ഗള്‍ഫ് മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേല്‍ ആസ്തികളും ലക്ഷ്യമെന്ന് ഇറാന്റെ മുന്നറിയിപ്പ്; പിന്നാലെ ബഹ്‌റൈനിലും കുവൈത്തിലും സ്‌ഫോടനം; അബുദാബിയില്‍ എത്തിയ മിസൈല്‍ തകര്‍ത്തു; റിയാദില്‍ സൈനിക താവളത്തിന് സമീപവും സ്‌ഫോടനം; അമേരിക്കന്‍ - ഇസ്രായേല്‍ ഇടപെടല്‍ ഗള്‍ഫ് നാടുകളെ യുദ്ധക്കളമാക്കുന്നു; കടുത്ത ഭയാശങ്കയില്‍ ഗള്‍ഫിലെ പ്രവാസി മലയാളികള്‍

ഗള്‍ഫ് മേഖലയിലെ എല്ലാ യുഎസ്, ഇസ്രായേല്‍ ആസ്തികളും ലക്ഷ്യമെന്ന് ഇറാന്റെ മുന്നറിയിപ്പ്; പിന്നാലെ ബഹ്‌റൈനിലും കുവൈത്തിലും സ്‌ഫോടനം

Update: 2026-02-28 10:22 GMT

ടെഹ്‌റാന്‍: അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെ കടുത്ത ആശങ്കയില്‍ ഗള്‍ഫ് രാജ്യങ്ങള്‍. ഗള്‍ഫിലെ അമേരിക്കന്‍ സേനാകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈലുകള്‍ തൊടുത്തതോടെ എങ്ങും ആശങ്കയാണ്. അമേരിക്കന്‍-ഇസ്രായേല്‍ ആസ്തികള്‍ എല്ലാം തങ്ങളുടെ ലക്ഷ്യമാണെന്ന മുന്നറിയിപ്പാണ് ഇറാന്‍ ആദ്യം നല്‍കിയത്. അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായ ആക്രമണത്തിന് പിന്നാലെ ഇനി തങ്ങള്‍ക്ക് മുന്നില്‍ 'ചുവപ്പ് രേഖകള്‍' ഇല്ലെന്നും എന്തിനും തയ്യാറായിരിക്കണമെന്നും ഇറാന്‍ ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ മിസൈലുകള്‍ അയച്ചത്. ബഹറൈനിലും കുവൈത്തിലും അബുദാബിയിലും സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട് ട്ടുകളുണ്ട്. യുഎസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നാണ് വിവരം. ബഹ്‌റൈനില്‍ അടിയന്തര സൈറണ്‍ മുഴങ്ങിയതായും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. ബഹ്‌റൈനില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന തരത്തില്‍ നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബഹ്‌റൈനില്‍ അമേരിക്കന്‍ താവളത്തിന് സമീപത്തായി മിസൈല്‍ പതിച്ചെന്ന വിധത്തിലാണ് വീഡിയോകള്‍ പുറത്തുന്നത്. ബഹ്‌റൈനില്‍ അഞ്ചോളം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. ബഹ്റൈന്‍ ജുഫൈര്‍ ഭാഗത്താണ് യുഎസ് മിലിറ്ററി ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. ജുഫൈര്‍ ഭാഗത്തുനിന്നും പുക ഉയരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ബഹ്‌റൈനിലെ ജുഫൈര്‍, ഹിദ്ദ് പരിസരങ്ങളില്‍ രാവിലെ 11.45 ഓടെയാണ് സ്‌ഫോടനമുണ്ടായത്. ബഹ്റൈനിലെ യു.എസ് നേവിയുടെ അഞ്ചാം കപ്പല്‍പ്പടയുടെ ആസ്ഥാനത്തിന് നേരെയാണ് മിസൈല്‍ ആക്രമണം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സൈന്യം വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് മിസൈലുകളെ തടയാന്‍ ശ്രമിക്കുകയാണ്. അതോടൊപ്പം ബഹ്‌റൈനിലെ ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം ആഭ്യന്തര മന്ത്രാലയം നല്‍കിയിട്ടുണ്ട്. ഉച്ചത്തിലുള്ള സ്‌ഫോടനമോ മുന്നറിയിപ്പ് സൈറണുകളുടെ ശബ്ദമോ ഉണ്ടായാല്‍ സ്വീകരിക്കേണ്ട അടിയന്തര മുന്‍കരുതലുകളും മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തെ നാല് ഗവര്‍ണറേറ്റുകളിലേയും ഷെല്‍ട്ടറുകളുടെ വിവരങ്ങളും അതോറിറ്റി പുറത്തു വിട്ടിട്ടുണ്ട്.

അപ്ഡേറ്റുകള്‍ക്കായി ഔദ്യോഗിക റേഡിയോ, ടെലിവിഷന്‍ ചാനലുകള്‍ കാണണമെന്നും അടുത്തുള്ള കെട്ടിടത്തില്‍ അഭയം തേടുകയോ അല്ലെങ്കില്‍ സുരക്ഷിതവും അടച്ചിട്ടതുമായ സ്ഥലത്ത് അഭയം തേടുകയോ ചെയ്യണമെന്നും ജാഗ്രതാ നിര്‍ദേശത്തിലുണ്ട്. സൈനിക കേന്ദ്രങ്ങളുടെ പരിസരത്തുനിന്നും എല്ലാവരും അകന്നു നില്‍ക്കണം. വീടുകളിലോ മറ്റു സുരക്ഷിതയിടങ്ങളിലോ ജനങ്ങള്‍ തുടരണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ അല്ലാതെ പുറത്തു പോകരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഖത്തര്‍ ലക്ഷ്യമാക്കിയും മിസൈലുകള്‍ എത്തി. മിസൈലുകള്‍ തകര്‍ത്തുവെന്നാണ് ഖത്തര്‍ അവകാശപ്പെട്ടത്. പ്രദേശത്തെ പ്രത്യേക സാഹചര്യത്തില്‍ ദേശീയ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചുണ്ട്. സൈനിക കേന്ദ്രങ്ങളുടെ പരിസരത്ത് നിന്ന് എല്ലാവരും അകന്നു നില്‍ക്കണമെന്നും വീട്ടിലോ മറ്റെവിടെയെങ്കിലുമായോ അകത്തുതന്നെ തുടരണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. അപകടസാധ്യത ഒഴിവാക്കാന്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ പുറത്തുപോകുകയോ ചുറ്റിക്കറങ്ങുകയോ ചെയ്യരുതെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

അതേസമയം, ഖത്തറിലെ സ്ഥിതി സുരക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. പൊതു സുരക്ഷയും പൗരന്മാരുടെയും താമസക്കാരുടെയും സന്ദര്‍ശകരുടെയും സുരക്ഷയും ഉറപ്പാക്കാന്‍ സംയോജിത ഫീല്‍ഡ്-ഓപ്പറേറ്ററി സിസ്റ്റം 24 മണിക്കൂറും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മന്ത്രാലയം വിശദീകരിച്ചു.

ഗള്‍ഫ് നാടുകളില്‍ മിസൈല്‍ ആക്രമണം ഉണ്ടായത് ഇന്ത്യക്കാരെ കടുത്ത ആശങ്കയിലാക്കുന്നുണ്ട്. ഗള്‍ഫ് അശാന്തമാകുന്നത് പ്രവാസി മലയാളികളെ കടുത്ത ആശങ്കയിലാക്കുന്നു. കേരളത്തിലുള്ള കുടുംബങ്ങളും പുതിയ യുദ്ധപശ്ചാത്തലത്തില്‍ കടുത്ത ആശങ്കയിലാണ്. യു.എസ് ഇസ്രായേല്‍ സംയുക്ത ആക്രമണത്തിന് പിന്നാലെ പ്രത്യാക്രമണവുമായി ഇറാന്‍ രംഗത്തുന്നത്. ഇസ്രായേലിനു മേല്‍ ശക്തമായ മിസൈല്‍ ആക്രമണമാണ് ഇറാനും നടത്തിയത്. 30 മിസൈലുകള്‍ തൊടുത്തുവെന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേല്‍ എയര്‍ ഫോഴ്‌സും വ്യോമ പ്രതിരോധ സംവിധാനവും മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള ശ്രമിച്ചു.

Tags:    

Similar News