ഇറാനെതിരെ ആക്രമണം കടുപ്പിച്ചു ഇസ്രായേലും അമേരിക്കയും; വ്യോമാക്രമണത്തിന് ഒപ്പം കടലിലും ആക്രമണം കനത്തു; ടെഹ്‌റാന്‍ നഗരത്തില്‍ തീമഴ പെയ്യിച്ചു സഖ്യസേനയുടെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ ഉടന്‍ നീക്കണം; ഇല്ലെങ്കില്‍ കനത്ത സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണിയുമായി ട്രംപ്; അയവില്ലാതെ ഇറാനും; പശ്ചിമേഷ്യന്‍ സംഘര്‍ഷം നീളുന്നതില്‍ നെഞ്ചിടിപ്പോടെ ലോകരാജ്യങ്ങള്‍

ഇറാനെതിരെ ആക്രമണം കടുപ്പിച്ചു ഇസ്രായേലും അമേരിക്കയും

Update: 2026-03-11 00:41 GMT

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്നു. ഇപ്പോഴത്തെ നിലയില്‍ സംഘര്‍ഷം ഇനിയും നീണ്ടുപോകുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍. ഇറാനില്‍ സഖ്യസേന ആക്രമണം കടുപ്പിച്ചെങ്കിലും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടിലാണ് ഇറാനും. ഇതോടെ സംഘര്‍ഷം തുടര്‍ച്ചയായ പന്ത്രണ്ടാം ദിനവും തുടരുകയാണ്. ഇറാന്റെ ആകാശത്തും കടലിലും ആക്രമണം കടുപ്പിക്കുകയാണ് അമേരിക്കയും ഇസ്രയേലും. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാന്‍ അടക്കമുള്ള നഗരങ്ങളില്‍ പുതിയ ആക്രമണ പരമ്പരയാണ് ഇസ്രയേല്‍ നടത്തിയത്. പലയിടത്തും സ്‌ഫോടനങ്ങള്‍ ഉണ്ടായി. പതിനായിരങ്ങള്‍ ഗ്രാമപ്രദേശങ്ങളില്‍ അഭയം തേടി.

ഇന്ധന സംഭരണ ശാലകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ വ്യാപകമായ മലിനീകരണത്തിന് കാരണമായി. പാര്‍പ്പിട സമുച്ചയത്തിന് നേരെയും ആക്രമണമുണ്ടായി. അതേസമയം, ഇസ്രയേല്‍-അമേരിക്ക ആക്രമണങ്ങള്‍ക്ക് മിസൈല്‍ ആക്രമണത്തിലൂടെ ഇറാന്‍ തിരിച്ചടിച്ചു. സെന്‍ട്രല്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍ പായുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ബഹ്‌റൈനിലും, ഇറാഖി കുര്‍ദിസ്താനിലുമുള്ള യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാന്‍ വിപ്ലവസേന ആക്രമണം നടത്തിയെന്ന് ഇറാനി മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

തങ്ങളുടെ പടക്കപ്പല്‍ മുക്കിയത് ക്ഷമിക്കില്ലെന്നും രക്ഷാ പ്രവര്‍ത്തനം വരെ തടഞ്ഞ അമേരിക്ക കാണിച്ചത് നാസികളെക്കാള്‍ മോശം സമീപനമാണെന്നും ഇറാന്‍ പറയുന്നു. ഇതിനിടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്റെ ആക്രമണം നേരിടാന്‍ യുക്രെയ്ന്‍ സേന എത്തുമെന്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്‌കി അറിയിച്ചു. ഇറാനിയന്‍ ഡ്രോണുകളെ നേരിടാന്‍ യുക്രെയ്ന്‍ സൈനിക വിദഗ്ധരാണ് ഗള്‍ഫിലേക്ക് എത്തുക.

ഹോര്‍മുസ് കടലിടുക്കിന് സമീപം മൈനുകള്‍ സ്ഥാപിക്കുന്ന 16 ഇറാനിയന്‍ കപ്പലുകള്‍ യുഎസ് സേന തകര്‍ത്തു. കടലിടുക്കില്‍ ഇറാന്‍ സ്ഥാപിക്കുന്ന മൈനുകള്‍ ഉടനടി നീക്കം ചെയ്യണമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. അതേസമയം ഗള്‍ഫില്‍ ജനവാസകേന്ദ്രങ്ങളും റിഫൈനറികളും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുകയാണ്. ഒന്‍പത് ഡ്രോണുകള്‍ പതിച്ചതിനെത്തുടര്‍ന്ന് രണ്ടുപേര്‍ കൂടി മരിച്ചതായി യുഎഇ സ്ഥിരീകരിച്ചു. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ പാര്‍പ്പിട സമുച്ചയത്തിനു നേരെ നടന്ന ഇറാനിയന്‍ ആക്രമണത്തില്‍ 29 വയസ്സുകാരി കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അതിനിടെ ഇറാനെതിരേ വീണ്ടും ഭീഷണി മുഴക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തുവന്നു. ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പുതിയ ഭീഷണി. സുപ്രധാനമായ ഈ കടലിടുക്കില്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ സമാനതകളില്ലാത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്തിലൂടെയായിരുന്നു സന്ദേശം.

ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. അങ്ങനെ എന്തെങ്കിലും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അത് ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. മൈനുകള്‍ സ്ഥാപിക്കുകയോ അത് നീക്കം ചെയ്യാന്‍ തയാറാകാതിരിക്കുകയോ ചെയ്താല്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ സമാനതകള്‍ ഇല്ലാത്തതായിരിക്കുമെന്നാണ് ട്രംപ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

ഇറാന്‍ സ്ഥാപിക്കാന്‍ സാധ്യതയുള്ള മൈനുകള്‍ അവര്‍ നീക്കം ചെയ്യുകയാണെങ്കില്‍ അത് ആ രാജ്യത്തിന് തന്നെ ശരിയായ ചുവടുവയ്പ്പായിരിക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിരിക്കുന്നത്. മൈനുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കപ്പലുകളും ബോട്ടുകള്‍ തകര്‍ക്കാന്‍ മയക്കുമരുന്ന് കടത്തുകാരെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യയും മിസൈല്‍ ശേഷിയും ഉപയോഗിക്കും. അത് വളരെ ക്രൂരമായിരിക്കുമെന്നുമാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്, പരമ്പരാഗത നാവികസേനയോടൊപ്പം ഉള്‍ക്കടലിന്റെ നിയന്ത്രണം ഏറ്റെടുത്തുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണവും. ഉള്‍ക്കടലിലൂടെ കടന്നുപോകുന്ന അമേരിക്കയുടെയും ഇസ്രായേലിന്റെയും കപ്പലുകളെയും ടാങ്കറുകളെയും ആക്രമിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ഭീഷണയും മുഴക്കിയിരുന്നു. സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു. ഇറാന്‍ പ്രസിഡന്റുമായി പുടിന്‍ ഫോണില്‍ സംസാരിച്ചു. യുദ്ധം തുടങ്ങിയ ശേഷം രണ്ടാംവട്ടമാണ് ഫോണിലൂടെ ചര്‍ച്ച നടത്തുന്നത്.

Tags:    

Similar News