ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍... സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പാക്കല്‍.... സമാധാനപരമായ തിരഞ്ഞെടുപ്പു നടത്തല്‍... കാശ്മീരില്‍ പരിഹരിച്ചത് ഈ മൂന്ന് പ്രശ്‌നങ്ങള്‍; ഇനി ബാക്കിയുള്ളത് മോഷ്ടിക്കപ്പെട്ട കശ്മീര്‍ ഭാഗം രാജ്യത്തോടു കൂട്ടിച്ചേര്‍ക്കുക മാത്രം; അധിനിവേശ കാശ്മീരില്‍ നിന്നും ഒഴിഞ്ഞു പോകണമെന്ന താക്കീതുമായി യുഎന്നില്‍ ഇന്ത്യ; മോദിയുടെ അടുത്ത 'ലക്ഷ്യം' ചര്‍ച്ചകളിലേക്ക്
ന്യൂഡല്‍ഹി: കൈയടക്കി വച്ചിരിക്കുന്ന ജമ്മു കശ്മീരിന്റെ പ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകണമെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പട്ടു. കശ്മീര്‍ എപ്പോഴും ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുമെന്നും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് ആവര്‍ത്തിച്ചു. പാകിസ്ഥാന് അതിശക്തമായ മുന്നറിയിപ്പാണ് ഇന്ത്യ നല്‍കുന്നത്. അതിര്‍ത്തിയില്‍ ഏത് സാഹചര്യത്തേയും നേരിടാന്‍ തയ്യാറാണെന്ന സന്ദേശം ആഗോള തലത്തില്‍ നല്‍കുകയാണ് ഇന്ത്യ. സ്വന്തം ഭൂമി തിരിച്ചു പിടിക്കാന്‍ ഏതറ്റം വരേയും ഭാവിയില്‍ പോകുമെന്ന സൂചനയാണ് ഈ പ്രതികരണത്തിലൂടെ യുഎന്നില്‍ ഇന്ത്യ നല്‍കുന്നത്. കര്‍ശനമായ നടപടികള്‍ക്ക് മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നുവെന്ന സൂചനയാണ് ഇതിലുള്ളത്.
യുഎന്‍ സുരക്ഷാ സമിതിയില്‍ കശ്മീര്‍ പ്രശ്നം ഉന്നയിക്കാനുള്ള പാകിസ്ഥാന്റെ തുടരെയുള്ള ശ്രമങ്ങള്‍ക്ക് മറുപടി നല്കുകയായിരുന്നു അദ്ദേഹം. ഈ മാസം ആദ്യം യുഎന്നില്‍ നടന്ന അനൗപചാരിക സമ്മേളനത്തില്‍ പാക് മുന്‍ വിദേശകാര്യ സെക്രട്ടറി തെഹ്‌മിന ജന്‍ജുവ ജമ്മു കശ്മീര്‍ വിഷയം ഉന്നയിച്ചിരുന്നു. കൂടാതെ സമാധാനപരിപാലനത്തിലെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയ്ക്കിടെ കശ്മീരിന് വേണ്ടി ഒരു ജനഹിത പരിശോധന നടത്തണമെന്നും സുരക്ഷാ സമിതിയോട് യുഎന്നിലെ പാക് മുന്‍ പ്രതിനിധി സയിദ് താരിഖ് ഫത്തേമിയും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് യുഎന്നില്‍ ഇന്ത്യ നിലപാട് ആവര്‍ത്തിച്ചത്.
കശ്മീരിനെ കുറിച്ചുള്ള പാകിസ്ഥാന്റെ പരാമര്‍ശങ്ങള്‍ ഇന്ത്യയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുന്നത് അവരുടെ നിയമവിരുദ്ധ അവകാശവാദങ്ങളെ സാധൂകരിക്കുകയോ അവര്‍ സ്പോണ്‍സര്‍ ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള ഭീകരതയെ ന്യായീകരിക്കുകയോ ചെയ്യുന്നില്ല. ജമ്മു കശ്മീരിന്റെ ഭാഗമായിരുന്ന പ്രദേശം പാകിസ്ഥാന്‍ നിയമവിരുദ്ധമായാണ് കൈവശപ്പെടുത്തിയത്. അവിടെ നിന്ന് പാകിസ്ഥാന്‍ ഒഴിഞ്ഞുപോകണം. 1948 ഏപ്രില്‍ 21ന് സുരക്ഷാ സമിതി അംഗീകരിച്ച പ്രമേയം അനുസരിച്ച് പട്ടാളത്തെയും നുഴഞ്ഞുകയറ്റക്കാരെയും കശ്മീരില്‍ നിന്ന് പിന്‍വലിക്കണമെന്നും ഹരീഷ് വ്യക്തമാക്കി. ജമ്മു കശ്മീര്‍ അന്നും ഇന്നും എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അന്താരാഷ്ട്ര വേദികളില്‍ ഭിന്നിപ്പിക്കല്‍ അജണ്ടയുമായെത്തുന്നതില്‍ നിന്ന് പാകിസ്ഥാന്‍ വിട്ടു നില്‍ക്കണം. ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാക് അധീന കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും തിരിച്ചുപിടിക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒന്നിലധികം തവണ സൂചിപ്പിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് പാക് അധീന കശ്മീര്‍ വൈകാതെ ഇന്ത്യയുടെ ഭാഗമാകുമെന്ന് രാജ്യരക്ഷാമന്ത്രി രാജ്‌നാഥ് സിങ് പ്രവചിച്ചത്. ഇന്ത്യയില്‍ ചേരുന്നതാണ് നല്ലതെന്നു മനസ്സിലാക്കുന്ന ജനങ്ങള്‍ ഇന്ത്യയില്‍ ലയിക്കാന്‍ മുന്‍കൈയെടുക്കുമെന്നും അതു സമ്മതിക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിക്കപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. വിദേശകാര്യമന്ത്രി ജയശങ്കറും ഉറച്ച നിലപാടിലാണ്. ഇതിനിടെയാണ് യുഎന്നില്‍ ഇന്ത്യയുടെ വിശദീകരണവും എത്തുന്നത്. ശക്തമായ നടപടികള്‍ ഇന്ത്യ എടുക്കുമെന്ന് തന്നെയാണ് പുറത്തേക്ക് വരുന്ന സൂചന.
