അമേരിക്കന്‍ താല്‍പ്പര്യത്തിന് വഴങ്ങില്ലെന്ന നിലപാടില്‍ ഇന്ത്യ; ഇന്ത്യാ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകാതെ നീളുന്നു; കരാര്‍ വൈകുന്നത് നരേന്ദ്രമോദി ട്രംപിനെ വിളിച്ച് സംസാരിക്കാത്തതിനാലെന്ന കുറ്റപ്പെടുത്തലുമായി യുഎസ് വാണിജ്യ സെക്രട്ടറി; ആരോപണം ശരിയല്ലെന്ന് പ്രതികരിച്ചു ഇന്ത്യ

അമേരിക്കന്‍ താല്‍പ്പര്യത്തിന് വഴങ്ങില്ലെന്ന നിലപാടില്‍ ഇന്ത്യ

Update: 2026-01-10 03:01 GMT

വാഷിങ്ടണ്‍: ഇന്ത്യ - അമേരിക്ക വ്യാപാര കരാര്‍ ഇനിയും യാഥാര്‍ഥ്യമാകാതെ വൈകുയാണ്. അമേരിക്കയുടെ താല്‍പ്പര്യത്തിന് മേല്‍ക്കൈ നല്‍കുന്ന വിധത്തില്‍ കരാര്‍ വരുന്നതിനെയാണ് ഇന്ത്യക്ക് എതിര്‍പ്പുള്ളത്. അതുകൊണ്ടാണ് കരാര്‍ നീണ്ടു പോകുന്നതെന്നാണ് സൂചന. ഇതിനിടെ കരാര്‍ വൈകുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിച്ച് അമേരിക്ക രംഗത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ഡോണള്‍ഡ് ട്രംപിനെ വിളിച്ച് സംസാരിക്കാത്തത് കൊണ്ടാണ് കരാര്‍ യാഥാര്‍ത്ഥ്യമാകാത്തതെന്ന് യുഎസ് വാണിജ്യ സെക്രട്ടറി കുറ്റപ്പെടുത്തി.

ഇക്കഴിഞ്ഞ നവംബറില്‍ ഇന്ത്യാ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വ്യാപാര കരാറില്‍ പ്രതീക്ഷിച്ച പുരോഗതി കൈവരിക്കാതിരുന്നതിനെ തുടര്‍ന്ന് ട്രംപ് ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതും റഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്നുവെന്നാരോപിച്ച് പിഴ തീരുവ ചുമത്തിയതും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാകാതിരുന്നതിനു കാരണം കഴിഞ്ഞ ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡോണള്‍ഡ് ട്രംപുമായി സംസാരിക്കാന്‍ വിസമ്മതിച്ചതിനാലാണെന്ന വാണിജ്യകാര്യ സെക്രട്ടറി ഹോവാഡ് ലുട്‌നിക് വ്യക്തമാക്കിയിരിക്കുന്നത്.

കരാര്‍ നേരത്തെ യാഥാര്‍ത്ഥ്യമാക്കിയിരുന്നുവെങ്കില്‍ ഇന്തോനേഷ്യ, വിയറ്റ്‌നാം, ഫിലിപ്പെയ്ന്‍സ് തുടങ്ങിയ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ തീരുവ ഇന്ത്യയ്ക്ക് ലഭിക്കുമായിരുന്നുവെന്നും ലുട്‌നിക് അവകാശപ്പെട്ടു. അമേരിക്കയുമായി അതിവേഗ ചര്‍ച്ചയ്ക്ക് തയാറായ എല്ലാ രാജ്യങ്ങള്‍ക്കും കുറഞ്ഞ തീരുവയാണ് ചുമത്തിയതെന്നും ലുട്‌നിക് അവകാശപ്പെട്ടു. നിലവില്‍ 50 ശതമാനം തീരുവയാണ് ഇന്ത്യയ്ക്കുമേല്‍ ഇറക്കുമതി തീരുവയായി അമേരിക്ക ചുമത്തിയിരിക്കുന്നത്.

ഇന്ത്യ- അമേരിക്ക വ്യാപാര കരാര്‍ ചര്‍ച്ചകളില്‍ പുരോഗതിയുള്ളതായി വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇന്ത്യാ- അമേരിക്ക വ്യാപാര കരാര്‍ ജനുവരി പകുതിയോടെ യാഥാര്‍ത്ഥ്യമാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേമയം നരേന്ദ്ര മോദി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ നേരില്‍ വിളിച്ച് ഉറപ്പിക്കാത്തതുകൊണ്ടാണ് ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ നടക്കാതെപോയതെന്ന് യു.എസ്. ഈ ആരോപണം പൂര്‍ണമായും ശരിയല്ലെന്നും 2025ല്‍ എട്ടുതവണ ഇന്ത്യന്‍ പ്രധാനമന്ത്രി യു.എസ് പ്രസിഡന്റിനെ വിളിച്ച് വിവിധ വിഷയങ്ങള്‍ സംസാരിച്ചിട്ടുണ്ടെന്നും ഇന്ത്യ പ്രതികരിച്ചു.

വ്യാപാര കരാര്‍ ഉറപ്പിക്കുന്നതിന് നരേന്ദ്ര മോദി വ്യക്തിപരമായി ഡോണള്‍ഡ് ട്രംപിനെ വിളിച്ചിട്ടില്ലെന്ന് സമ്മതിക്കുന്ന വിദേശ മന്ത്രാലയം കൂടുതല്‍ മേഖലകളിലേക്ക് വ്യാപാര കരാര്‍ വ്യാപിപ്പിക്കുന്നതിനുള്ള സമ്മര്‍ദ തന്ത്രങ്ങളാണ് യു.എസ് പയറ്റുന്നതെന്ന സൂചന നല്‍കി. ''സര്‍, താങ്കളെ ഒന്നു കാണാന്‍ പറ്റുമോ'' എന്ന് നരേന്ദ്ര മോദി തന്നോട് കൂടിക്കാഴ്ചക്കായി അഭ്യര്‍ഥിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശ വാദം ഇത്തരം സമ്മര്ദ്ദ തന്ത്രമായാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13ന് തുടങ്ങിയ ഇന്ത്യ-യു.എസ് വ്യാപാര ചര്‍ച്ച തുടരുകയാണ്. റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി തുടര്‍ന്നാല്‍ ഇന്ത്യക്കുമേല്‍ തീരുവ വര്‍ധിപ്പിക്കാനിടയാക്കുന്ന യു.എസ് ബില്‍ ഒരു സമ്മര്‍ദ തന്ത്രമായിട്ടാണ് ഇന്ത്യ കാണുന്നത്. ഇക്കാര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ജയ്‌സ്വാള്‍ പറഞ്ഞു. സര്‍ എന്ന് ട്രംപിനെ അഭിസംബോധന ചെയ്ത് ട്രംപിനെ കാണാന്‍ പറ്റുമോ എന്ന് നരേന്ദ്ര മോദി അഭ്യര്‍ഥിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇരു രാഷ്ട്ര നേതാക്കളും പരസ്പരം ആദരവോടെയാണ് സംസാരിക്കാറുള്ളതെന്ന് വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വാര്‍ത്തസമ്മേളനത്തില്‍ മറുപടി നല്‍കി.

Tags:    

Similar News