പാക്കിസ്ഥാനുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്; പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും പ്രശംസിച്ച് ഡൊണാള്‍ഡ് ട്രംപ്; അഫ്ഗാന്‍-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറെന്നും അമേരിക്കന്‍ പ്രസിഡന്റ്
പാക്കിസ്ഥാനുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്;
വാഷിംങ്ടണ്‍: പാക്കിസ്ഥാനെയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും പ്രശംസിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'പാക്കിസ്ഥാനുമായി എനിക്ക് വളരെ നല്ല ബന്ധമുണ്ട്, അവര്‍ക്ക് മികച്ച ഒരു പ്രധാനമന്ത്രിയും ജനറലുമുണ്ട്. പാകിസ്ഥാന്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അഫ്ഗാന്‍-പാക്കിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെടാന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ പാകിസ്ഥാന്‍ നിലവില്‍ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിലെ പ്രധാന നഗരങ്ങളായ കാബൂള്‍, കാണ്ഡഹാര്‍, പക്തിയ എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ വ്യോമാക്രമണം നടത്തിയതോടെയാണ് ഇരുരാജ്യങ്ങളും തുറന്ന പോരിലേക്ക് നീങ്ങിയത്. താലിബാന്‍ ഭരണകൂടം തീവ്രവാദികള്‍ക്ക് താവളമൊരുക്കുന്നു എന്നാരോപിച്ചായിരുന്നു പാകിസ്താന്റെ നീക്കം. ആക്രമണത്തില്‍ 12 പാക് സൈനികരും 13 താലിബാന്‍ പോരാളികളും കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, യുദ്ധസാഹചര്യത്തിനിടയിലും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എന്നും സംഭാഷണത്തിന്റെ പാതയാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുന്‍പും സമാനമായ സാഹചര്യങ്ങളില്‍ മധ്യസ്ഥത വഹിച്ചിട്ടുള്ള ഖത്തര്‍, നിലവിലെ സംഘര്‍ഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 2,600 കിലോമീറ്റര്‍ നീളുന്ന അതിര്‍ത്തിയില്‍ യുദ്ധം പടരുന്നത് മേഖലയിലെ സമാധാനത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്.
താലിബാന്‍ ഭരണത്തിന് കീഴിലുള്ള നഗരങ്ങളെ പാകിസ്ഥാന്‍ നേരിട്ട് ലക്ഷ്യം വെക്കുന്നത് ഇതാദ്യമായാണ്. ഈ പോരാട്ടത്തില്‍ പാകിസ്ഥാന് തങ്ങളുടെ സ്വയം പ്രതിരോധത്തിനുള്ള അവകാശമുണ്ടെന്ന് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും വ്യക്തമാക്കി. ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ യുഎസ് അണ്ടര്‍ സെക്രട്ടറി ആലിസണ്‍ ഹുക്കര്‍, സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് അറിയിച്ചു.
അതേസമയം, സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ പാകിസ്ഥാനിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് യുഎസ് എംബസി സുരക്ഷാ മുന്നറിയിപ്പ് നല്‍കി. പ്രധാന നഗരങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ഭീകരാക്രമണ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദ്ദേശം. നിലവിലെ ആക്രമണങ്ങളില്‍ ഇരുപക്ഷത്തും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. 12 സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചപ്പോള്‍, 13 പോരാളികള്‍ മരിച്ചതായി താലിബാനും അറിയിച്ചു. എന്നാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് സൂചന.