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ അംബാസഡറായും സ്ഥിരം പ്രതിനിധിയായും തെലങ്കാന സ്വദേശി പര്‍വതനേനി ഹരീഷിനെ (പി. ഹരീഷ്) നിയമിച്ചത് ഓഗസ്റ്റിലാണ്. അതിന് ശേഷം പാകിസ്ഥാന്‍ വിഷയത്തെ അതിസമര്‍ത്ഥമായി തന്നെ കൈകാര്യം ചെയ്യുകയും ചെയ്തു. 1990 ബാച്ച് ഐ.എഫ്.എസ്. ഉദ്യോഗസ്ഥനായ ഹരീഷ് നേരത്തെ ജര്‍മനിയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിയായിരുന്നു. രുചിര കാംബോജ് വിരമിച്ച ഒഴിവിലാണ് നിയമനം. വിദേശകാര്യമന്ത്രാലയത്തില്‍ അഡീഷണല്‍ സെക്രട്ടറിയായിരുന്ന ഹരീഷ്, ജി-20, ജി-7, ബ്രിക്‌സ് തുടങ്ങിയ അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ ഷെര്‍പ്പയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാകിസ്ഥാന്‍ നീക്കങ്ങളെ ആക്രമിച്ച് തകര്‍ക്കല്‍ എന്ന നയതന്ത്ര നിലപാട് തന്നെ ഇനിയും ഹരീഷ് തുടരും.
ആഴ്ചകള്‍ക്ക് മുമ്പ് ഡല്‍ഹിയില്‍ നടന്ന റെയ്‌സീന ഡയലോഗില്‍ ഇന്ത്യയുടെ വിദേശമന്ത്രി ഡോ. എസ്.ജയശങ്കര്‍ കാശ്മീര്‍ വിഷയത്തില്‍ ലോക രാജ്യങ്ങളെ പരിഹസിച്ചിരുന്നു. മ്യാന്‍മറിലെ പട്ടാള ഭരണം വലിയ പ്രശ്‌നമാണ്. പക്ഷേ അതിലും കുഴപ്പം പിടിച്ച രാജ്യം (പാകിസ്താന്‍) പടിഞ്ഞാറ് ഭാഗത്തുണ്ട്, അതില്‍ അവര്‍ക്ക് കുഴപ്പമില്ല- പാശ്ചാത്യരാജ്യങ്ങളുടെ നിലപാടുകളുടെ വിമര്‍ശിക്കുകയായിരുന്നു ജയശങ്കര്‍. അതിന് മുമ്പ് മുമ്പ് ലണ്ടനില്‍ നടന്ന ഒരു യോഗത്തില്‍ കശ്മീരിനെക്കുറിച്ച് ദുഷ്ടലാക്കോടെ ചോദ്യമുന്നയിച്ച പാക് പത്രപ്രവര്‍ത്തകനോടു ജയശങ്കര്‍ പറഞ്ഞതും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
ജമ്മു കശ്മീരിലെ പ്രധാനപ്പെട്ട മൂന്നു പ്രശ്‌നങ്ങള്‍- ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പാക്കല്‍, സമാധാനപരമായ തിരഞ്ഞെടുപ്പു നടത്തല്‍- പരിഹരിച്ചു കഴിഞ്ഞു. പാകിസ്താന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന, മോഷ്ടിക്കപ്പെട്ട കശ്മീര്‍ ഭാഗം രാജ്യത്തോടു കൂട്ടിച്ചേര്‍ക്കുന്നതു കാത്തിരിക്കുകയാണ്. അതു പൂര്‍ത്തിയാവുമ്പോള്‍ കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന് ഉറപ്പുതരുന്നു- ഇതായിരുന്നു മറുപടി.