'മോദി ഉറ്റ സുഹൃത്ത്, മഹാനായ മനുഷ്യന്‍; അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചിട്ടുണ്ട്; ഞാന്‍ അവിടേക്ക് ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്, ഞാന്‍ പോകും'; അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്; ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ശ്രമം ശക്തം

'മോദി ഉറ്റ സുഹൃത്ത്, അവര്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചിട്ടുണ്ട്;

Update: 2025-11-07 05:36 GMT

വാഷിങ്ടണ്‍: ഇന്ത്യ-യു.എസ് വ്യാപാര തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ അടുത്തവര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചന നല്‍കി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ട്രംപിന്റെ ഉപരോധ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നതിന് കുറച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ട്രംപ് വീണ്ടും ഇന്ത്യയുമായി അടുക്കുന്നത്.

റഷ്യയില്‍നിന്ന് പെട്രോളിയം വാങ്ങുന്നത് ഇന്ത്യ കുറിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ സംഭാഷണങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം തന്റെ ഉറ്റ സുഹൃത്തും നല്ല മനുഷ്യനുമാണെന്ന് ട്രംപ് പറഞ്ഞു. 'റഷ്യയില്‍നിന്ന് പെട്രോളിയം വാങ്ങുന്നത് നരേന്ദ്ര മോദി വലിയ അളവില്‍ കുറച്ചു. അദ്ദേഹം എന്റെയൊരു സുഹൃത്താണ്. ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞാന്‍ അവിടേക്ക് ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അത് നമുക്ക് മനസിലാകും, ഞാന്‍ പോകും... പ്രധാനമന്ത്രി മോദി ഒരു നല്ല മനുഷ്യനാണ്, ഞാന്‍ പോകും', ട്രംപ് പറഞ്ഞു. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍, ട്രംപ് മറുപടി നല്‍കി, 'അതെ.' എന്നായിരുന്നു മറുപടി.

ഈ വര്‍ഷം ആദ്യം ട്രംപ് ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ -യുഎസ് ബന്ധം വഷളായിരുന്നു. യുക്രെയ്‌നിലെ യുദ്ധത്തിനിടയില്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതിലുള്ള യു.എസിന്റെ എതിര്‍പ്പായിരുന്നു കാരണം. ഇന്ത്യക്കുമേല്‍ ഉയര്‍ന്ന തീരുവ ചുമത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇക്കൊല്ലം അവസാനം നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലേക്ക് വരാന്‍ ട്രംപ് താല്‍പര്യപ്പെടുന്നില്ലെന്ന് ഓഗസ്റ്റ് മാസത്തില്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന നല്‍കുന്ന ട്രംപിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.

അതിനിടെ ഡോണള്‍ഡ് ട്രംപിന്റെ താരിഫിനെ ചോദ്യം ചെയ്ത് യു.എസ് സുപ്രീംകോടതി രംഗത്തെത്തി. ബുധനാഴ്ചയാണ് ട്രംപിന്റെ തീരുവക്കെതിരെ യു.എസ് സുപ്രീംകോടതി ചില നിര്‍ണായക ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. ട്രംപിന്റെ നയങ്ങള്‍ ആഗോളസമ്പദ്‌വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് യു.എസ് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു.

വൈറ്റ് ഹൗസ് ഇറക്കുമതി തീരുവയെ ന്യായീകരിച്ച് നടത്തിയ വാദമുഖങ്ങളില്‍ കോടതി സംശയം പ്രകടിപ്പിച്ചു. ട്രംപിന്റെ തീരുവക്കെതിരെ വ്യാപാരികളും ചില യു.എസ് സ്റ്റേറ്റുകളും നല്‍കിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. വ്യാപാരരംഗത്ത് ട്രംപിന്റെ തീരുവമൂലം വലിയ പ്രശ്‌നങ്ങളുണ്ടായെന്നാണ് ഹരജിക്കാരുടെ പ്രധാനവാദം. എന്നാല്‍, അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ പുനരുദ്ധാരണത്തിന് വേണ്ടിയാണ് തന്റെ നടപടികളെന്നാണ് ട്രംപിന്റെ വിശദീകരണം. അതേസമയം, ഇത്തരം കേസുകളില്‍ മാസങ്ങളെടുത്താവും യു.എസ് സുപ്രീംകോടതി തീരുമാനമെടുക്കുക. എന്നാല്‍, കേസിന്റെ പ്രാധാന്യം പരിഗണിച്ച് കേസില്‍ ആഴ്ചക്കള്‍ക്കകം തന്നെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തേ കേസ് വാദം കേള്‍ക്കാന്‍ താന്‍ നേരിട്ടെത്തും എന്നാണ് ട്രംപ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഈ പ്രസ്താവന പിന്‍വലിച്ചു. ട്രംപിന്റെ തീരുവകള്‍ ചട്ടവിരുദ്ധമാണെന്ന് നേരത്തേ യു എസ് കോര്‍ട്ട് ഓഫ് ഇന്റര്‍നാഷണല്‍ ട്രേഡ് വിധിച്ചിരുന്നു. സുപ്രീംകോടതി വിധി ഇന്ത്യ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ക്ക് നിര്‍ണായകമാണ്. തീരുവ ചട്ടവിരുദ്ധമാണെന്ന് യു എസ് സുപ്രീംകോടതി വിധിച്ചാല്‍ വാങ്ങിയ പകരം തീരുവ മുഴുവന്‍ ട്രംപ് ഭരണകൂടം തിരിച്ച് കൊടുക്കണ്ടി വരുമെന്നതാണ് യാഥാര്‍ഥ്യം.

Tags:    

Similar News