കോഴിയെ കൊല്ലുന്ന ലാഘവത്തില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് നടത്തുന്ന അരുംകൊലകള്‍ അന്താരാഷ്ട്ര ശ്രദ്ധയില്‍; ലോകം സുഡാനിലേക്ക് നോക്കുമ്പോള്‍ കൂട്ടക്കൊലകള്‍ മറയ്ക്കാന്‍ വലിയ കുഴിമാടങ്ങള്‍ കുഴിച്ച് ആര്‍.എസ്.എഫ്; കൂട്ടക്കൊലയുടെ വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത് ഉപഗ്രഹ ചിത്രങ്ങള്‍
കോഴിയെ കൊല്ലുന്ന ലാഘവത്തില്‍ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് നടത്തുന്ന അരുംകൊലകള്‍ അന്താരാഷ്ട്ര ശ്രദ്ധയില്‍
എല്‍ഫാഷര്‍: കലാപം രൂക്ഷമായ സുഡാനിലെ പടിഞ്ഞാറന്‍ ഡാര്‍ഫര്‍ മേഖലയിലെ എല്‍-ഫാഷറില്‍ അര്‍ദ്ധസൈനിക റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സ് കൂട്ടക്കുഴിമാടങ്ങള്‍ കുഴിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. അമേരിക്കയിലെ യേല്‍ സര്‍വ്വകലാശാലയിലെ ഒരു ഗവേഷകനാണ് ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ പുറത്തു വിട്ടത്. നഗരം പിടിച്ചെടുത്ത റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സ് ആയിരക്കണക്കിന് ആളുകളെയാണ് കൊന്നൊടുക്കുന്നത്. കുഴിമാടങ്ങള്‍ ഒരുക്കുന്നതിന് ഒപ്പം വിമതര്‍ മൃതദേഹങ്ങളും ശേഖരിക്കുകയാണ്.
തങ്ങള്‍ നടത്തിയ കൂട്ടക്കൊലകള്‍ മറച്ചു വെയ്ക്കുന്നതിന് വേണ്ടിയാണ് ഇവര്‍ അടിയന്തരമായി കുഴിമാടങ്ങള്‍ തയ്യാറാക്കുന്നതെന്നാണ് കരുതപ്പെടുന്നത്. 2023 ഏപ്രില്‍ മുതല്‍ സുഡാന്റെ നിയന്ത്രണത്തിനായി അര്‍ദ്ധസൈനിക വിഭാഗത്തിനെതിരെ പോരാടുന്ന സുഡാനീസ് സായുധ സേന പിന്‍വാങ്ങിയതിനെത്തുടര്‍ന്നാണ് ഒക്ടോബര്‍ 26 ന്, വടക്കന്‍ ഡാര്‍ഫര്‍ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എല്‍-ഫാഷറിന്റെ നിയന്ത്രണം ആര്‍എസ്എഫ് പിടിച്ചെടുത്തത്.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ആര്‍എസ്എഫ് ഏറ്റെടുത്തതിനുശേഷം 70,000-ത്തിലധികം ആളുകള്‍ നഗരത്തില്‍ നിന്നും പരിസര പ്രദേശങ്ങളില്‍ നിന്നും പലായനം ചെയ്തിട്ടുണ്ട്. ഇവിടെ സ്ത്രീകളേയും കുട്ടികളേയും പ്രായമായവരേയും തെരഞ്ഞു പിടിച്ചാണ് വിമതര്‍ കൂട്ടക്കൊല നടത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. സ്ത്രീകളെ കൂട്ടത്തോടെ ബലാല്‍സംഗം ചെയ്യുന്നതും പതിവാണ്. പുരുഷന്‍മാരെ മാറ്റിനിര്‍ത്തിയാണ് വെടിവെച്ചു കൊല്ലുന്നത്.
ഉപഗ്രഹ ചിത്രങ്ങളാണ് ഇക്കാര്യങ്ങള്‍ തെളിവ് സഹിതം വെളിപ്പെടുത്തുന്നത്. എല്‍-ഫാഷറില്‍ ആയിരക്കണക്കിന് ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കരുതുന്നതായി യുഎന്‍ ഉദ്യോഗസ്ഥര്‍ ഈയിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. നിലവിലെ അരക്ഷിതാവസ്ഥ കാരണം അവര്‍ക്ക് ഭക്ഷണവും വെള്ളവും വൈദ്യസഹായവും എത്തിക്കാന്‍ കഴിയുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. ആഗോളതലത്തില്‍ സുഡാനില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയരുമ്പോഴും ഇതിന് ഉത്തരവാദികളായ സുഡാനിലെ വിമതര്‍ അക്കാര്യം നിഷേധിക്കുകയാണ്.
സുഡാനില്‍ ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളില്‍ റെഡ്‌ക്രോസും ഉത്ക്കണ്ഠ പ്രകടിപ്പിച്ചു. ആളുകളെ ഇവര്‍ ക്രൂരമായി കൊന്നു തള്ളുന്നതിന്റെ ദൃശ്യങ്ങളും സമൂഹാ മാധ്യമങ്ങളില്‍ വ്യാപകമാണ്. ഈ ദൃശ്യങ്ങളില്‍ അക്രമികള്‍ പൊട്ടിച്ചിരിച്ചു കൊണ്ട് ആളുകളെ മെഷീന്‍ ഗണ്‍ ഉപയോഗിച്ച് കൊന്നു തളളുന്നതായും കാണാം. ഒരു വീഡിയോയില്‍ ഒരു വിമതന്‍ പരസ്യമായി ഒരാളെ വെടിവച്ചുകൊല്ലുന്നത് കാണാം. കൊല്ലപ്പെടുന്ന വ്യക്തി വെടിയേല്‍ക്കുന്നതിന് മുമ്പ് താന്‍ കീഴടങ്ങിയതായി ആംഗ്യം കാണിക്കുന്നുണ്ട്.
ഇയാളെ കൊന്ന വ്യക്തി തുടര്‍ന്ന് ഒരു സഹപ്രവര്‍ത്തകനുമായി പുഞ്ചിരിച്ചു കൊണ്ട് ക്യാമറക്ക് മുന്നില്‍ പോസ് ചെയ്യുന്നുണ്ട്. ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്റെ കണക്കനുസരിച്ച്, ഒക്ടോബര്‍ 26 മുതല്‍ 70,000-ത്തിലധികം ആളുകള്‍ അല്‍-ഫാഷിറില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. നഗരത്തില്‍ ഇപ്പോഴും രണ്ട് ലക്ഷത്തോളം പേര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
