരുത്തരെയായി വധിക്കുമെന്നാണ് ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി ഭീഷണി മുഴക്കുന്നത്.
രാവിലെ ഒമ്പതിന് ബലൂചിസ്ഥാനിലെ ക്വെറ്റയില്‍ നിന്ന് ഖൈബര്‍ പഖ്തൂന്‍പ്രവിശ്യയിലെ പെഷവാറിലേക്ക് പോയ ജാഫര്‍ എക്‌സ്പ്രസാണ് തട്ടിയെടുത്തത്. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ബോലനിലെ മുഷ്ഖാഫ് മേഖലയിലായിരുന്നു സംഭവം. പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട മേഖലയില്‍ ട്രെയിന്‍ തുരങ്കത്തിന് സമീപം എത്തിയപ്പോഴാണ് ആക്രമിച്ചത്. ബലൂചിസ്ഥാന്‍ പ്രവിശ്യാ സര്‍ക്കാരും പാക്സൈന്യവും ബന്ദികളെ മോചിപ്പിക്കാനുള്ള ദൗത്യത്തിലാണ്. പാകിസ്ഥാന്‍ സൈനിക നടപടിക്ക് മുതിര്‍ന്നാല്‍ ബന്ദികളെ വധിക്കുമെന്ന് ബിഎല്‍എ വക്താവ് ജിയാന്‍ഡ് ബലൂച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കച് ജില്ലയിലെ പെറു കാന്റി മേഖലയിലെ റെയില്‍വേ ട്രാക്കുകളില്‍ ഒന്ന് പ്രക്ഷോഭകാരികള്‍ തകര്‍ത്തു. എട്ടാം നമ്പര്‍ തുരങ്കത്തിന് സമീപത്തുവച്ച് ട്രെയിനുനേരെ വെടിയുതിര്‍ത്തു. ലോക്കോ പൈലറ്റിനെ കൊലപ്പെടുത്തിയ ശേഷം ബിഎല്‍എ ട്രെയിന്‍ നിയന്ത്രണത്തിലാക്കുകയായിരുന്നു. പാകിസ്ഥാന്റെയും ഇറാന്റെയും അതിര്‍ത്തി മേഖലയിലാണ് ബലൂചിസ്ഥാന്‍ പ്രവിശ്യ. പര്‍വത മേഖലയായതിനാല്‍ പാക് സൈന്യത്തിന് പെട്ടെന്ന് മുന്നേറാനാവില്ല. പ്രക്ഷോഭകാരികളുടെ ആക്രമണം ചെറുക്കാനും ബുദ്ധിമുട്ടാണ്. സ്വതന്ത്ര രാഷ്ട്രത്തിനു വേണ്ടി പോരാടുന്ന വിവിധ സായുധ ഗ്രൂപ്പുകളില്‍ പ്രബലരാണ് ലിബറേഷന്‍ ആര്‍മി.
മോചിപ്പിച്ചവരെ ട്രെയിന്‍ മാര്‍ഗം കച്ചി ജില്ലയിലെ മച്ചിലേക്ക് അയച്ചു. ഇവിടുത്തെ റെയില്‍വേ സ്റ്റേഷനിലെ വെയ്റ്റിംഗ് റൂം താത്ക്കാലിക ആശുപത്രിയാക്കി മാറ്റിയിട്ടുണ്ട്. നിരവധി സ്ത്രീകളും കുട്ടികളും ഇവിടേയ്ക്ക് എത്തിയിട്ടുണ്ട്. ഡോക്ടര്‍മാരും അര്‍ദ്ധസൈനിക വിഭാഗവും മച്ചില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി പേര്‍ക്ക് വെടിയേറ്റിട്ടുണ്ട് എന്നാണ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. പല പോലീസ് ഉദ്യോഗസഥര്‍ക്കും വെടിയേറ്റിട്ടുണ്ട്. ട്രെയിനിലെ കമ്പാര്‍ട്ട്മെന്റുകളിലേക്ക് ഇരച്ചു കയറിയ തീവ്രവാദികള്‍ ആദ്യം ചെയ്തത് സ്ത്രീകളേയും പുരുഷന്‍മാരേയും പ്രത്യേകം പ്രത്യേകമായി മാറ്റുക എന്നതായിരുന്നു. പലരും സീറ്റുകളുടെ അടിയില്‍ ഒളിച്ചിരുന്നാണ് വെടിവെയ്പില്‍ നിന്നും രക്ഷപ്പെട്ടത്.
രോഗികളായ യാത്രക്കാരെ തീവ്രവാദികള്‍ വിട്ടയച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്ന് കിലോമീറ്ററുകളോളം നടന്നാണ് പലരും അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. യാത്രക്കാരുടെ ഐഡന്റിറ്റ്ി കാര്‍ഡുകള്‍ പരിശോധിച്ച തീവ്രവാദികള്‍ സൈനികരായി ജോലി ചെയ്യുന്ന പലരേയും വെടിവെച്ചു കൊന്നതായും സഹയാത്രക്കാര്‍ പറയുന്നു. യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്രാസ് സംഭവത്തെ അപലപിച്ചു. ബന്ദികളാക്കിയ യാത്രക്കാരെ എത്രയും വേഗം വിട്ടയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 80 ഓളം പേരെ രക്ഷപ്പെടുത്തിയതായി സുരക്ഷാസേന വ്യക്തമാക്കി.
നിരവധി തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും അവര്‍ അറിയിച്ചു. നേരത്തേയും ഈ മേഖലയില്‍ തീവ്രവാദി ആക്രമണം ഉണ്ടായ സാഹചര്യത്തില്‍ ഇതു വഴി കടന്ന് പോകുന്ന ട്രെയിനുകളില്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ക്വറ്റയിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു.