ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിച്ചേ മതിയാവൂ എന്ന് ട്രംപ് സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് പാലിക്കാന്‍ വിസമ്മതിച്ച് ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി; പ്രതികാര നടപടിയായി കോടികളുടെ സര്‍ക്കാര്‍ ഫണ്ട് തടഞ്ഞ് ട്രംപ്: ട്രമ്പിനോട് ഇടഞ്ഞ് നിലനില്‍പ്പ് അവതാളത്തിലാക്കി ലോകത്തെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാല
വാഷിങ്ടണ്‍: അമേരിക്കയിലെ വിഖ്യാതമായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് നല്‍കിയിരുന്ന 220 കോടി ഡോളറിന്റെ ഗ്രാന്റുകള്‍ മരവിപ്പിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ക്യാമ്പസിലെ ഇസ്രയേല്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ അവസാനിപ്പിച്ചേ മതിയാകൂ എന്ന് ട്രംപ് ഭരണകൂടം നല്‍കിയ ഉത്തരവ് പാലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഈ പ്രതികാര നടപടി ഉണ്ടായിരിക്കുന്നത്. കൂടാതെ ക്യാംപസിലെ പ്രതിഷേധങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതിന് സര്‍വകലാശാലയുമായി ബന്ധപ്പെട്ട 60 മില്യണ്‍ ഡോളറിന്റെ കരാറുകളും മരവിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനങ്ങളും നിയമന രീതികളും സ്വീകരിക്കുക, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഭരണവിഭാഗം എന്നിവരുടെ ഓഡിറ്റ് നടത്തുക, ക്യാംപസില്‍ മാസ്‌കുകള്‍ നിരോധിക്കുക എന്നിവയുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ച് സര്‍വകലാശാലയ്ക്ക് ട്രംപ് ഭരണകൂടം കത്തയച്ചിരുന്നു. സര്‍വകലാശാലയിലെ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍, നിയമവിരുദ്ധ അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ധനസഹായവും അംഗീകാരവും വെട്ടിക്കുറയ്ക്കാനും ട്രംപ് ഭരണകൂടം സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു.
ക്യാംപസിലെ വിദേശ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ ഇമിഗ്രേഷന്‍ അധികാരികളുമായി സഹകരിക്കാനും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കില്ലെന്ന് സര്‍വകലാശാല അറിയിച്ചു. ഇന്നലെയാണ് ട്രംപ് ഭരണകൂടം മുന്നോട്ടു വെച്ച നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാന്‍ ആകില്ലെന്ന് സര്‍വ്വകലാശാല വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് വൈറ്റ്ഹൗസ് ഗ്രാന്റുകള്‍ മരവിപ്പിക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് കടന്നത്. സര്‍ക്കാര്‍ മുന്നോട്ടുവച്ച ചില ആവശ്യങ്ങള്‍ ജൂതവിരുദ്ധതയെ ചെറുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെങ്കിലും അവയില്‍ ഭൂരിഭാഗവും ഹാര്‍വാര്‍ഡിലെ ബൗദ്ധിക സാഹചര്യങ്ങളുടെ നേരിട്ടുള്ള സര്‍ക്കാര്‍ നിയന്ത്രണമാണ് ലക്ഷ്യമിടുന്നതെന്ന് ചൂണ്ടികാട്ടിയാണ് സര്‍വകലാശാല നിര്‍ദേശങ്ങള്‍ നിരസിച്ചത്.
സര്‍വകലാശാല അതിന്റെ സ്വാതന്ത്യമോ ഭരണഘടനപരമായ അവകാശങ്ങളോ ഉപേക്ഷിക്കാന്‍ തയാറാകില്ലെന്നും ഹാര്‍വാര്‍ഡ് പ്രസിഡന്റ് അലന്‍ ഗാര്‍ബര്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി കാമ്പസുകളെ ബാധിച്ച പഠനപരമായ തടസ്സങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ജൂത വിദ്യാര്‍ഥികള്‍ക്കെതിരായ പീഡനങ്ങള്‍ അസഹനീയമാണെന്നും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. നികുതിദായകരുടെ പിന്തുണ തുടര്‍ന്നും ലഭിക്കണമെങ്കില്‍, ഉന്നത സര്‍വകലാശാലകള്‍ ഈ പ്രശ്നം ഗൗരവമായി കാണുകയും അര്‍ത്ഥവത്തായ മാറ്റത്തിന് പ്രതിജ്ഞാബദ്ധരാകുകയും ചെയ്യേണ്ടതുണ്ടെന്നും ജൂത വിരോധം തടയുന്നതിനുള്ള സംയുക്ത ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി. ഇസ്രയേല്‍ ഹമാസിനെതിരെ യുദ്ധം ആരംഭിച്ചതിനെ തുടര്‍ന്നാണ് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലും പ്രശ്നങ്ങള്‍ തുടങ്ങിയത്.
ഹാര്‍വാര്‍ഡിലെ ജൂതവിരുദ്ധ നടപടികളുടെ പേരില്‍ സര്‍വ്വകലാശാല പ്രസിഡന്റായിരുന്ന ക്ലൗഡിന്‍ഗേ രാജി വെച്ചിരുന്നു. അതേ സമയം അമേരിക്ക ഏത് പാര്‍ട്ടി ഭരി്ച്ചാലും അവര്‍ക്ക് സര്‍വ്വകലാശാലകളുടെ മേല്‍ അമിതമായ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയില്ല എന്ന നിലപാടാണ് ഹാര്‍വാര്‍ഡ് അധികൃതര്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചത്. എന്നാല്‍ വൈറ്റ്ഹൗസ് ചൂണ്ടിക്കാട്ടുന്നത് അമേരിക്കന്‍ ജനത നല്‍കുന്ന നികുതിപ്പണം ഒരു കാരണവശാലും ഇത്തരം വംശീയ വിരോധത്തിന് നല്‍കാന്‍ കഴിയുകയില്ലെ എന്നാണ്. ഇക്കാര്യത്തില്‍ ഹാര്‍വാഡല്ല മറ്റേത് സര്‍വ്വകലാശാല ആയാലും ഇത് തന്നെ ആയിരിക്കും നിലപാട് എന്നും അധികൃതര്‍ വ്യക്തമാക്കി. ഇതേ വിഷയത്തില്‍ അമേരിക്കയിലെ പ്രമുഖ സര്‍വ്വകലാശാലകളായ പെന്‍സില്‍വാനിയ, പ്രിന്‍സ്റ്റണ്‍, ബ്രൗണ്‍ എന്നിവയും സര്‍ക്കാര്‍ നടപടി നേരിടുകയാണ്.