അഹങ്കാരികളായ ഭരണാധികാരികളെ കാത്തിരിക്കുന്നത് പതനം; ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കവേ ട്രംപിന് മുന്നറിയിപ്പുമായി ആയത്തുള്ള അലി ഖമേനി; ഇറാനില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും പിന്നില്‍ അമേരിക്കയെന്നും ആരോപണം; ഇറാന്‍ ഭരണകൂടത്തിനെതിരെ ജനരോഷം ഉയരവേ ട്രംപിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിസാ പഹ്ലവിയും
അഹങ്കാരികളായ ഭരണാധികാരികളെ കാത്തിരിക്കുന്നത് പതനം
ടെഹ്റാന്‍: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഇറാനില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയാണെന്ന് കുറ്റപ്പെടുത്തി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. അഹങ്കാരത്തോടെ ലോകത്തെ വിധിക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ തകര്‍ച്ച ഉടന്‍ ഉണ്ടാകുമെന്നും ഖമേനി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ രണ്ടാഴ്ചയായി ഇറാനില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ക്കിടെയാണ് ട്രംപിനെ നേരിട്ട് ലക്ഷ്യം വെച്ചുള്ള ഖമേനിയുടെ പ്രസംഗം പുറത്തുവരുന്നത്. ഇറാനില്‍ വന്‍ പ്രതിഷേധം ഇരമ്പവേയാണ് ഖമേനിയുടെ രംഗപ്രവേശവും.
ചരിത്രത്തിലെ അഹങ്കാരികളായ ഭരണാധികാരികളായ ഫറവോയെയും നിമ്രോദിനെയും ഇറാനിലെ പഴയ രാജാവ് മുഹമ്മദ് റെസ പഹ്ലവിയെയും പോലെ ട്രംപും തകര്‍ന്നു വീഴുമെന്ന് ഖമേനി പറഞ്ഞു. അധികാരത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് ഇത്തരം സ്വേച്ഛാധിപതികള്‍ക്ക് പതനം സംഭവിക്കാറുള്ളതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇറാനില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും പിന്നില്‍ അമേരിക്കയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തെ കെട്ടിടങ്ങള്‍ നശിപ്പിക്കുന്നവര്‍ ട്രംപിനെ പ്രീണിപ്പിക്കാനാണ് ഇത് ചെയ്യുന്നതെന്നും, സ്വന്തം രാജ്യം ഭരിക്കാന്‍ അറിയാത്തവനാണ് ട്രംപെന്നും ഖമേനി പരിഹസിച്ചു.
സബോട്ടേഴ്‌സിനെ കണ്ട് രാജ്യം പിന്നോട്ട് പോകില്ലെന്നും വിദേശികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കൂലിപ്പടയാളികളെ ഇറാന്റെ മണ്ണ് തിരസ്‌കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിഷേധക്കാര്‍ക്ക് നേരെ ഇറാന്‍ സൈന്യം വെടിയുതിര്‍ത്താല്‍ അമേരിക്ക കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അവര്‍ ആ ജനതയോട് മോശമായി പെരുമാറിയാല്‍ ഞങ്ങള്‍ അവരെ ശക്തമായി പ്രഹരിക്കും എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ഇതിന് മറുപടിയായാണ് ഇറാന്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
അതേസമയം പ്രക്ഷോഭം വ്യാപിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിസാ പഹ്ലവി രംഗത്തെത്തി. 'പ്രസിഡന്റ്, ഇത് അങ്ങയുടെ ശ്രദ്ധയ്ക്കും പിന്തുണയ്ക്കും അടിയന്തര നടപടിക്കുമായുള്ള ആഹ്വാനമാണ്. ഇറാനിലെ ജനങ്ങളെ സഹായിക്കാന്‍ ഇടപെടാന്‍ ദയവായി തയ്യാറാകണം' റിസാ പഹ്ലവി സമൂഹമാധ്യമ പോസ്റ്റില്‍ ആവശ്യപ്പെട്ടു. 1979ല്‍ ഇസ്ലാമിക വിപ്ലവത്തില്‍ അധികാരം നഷ്ടപ്പെട്ട ഷാ ഭരണാധികാരിയായ മുഹമ്മദ് റിസാ പഹ്ലവിയുടെ മകനാണ് റിസാ പഹ്ലവി. ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്ന് ഇറാനില്‍ നിന്നു പലായനം ചെയ്ത റിസാ പഹ്ലവി ഇപ്പോള്‍ യുഎസിലാണ് താമസിക്കുന്നത്.
അതേസമയം, ആദ്യം ടെഹ്‌റാനിലും ചില നഗരങ്ങളിലും മാത്രമായിരുന്ന പ്രക്ഷോഭം ഇപ്പോള്‍ അനവധി നഗരങ്ങളിലേക്ക് വ്യാപിച്ചു. രാജ്യത്തെ 31 പ്രവിശ്യകളിലും പ്രതിഷേധം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജനകീയ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ രാജ്യത്തൊട്ടാകെ ഇന്റര്‍നെറ്റ് നിരോധിച്ചു. പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 62 ആയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2,500പേരെ കരുതല്‍ തടങ്കലിലാക്കി. ഡിസംബര്‍ 28ന് വിലക്കയറ്റത്തിനെതിരെ ആരംഭിച്ച സമരത്തെ കര്‍ശനമായാണ് ഇറാന്‍ ഭരണകൂടം നേരിട്ടത്. എന്നാല്‍, പ്രതിഷേധം വ്യാപിച്ചതോടെ പൊലീസ് നടപടികള്‍ മയപ്പെടുത്തി. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട് പ്രകാരം പ്രതിഷേധങ്ങളില്‍ ഇതുവരെ 40-ലധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ കുട്ടികളും ഉള്‍പ്പെടുന്നു. 2300-ഓളം പേരെ ഇതിനകം അറസ്റ്റ് ചെയ്തു. പ്രതിഷേധം ഏകോപിപ്പിക്കുന്നത് തടയാന്‍ രാജ്യം മുഴുവന്‍ ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വിദേശ രാജ്യങ്ങളിലേക്കുള്ള ഫോണ്‍ കോളുകള്‍ക്കും നിയന്ത്രണമുണ്ട്. ഇറാന്റെ കറന്‍സിയായ 'റിയാല്‍' അമേരിക്കന്‍ ഡോളറിനെതിരെ പകുതിയിലേറെ ഇടിഞ്ഞതാണ് ജനങ്ങളെ തെരുവിലിറക്കിയത്. രാജ്യത്ത് പണപ്പെരുപ്പം 42 ശതമാനത്തിന് മുകളിലാണ്.
ഇറാനില്‍ പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍, രാജ്യത്തെ സംഭവവികാസങ്ങള്‍ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാന്‍ ഇന്ത്യന്‍ പൗരന്മാരോട് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അഭ്യര്‍ഥിച്ചിരുന്നു. കൂടാതെ, ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശിക്കുകയും ചെയ്തിരുന്നു.
