ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം; ഇസ്ഫഹാനിലെ കോണ്‍സുലേറ്റില്‍ ആക്രമണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം; രാജ്യാന്തര നിയമങ്ങളുടെ ലംഘനമെന്നും റഷ്യ; സംഘര്‍ഷം രൂക്ഷമാകവേ ഇറാന്‍ പ്രസിഡന്റിനെ ഫോണില്‍ സംസാരിച്ച് പുടിന്‍; യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു

ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം

Update: 2026-03-11 02:23 GMT

ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ യുദ്ധം കൂടുതല്‍ നയതന്ത്ര തലത്തില്‍ സാഹചര്യങ്ങള്‍ സംഘര്‍ഷ ഭരിതമാക്കുന്ന അവസ്ഥയിലേക്ക്. ഇറാനിലെ റഷ്യന്‍ കോണ്‍സുലേറ്റിനുനേരെ ആക്രമണം ഉണ്ടായതാണ് ലോകത്തെ ആശങ്കയിലാക്കുന്നത്. ഇസ്ഫഹാനിലെ കോണ്‍സുലേറ്റിലാണ് ആക്രമണമുണ്ടായതെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് റഷ്യ പറഞ്ഞു. ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഓഫിസ് കെട്ടിടത്തിനു കേടുപാടുകളുണ്ടായി.

അതിനിടെ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണില്‍ സംസാരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യുദ്ധസാഹചര്യം എത്രയും വേഗം ലഘൂകരിക്കണമെന്നും പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടതായി ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സമാധാനപരമായ പരിഹാരത്തിനാണ് റഷ്യ മുന്‍ഗണന നല്‍കുന്നതെന്നും പുടിന്‍ വ്യക്തമാക്കി.

യുഎസും ഇസ്രയേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതിനു പിന്നാലെ ആരംഭിച്ച സംഘര്‍ഷം യുദ്ധ സാഹചര്യത്തിലേക്ക് നീങ്ങുകയും ആഗോളതലത്തില്‍ ഇന്ധന പ്രതിസന്ധിക്കും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ ഇടപെടല്‍.

മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ റഷ്യയുടെ ഇടപെടല്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. റഷ്യയുടെ പിന്തുണയ്ക്ക് ഇറാന്‍ പ്രസിഡന്റ് പെസഷ്‌കിയാന്‍ നന്ദി അറിയിച്ചു. ഇറാനുള്ള പിന്തുണ തുടരുമെന്ന് കഴിഞ്ഞ് ദിവസം പുടിന്‍ വ്യക്തമാക്കിയിരുന്നു.

അതിനിടെ ഇറാനുമായുള്ള യുദ്ധത്തില്‍ ഇതുവരെ 150 യുഎസ് സൈനികര്‍ക്കു പരുക്കേറ്റതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തു. പരുക്കേറ്റവരുടെ കണക്കുകള്‍ ആദ്യമായാണ് പുറത്തുവരുന്നത്. 8പേര്‍ക്ക് പരുക്കേറ്റെന്നാണ് പെന്റഗണ്‍ ഇതുവരെ പറഞ്ഞിരുന്നത്. ഏകദേശം 140 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് പെന്റഗണ്‍ പിന്നീട് വിശദീകരിച്ചു. ഇതില്‍ 108പേര്‍ ജോലിയില്‍ തിരികെയെത്തി. 8 പേരുടെ പരുക്ക് ഗുരുതരമാണ്.

ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇറാനുമായി ആശയവിനിമയം നടത്തി ഇന്ത്യ. ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഫോണില്‍ സംസാരിച്ചു. നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദമായ ചര്‍ച്ച നടത്തിയെന്ന് ജയശങ്കര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ചര്‍ച്ചകള്‍ ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ഇറാനുമായി വിവിധ രാഷ്ട്രങ്ങള്‍ ആശയവിനിമയം നടത്തുന്നുണ്ട്. തുര്‍ക്കി പ്രസിഡന്റും വിദേശകാര്യമന്ത്രിയും ഇറാനുമായി സംസാരിച്ചു. ചര്‍ച്ചകളിലേക്കു മടങ്ങണമെന്നും ആക്രമണം അവസാനിപ്പിക്കണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടു. അതിനിടെ, ഇറാനെതിരെയുള്ള ആക്രണമണങ്ങളില്‍ ഏറ്റവും വിനാശകരമായത് ഉടന്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ്. ഇറാന്റെ സൈനിക ശേഷി പൂര്‍ണമായി തകര്‍ക്കുമെന്നും യുഎസ് ആക്രമണങ്ങളില്‍ ഏറ്റവും കടുത്തതായിരിക്കും ഇതെന്നും യുഎസ് പ്രതിരോധസെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു.

ഇറാന്റെ സൈനികശേഷി ദുര്‍ബലപ്പെടുത്തുന്നതില്‍ യുഎസ് സൈനികര്‍ വിജയിച്ചുവെന്നും ഇറാനുമായുള്ള സംഘര്‍ഷത്തില്‍ യുഎസ് നിര്‍ണായക വിജയത്തിന്റെ വക്കിലാണെന്നും ട്രംപ് നിശ്ചയിച്ച ലക്ഷ്യങ്ങള്‍ ഉടനെ പൂര്‍ത്തിയാകുമെന്നും പെന്റഗണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹെഗ്സെത്ത് പറഞ്ഞു.

Tags:    

Similar News