ആർക്ക് മുന്നിലും തല കുനിക്കാത്ത ലോക നേതാവ്; തന്റെ രോമത്തിൽ പോലും തൊടാൻ ഭയക്കുന്നവർ ഏറെ; പക്ഷെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിൽ അടിപതറുന്ന കാഴ്ച; ഞങ്ങൾക്ക് സ്വാതന്ത്ര്യം വേണമെന്ന് അലമുറയിടുന്ന സ്ത്രീകൾ; സിഗരറ്റ് കൊളുത്തി ഖമേനിയുടെ ചിത്രം തീയിടുന്ന ദൃശ്യങ്ങളും പുറത്ത്; ഇറാനിൽ അശാന്തി പുകയുമ്പോൾ

Update: 2026-01-09 10:42 GMT

ടെഹ്റാൻ: ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ ചിത്രം തീയിട്ട് കത്തിച്ച് ആ തീയിൽ നിന്ന് സിഗരറ്റ് കൊളുത്തുന്ന യുവതികളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഇസ്ലാമിക ഭരണകൂടത്തോടുള്ള കടുത്ത വെറുപ്പും പ്രതിഷേധവുമാണ് ഈ ധീരമായ പ്രവൃത്തിയിലൂടെ ഇറാനിയൻ യുവതികൾ പ്രകടിപ്പിക്കുന്നത്. രാജ്യത്ത് പരമോന്നത നേതാവിനെ അപമാനിക്കുന്നത് കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമായിരിക്കെയാണ്, ശിക്ഷാ നടപടികളെ ഭയക്കാതെ സ്ത്രീകൾ പ്രതിഷേധരംഗത്തെത്തിയിരിക്കുന്നത്.

വർഷങ്ങളായി തുടരുന്ന കർശനമായ വസ്ത്രധാരണ രീതികൾ, പൗരസ്വാതന്ത്ര്യ നിഷേധം എന്നിവയ്‌ക്കെതിരെ ഇറാനിൽ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഭരണകൂടത്തെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ടുള്ള ഈ ദൃശ്യങ്ങൾ പുറത്തുവരുന്നത്.

രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ഇന്റർനെറ്റ് നിയന്ത്രണം എന്നിവയ്‌ക്കെതിരെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. ഈ പ്രതിഷേധങ്ങൾ പുറംലോകം അറിയാതിരിക്കാൻ ഇറാൻ സർക്കാർ പലയിടങ്ങളിലും ഇന്റർനെറ്റ് വിച്ഛേദിച്ചതായും അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇറാനിലെ മുൻ രാജകുമാരൻ റേസ പഹ്‌ലവിയുടെ നേതൃത്വത്തിൽ നടന്ന വലിയ പ്രതിഷേധത്തിന് പിന്നാലെയാണ് ഇത്തരത്തിലുള്ള വ്യക്തിഗതമായ പ്രതിഷേധ ദൃശ്യങ്ങളും വൈറലാകുന്നത്.

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ശേഷം ഇറാനിയൻ യുവത്വത്തിനിടയിൽ ഭരണകൂടത്തോടുള്ള എതിർപ്പ് എത്രത്തോളം ശക്തമാണെന്ന് ഈ ദൃശ്യങ്ങൾ അടിവരയിടുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നത്. ഇറാനിൽ ഭരണകൂട വിരുദ്ധ വികാരം കൂടുതൽ ആളിക്കത്തിക്കുന്നതിന്റെ വ്യക്തമായ സൂചനയായാണ് ഈ പ്രതിഷേധങ്ങളെ ലോകം ഉറ്റുനോക്കുന്നത്.

Tags:    

Similar News