വെനസ്വേലയ്ക്ക് പിന്നാലെ ഖമേനിയെയും ട്രംപ് തൂക്കുമോ? ഇറാനില്‍ ഭരണവിരുദ്ധ പ്രക്ഷോഭം നാള്‍ക്കുനാള്‍ ശക്തിപ്രാപിക്കുമ്പോള്‍ മധ്യേഷ്യയിലേക്ക് യുഎസിന്റെ വമ്പന്‍ സൈനികനീക്കം; യുഎസിന്റെ നിരീക്ഷണ വിമാനമായ പി-8 ഇറാന്റെ വ്യോമാതിര്‍ത്തി കടന്ന് നിരീക്ഷണം നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍; ട്രംപ് പയറ്റുന്നത് വിരട്ടല്‍ തന്ത്രമെന്നും വിലയിരുത്തലുകള്‍

വെനസ്വേലയ്ക്ക് പിന്നാലെ ഖമേനിയെയും ട്രംപ് തൂക്കുമോ?

Update: 2026-01-08 09:12 GMT

വാഷിങ്ടണ്‍: വെനസ്വേലയില്‍ സൈനിക നീക്കം നടത്തി പ്രസിഡന്റ് നിക്കോളജ് മഡുറോയെയും ഭാര്യയെയും തൂക്കിയെടുത്തു കൊണ്ടുപോയ യുഎസ് പ്രസിഡന്റ് ട്രംപിന്റെ ശൈലി ലോകത്തെ ശരിക്കും നടക്കുന്നതായിരുന്നു. ഇതോടെ കൂടുതല്‍ രാജ്യങ്ങളും ആശങ്കയിലായി. ഇറാനിലായിരുന്നു ഈ ആശങ്ക ശക്തമായ മറ്റൊരിടം. കുറച്ചു ദിവസങ്ങളായി ഇറാനില്‍ ജനങ്ങളുടെ പ്രക്ഷോഭം ആളിക്കത്തുകയാണ്. ഇതിനിടെ ഈ നീക്കങ്ങള്‍ക്ക് പിന്നില്‍ അമേരിക്കയ്ക്ക് പങ്കുണ്ടോ എന്ന സംശയവും ശക്തമായിരുന്നു.

ഇപ്പോഴിതാ വെനസ്വേലക്ക് പിന്നാലെ ഇറാനിലും സൈനികമായി ഇടപെടാന്‍ യുഎസ് തയ്യാറെടുക്കുന്നുവെന്ന് അഭ്യൂഹം ലോകത്ത് പരക്കുകയാണ്. യുഎസ് വ്യോമസേനയുടെ ഏറ്റവും വലിയ ചരക്കുവിമാനമായ സി-5, സി-17 എന്നീ വിമാനങ്ങളും യുദ്ധവിമാനങ്ങള്‍ക്ക് ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാനായി ഉപയോഗിക്കുന്ന ടാങ്കര്‍ വിമാനങ്ങളും മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. യുഎസില്‍നിന്ന് യുകെയിലെ വ്യോമതാവളത്തിലേക്കാണ് ഇവ പുറപ്പെട്ടത്. ഇതോട ഇറാനെ ലക്ഷ്യമിട്ടാണോ ഈ നീക്കങ്ങളെന്ന സംശയമാണ് ഉയരുന്നത്.

ബ്രിട്ടനിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ്, മൈല്‍ഡന്‍ഹാള്‍, ലേക്കന്‍ഹീത്ത് എന്നീ വ്യോമതാവളങ്ങളിലാണ് യുഎസ് വിമാനങ്ങളെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇവിടേക്ക് വലിയ തോതില്‍ ഇത്തരം വിമാനങ്ങള്‍ എത്തുന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. യൂറോപ്പിലേയും മധ്യേഷ്യയിലെയും യുഎസ് സൈനിക നീക്കങ്ങള്‍ക്ക് ഉപയോഗിക്കുന്ന വ്യോമതാവളാണ് ഇവ.

സി-5, സി-17 ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങള്‍ സൈനികര്‍ക്ക് പുറമെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാഹനങ്ങളുമൊക്കെ കൊണ്ടുപോകാനായി ഉപയോഗിക്കുന്നവയാണ്. സൈനികര്‍, കനത്ത കവചിത വാഹനങ്ങള്‍, ചിനൂക്ക്, ബ്ലാക്ക് ഹോക്ക് തുടങ്ങിയ ഹെലികോപ്റ്ററുകള്‍ എന്നിവ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കാനാണ് ഇവ ഉപയോഗിക്കുന്നത്. വലിയ തോതിലുള്ള സൈനിക നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇത്തരത്തിലൊരു നീക്കം നടന്നതായി യുഎസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, വിമാനങ്ങള്‍ വ്യോമതാവളങ്ങളില്‍നിന്ന് പുറപ്പെട്ടുവെന്ന തരത്തിലുള്ള വീഡിയോകളും വിവരങ്ങളും 'എക്സി'ല്‍ പ്രചരിക്കുന്നുണ്ട്. സൈനിക നിരീക്ഷകരുടെ അഭിപ്രായത്തില്‍, ഈ വിന്യാസത്തിന്റെ വേഗതയും അളവും പരിശോധിക്കുമ്പോള്‍ ഇത് സാധാരണ പരിശീലനമല്ലെന്നും മറിച്ച്, അടിയന്തര സാഹചര്യങ്ങള്‍ നേരിടാനുള്ള മുന്‍കരുതല്‍ പദ്ധതികളുടെ ഭാഗമായാണെന്നുമാണ് വിലയിരുത്തല്‍

