'മംദാനി അമേരിക്കയോട് ബഹുമാനം കാണിക്കണം; ഒരു കമ്യൂണിസ്റ്റ് ന്യൂയോര്‍ക്കില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നോക്കാം; ന്യൂയോര്‍ക്ക് സിറ്റി വിജയിക്കണം; മംദാനിയെ സഹായിക്കാന്‍ താന്‍ തയ്യാറാണ്'; മേയര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പ്രതികരിച്ചു ട്രംപ്

'മംദാനി അമേരിക്കയോട് ബഹുമാനം കാണിക്കണം;

Update: 2025-11-06 12:10 GMT

വാഷിങ്ടണ്‍: ന്യൂയോര്‍ക്ക് മേയറായി ചരിത്ര വിജയം നേടിയ സൊഹ്റാന്‍ മംദാനിയുടെ വിജയ പ്രസംഗം ട്രംപിനെയും അഭിസംബോധന ചെയ്തു കൊണ്ടായരുന്നു. ഈ പ്രസംഗത്തിനെതിരെ അമേരിക്കന്‍ പ്രസിഡന്റ് രംഗത്തെത്തി. മംദാനി അമേരിക്കയോട് ബഹുമാനം കാണിക്കണമെന്ന് ട്രംപ് പറഞ്ഞു. മംദാനിയെ സഹായിക്കാന്‍ താന്‍ തയ്യാറാണെന്നും നിയുക്ത മേയറുടേത് അപകടകരമായ പ്രസ്താവനയാണെന്നും അദ്ദേഹം പറഞ്ഞു. ഫോക്സ് ന്യൂസിന്റെ ബ്രെത് ബെയറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ പ്രതികരണം.

'അദ്ദേഹം അമേരിക്കയോട് കുറച്ച് ബഹുമാനം കാണിക്കണം. അല്ലെങ്കില്‍ അദ്ദേഹത്തിന് വിജയിക്കാനുള്ള സാധ്യതയില്ലാതാകും. അദ്ദേഹത്തെ ജയിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ന്യൂയോര്‍ക്ക് സിറ്റി വിജയിക്കണം', ട്രംപ് പറഞ്ഞു. എന്നാല്‍ മംദാനി ജയിക്കണമെന്നല്ല, ന്യൂയോര്‍ക്ക് ജയിക്കുകയാണ് തന്റെ ആഗ്രഹമെന്ന് ട്രംപ് ഉടനെ വ്യക്തമാക്കി.

ദുരന്തം മാത്രമേ വിതച്ചുള്ളുവെങ്കിലും കമ്മ്യൂണിസ്റ്റുകള്‍ക്കും മാര്‍ക്സിസ്റ്റുകള്‍ക്കും ആഗോളവാദികള്‍ക്കും ഒരു അവസരം ലഭിച്ചെന്നായിരുന്നു മംദാനിയുടെ വിജയത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. ഒരു കമ്യൂണിസ്റ്റ് ന്യൂയോര്‍ക്കില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് നോക്കാമെന്നും മിയാമിയിലെ അമേരിക്കന്‍ ബിസിനസ് ഫോറത്തില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ന്യൂയോര്‍ക്ക് മേയറായി ചരിത്ര വിജയം കുറിച്ചതിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ മംദാനി ട്രംപിനെ വിമര്‍ശിച്ചിരുന്നു. ട്രംപിനെ വളര്‍ത്തിയ നഗരം അദ്ദേഹത്തെ എങ്ങനെ തോല്‍പ്പിക്കുമെന്ന് രാജ്യത്തെ കാണിച്ചുവെന്ന് മംദാനി പരിഹസിച്ചു. തന്റെ പ്രസംഗം ട്രംപ് കേള്‍ക്കുന്നുണ്ടെന്ന് അറിയാമെന്നും ശബ്ദം കൂട്ടിവെച്ചോളൂവെന്നും അദ്ദേഹം പറഞ്ഞു. 'ട്രംപിനെ പോലുള്ള ശതകോടീശ്വരന്‍മാര്‍ക്ക് നികുതി ഒഴിവാക്കാനും നികുതി ഇളവുകള്‍ ചൂഷണം ചെയ്യാനും അനുവദിക്കുന്ന അഴിമതി സംസ്‌കാരം അവസാനിപ്പിക്കും. യൂണിയനുകളുടെ ഒപ്പം ഞങ്ങള്‍ നില്‍ക്കും. തൊഴില്‍ സംരക്ഷണം വികസിപ്പിക്കും', മംദാനി പറഞ്ഞു.

ന്യൂയോര്‍ക്ക് മേയറാകുന്ന ആദ്യ ഇന്ത്യന്‍ വംശജനും ഇന്ത്യന്‍ സംവിധായിക മീരാ നായരുടെ മകനുമാണ് മംദാനി. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോയെയും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവയെയും പരാജയപ്പെടുത്തിയാണ് ന്യൂയോര്‍ക്ക് സിറ്റിയുടെ 111-ാമത്തെ മേയറായി മംദാനി സ്ഥാനം ഉറപ്പിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് മുസ്ലീം മതവിഭാഗത്തില്‍ നിന്നും ഒരാള്‍ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ന്യൂയോര്‍ക്കില്‍ ഇതുവരെ മേയറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ കൂടിയാണ് മംദാനി.

Tags:    

Similar News