'നിങ്ങള്‍ സിഖുകാരല്ല, ഹിന്ദുക്കള്‍'; ഗുരുനാനാക് ജയന്തിക്കായി എത്തിയ 14 തീര്‍ഥാടകര്‍ക്ക് ഗുരുദ്വാര പ്രവേശനം നിഷേധിച്ച് പാക്കിസ്ഥാന്‍; മടക്കി അയച്ചത് പാക്കിസ്ഥാനില്‍ ജനിച്ച സിന്ധികളായ ഇന്ത്യന്‍ പൗരത്വമുള്ളവര്‍; അപമാനിതരായി മടങ്ങിയെന്ന് തീര്‍ത്ഥാടകര്‍
ന്യൂഡല്‍ഹി: സിഖ് മതസ്ഥാപകന്‍ ഗുരുനാനാക്കിന്റെ 556ാം ജന്‍വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് നങ്കാന സാഹിബിലേക്ക് യാത്ര ചെയ്ത തീര്‍ഥാടക സംഘത്തിലെ 14 ഇന്ത്യക്കാരെ തിരിച്ചയച്ച് പാക്കിസ്ഥാന്‍. ഇവര്‍ക്ക് തുടക്കത്തില്‍ പ്രവേശനം അനുവദിച്ചിരുന്നു. 14 പേരും സിഖുകാരല്ലെന്നും ഹിന്ദുക്കളാണെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ മടക്കിയയക്കുകയായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. തിരിച്ചയച്ച ഈ 14 പേര്‍ പാക്കിസ്ഥാനില്‍ ജനിച്ച സിന്ധ് വംശജരായ ഹിന്ദു തീര്‍ത്ഥാടകരായിരുന്നു. ഡല്‍ഹിയില്‍ നിന്നും ലഖ്നൗവില്‍ നിന്നുമുള്ള ഇവര്‍ ഇന്ത്യന്‍ പൗരത്വം നേടിയവരാണ്. രേഖകളില്‍ 'സിഖ്' എന്ന് രേഖപ്പെടുത്തിയവരെ മാത്രമേ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുവദിക്കൂ എന്ന് പാക്ക് ഉദ്യോഗസ്ഥര്‍ നിലപാടെടുത്തതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് മടങ്ങി വരേണ്ടിവന്നുവെന്ന് തീര്‍ത്ഥാടകര്‍ വ്യക്തമാക്കി.
പാക്കിസ്ഥാന്‍ സന്ദര്‍ശിക്കാനായി വിദേശകാര്യമന്ത്രാലയം വിസ അനുവദിച്ച 2100 തീര്‍ഥാടകരില്‍ ഉള്‍പ്പെട്ടവരാണ് ഈ 14 പേരും. ഇത്രയും പേര്‍ക്ക് പാക്കിസ്ഥാനും യാത്ര രേഖകളും ഇഷ്യൂചെയ്തിരുന്നു. ചൊവ്വാഴ്ച 1900 പേരാണ് വാഗാ അതിര്‍ത്തി വഴി പാക്കിസ്ഥാനിലെത്തിയത്. ഓപറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായാണ് ഇന്ത്യക്കാര്‍ പാക്കിസ്ഥാനിലെത്തുന്നത്. ഈ സംഘത്തില്‍ 14 പേര്‍ ഹിന്ദുക്കളായിരുന്നു. പാക്കിസ്ഥാനില്‍ ജനിച്ച സിന്ധികളായ ഇവര്‍ക്ക് ഇന്ത്യന്‍ പൗരത്വമുണ്ട്. പാക്കിസ്ഥാനിലെ ബന്ധുക്കളെ കാണാനാണ് അവര്‍ യാത്ര തിരിച്ചത്. അവരെയാണ് മടക്കി അയച്ചിരിക്കുന്നത്. നിങ്ങള്‍ ഹിന്ദുക്കളായതിനാല്‍ സിഖ് തീര്‍ഥാടകര്‍ക്കൊപ്പം പോകാന്‍ സാധിക്കില്ല എന്നാണ് അധികൃതര്‍ പറഞ്ഞതെന്ന് മടക്കി അയച്ച സംഘം മാധ്യമങ്ങളോട് പ്രതികരിച്ചു.
ഈ 14 പേരില്‍ ഡല്‍ഹിയില്‍നിന്നും ലഖ്‌നോയില്‍ നിന്നും ഉള്ളവരുമുണ്ടായിരുന്നു. അപമാനിതരായതാണ് തങ്ങള്‍ മടങ്ങിയതെന്ന് അവര്‍ പ്രതികരിച്ചു. അതിനിടെ, ആഭ്യന്തര മന്ത്രാലയത്തിന്റെ ആവശ്യമായ അനുമതിയില്ലാത്തതിനാല്‍ സ്വതന്ത്രമായി വിസക്ക് അപേക്ഷിച്ച 300 പേരെയു തിരിച്ചയച്ചിട്ടുണ്ട്. ഇന്ന് വൈകീട്ട് ലാഹോറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഗുരുദ്വാര ജന്‍മസ്ഥാനിലാണ് ഗുരുനാനാക്ക് ജയന്തിയുടെ പ്രധാന ചടങ്ങുകള്‍ നടക്കുക. ഇന്ത്യന്‍ തീര്‍ഥാടകര്‍ ഗുരുദ്വാര പഞ്ച സാഹിബ് ഹസന്‍ അബ്ദാല്‍, ഗുരുദ്വാര സച്ച സൗദ ഫറൂഖാബാദ്, ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് കര്‍ത്താര്‍പൂര്‍ എന്നിവയും സന്ദര്‍ശിക്കും