കുടിയേറ്റക്കാരോട് നോ പറഞ്ഞു ബ്രിട്ടന്‍; കഴിഞ്ഞ വര്‍ഷം എല്ലാ വിഭാഗത്തിലുമായി ഒരു ലക്ഷത്തില്‍ താഴെ വിസ അനുവദിച്ചത് കുറഞ്ഞു; കെയറര്‍മാര്‍ക്കും ആശ്രിതര്‍ക്കും അനുവദിച്ചത് ആകെ 61000 വിസകള്‍ മാത്രം; സ്‌കില്‍ഡ് വര്‍ക്കര്‍ വിസ 85000-ത്തില്‍ നിന്നു
കുടിയേറ്റക്കാരോട് നോ പറഞ്ഞു ബ്രിട്ടന്‍; കഴിഞ്ഞ വര്‍ഷം എല്ലാ വിഭാഗത്തിലുമായി ഒരു ലക്ഷത്തില്‍ താഴെ വിസ അനുവദിച്ചത് കുറഞ്ഞു
ലണ്ടന്‍: ബ്രിട്ടീഷ് സര്‍ക്കാരിന്റെ കുടിയേറ്റ നിയന്ത്രണ നടപടികള്‍ ഒടുവില്‍ ഫലം കണ്ടുതുടങ്ങിയതായി സൂചന. കടുത്ത കുടിയേറ്റ നിയന്ത്രണ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ അപേക്ഷകരുടെ എണ്ണത്തിലും ഹെല്‍ത്ത് വര്‍ക്കര്‍ വിസ അപേക്ഷകരുടെ കാര്യത്തിലും ഗണ്യമായ കുറവുണ്ടായതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. 2025 ല്‍ പ്രധാന അപേക്ഷകനായോ, ആശ്രിതനായോ 61,000 പേരാണ് കെയര്‍ വര്‍ക്കര്‍ വിസയ്ക്കായി അപേക്ഷിച്ചത്. 2024 ഡിസംബറില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ അപേക്ഷകരുടെ എണ്ണം 1,23,300 ആയിരുന്നു.
അതേസമയം, സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം 2025 ല്‍ തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 36 ശതമാനം കുറഞ്ഞ 85,500 ആയി. 2024 ല്‍ 1,32,700 പേരായിരുന്നു സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കായി അപേക്ഷിച്ചത്. വ്യാഴാഴ്ച ഹോം ഓഫീസ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളാണിത്. അതേസമയം, സീസണല്‍ വര്‍ക്കര്‍ വിസയുടെ കാര്യത്തിലും, സ്‌പോണ്‍സേര്‍ഡ് സ്റ്റഡി വിസയുടെ കാര്യത്തിലും നേരിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം സീസണല്‍ വര്‍ക്കര്‍മാരുടെ എണ്ണം, തൊട്ട് മുന്‍പത്തെ വര്‍ഷത്തേക്കാള്‍ 8 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ ഉണ്ടായത് 4 ശതമാനത്തിന്റെ വര്‍ദ്ധനവാണ്. എന്നാല്‍, എല്ലാ റൂട്ടുകളിലുമായി മൊത്തം വിസകളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍ 2024 ലേതിനേക്കാള്‍ 1,03,000 കുറച്ച് വിസകള്‍ മാത്രമാണ് 2025 ല്‍ നല്‍കിയിട്ടുള്ളത്. വിദേശികള്‍ക്ക് ബ്രിട്ടനില്‍ കുടിയേറാനുള്ള നിയമങ്ങളും നിബന്ധനകളും കര്‍ശനമാക്കിക്കൊണ്ട് 2025 വേനല്‍ക്കാലത്ത് കുടിയേറ്റ നിയമങ്ങളില്‍ കൊണ്ടുവന്ന ഭേദഗതിയാണ് ഇതിന് പ്രധാന കാരണം.
വിദേശ കെയര്‍വര്‍ക്കര്‍മാരെ റിക്രൂട്ട് ചെയ്യുന്നത് നിര്‍ത്തലാക്കുകയും, സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ലഭിക്കുന്നതിനുള്ള മിനിമം വേതനം 38,700 പൗണ്ടില്‍ നിന്നും 41,700 പൗണ്ടാക്കി ഉയര്‍ത്തിയതും ഉള്‍പ്പടെയുള്ള നടപടികളായിരുന്നു സര്‍ക്കാര്‍ കൈക്കൊണ്ടത്. അതിനോടൊപ്പം, വിസ ലഭിക്കുവാന്‍ ആവശ്യമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തിന്റെ നിലവാരം വര്‍ദ്ധിപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ് ഇപ്പോള്‍ നെറ്റ് മൈഗ്രേഷന്‍ എന്ന് മൈഗ്രേഷന്‍ ആന്‍ഡ് സിറ്റിസണ്‍ഷിപ് മിനിസ്റ്റര്‍ മൈക്ക് ടാപ്പ് അറിയിച്ചു.