യുകെയിലെത്തിയ വിമാനങ്ങളില്‍ പലതും അമേരിക്കയുടെ 160-ാമത് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഏവിയേഷന്‍ റെജിമെന്റുമായി ബന്ധപ്പെട്ടവയാണെന്നത് അതീവപ്രാധാന്യം അര്‍ഹിക്കുന്നു. രാത്രികാലങ്ങളില്‍ രഹസ്യമായി ശത്രുമേഖലകളില്‍ സൈനികരെ എത്തിക്കുന്നതില്‍ വൈദഗ്ധ്യമുള്ള വിഭാഗമാണിത്. ഇതിനുപുറമെ, കനത്ത ആയുധശേഷിയുള്ള എ.സി -13ജെ ഗോസ്റ്റ്റൈഡര്‍ വിമാനങ്ങളും വിന്യസിച്ചിട്ടുണ്ട്. ഇവ കരസേനയ്ക്ക് വ്യോമസഹായം നല്‍കാനും ശത്രുലക്ഷ്യങ്ങളെ തകര്‍ക്കാനും ശേഷിയുള്ളവയാണ്. മധ്യേഷ്യയിലെ യുഎസ് സൈനിക താവളത്തിലേക്ക് പെട്ടെന്ന് എത്തുന്നതിന് വേണ്ടിയാണ് ഇവയെല്ലാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മധ്യേഷ്യയിലേക്ക് ഇത്രയധികം വലിയൊരു സേനാനീക്കത്തിന്റെ ആവശ്യകത നിലവില്ല. അതിനാല്‍ ഇത് ലക്ഷ്യമിടുന്നത് ഇറാനെയാണെന്നാണ് അഭ്യൂഹം. കഴിഞ്ഞദിവസം യുഎസിന്റെ നിരീക്ഷണ വിമാനമായ പി-8 ഇറാന്റെ വ്യോമാതിര്‍ത്തി കടന്ന് നിരീക്ഷണം നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചില്ലെങ്കിലും ഫ്ലൈറ്റ് റഡാര്‍ വിവരങ്ങള്‍ പി-8 ന്റെ സാന്നിധ്യം ഇറാന്‍ വ്യോമാതിര്‍ത്തിയില്‍ സ്ഥിരീകരിക്കുന്നുണ്ട്. നേരിട്ടുള്ള ഏറ്റുമുട്ടലിന് പകരം ഇറാന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്നും വ്യാഖ്യാനിക്കുന്നവരുണ്ട്.

ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രതിഷേധം ശക്തിപ്രാപിക്കുകയാണ്. നൂറിലേറെ നഗരങ്ങളിലാണ് പരമോന്നത നേതാവായ ആയത്തുള്ള ഖമനേയിക്കെതിരെ പ്രക്ഷോഭം നടക്കുന്നത്. രാജ്യത്തെ ഒട്ടുമിക്ക പ്രവിശ്യകളിലേക്കും പ്രക്ഷോഭം വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ക്കുകയും ഒട്ടേറെ പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെ ഇറാനില്‍ സൈനിക ഇടപെടലുണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഈ മുന്നറിയിപ്പും ഇപ്പോഴത്തെ സൈനിക നീക്കവും തമ്മില്‍ കൂട്ടിവായിച്ചാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ഇറാന്റെ ദേശീയ കറന്‍സിയായ റിയാലിന്റെ മൂല്യം കൂപ്പുകുത്തിയതും ഇതിനൊപ്പം അസഹനീയമായ തലത്തിലേക്ക് വിലക്കയറ്റം കൈവിട്ടുയര്‍ന്നതിനും പിന്നാലെയാണ് ഇറാനില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

വിലക്കയറ്റം അടക്കം ശക്തമായതോടെയാണ് ഇറാനില്‍ ഭരണകൂടം പ്രതിസന്ധിയിലായത്. തെരുവിലെ പൊതുജനങ്ങളുടെ രോഷത്തിനും അമേരിക്കയുടെ കര്‍ശനമായ ആവശ്യങ്ങള്‍ക്കും ഭീഷണികള്‍ക്കും ഇടയില്‍ നേതാക്കള്‍ കുടുങ്ങിയിരിക്കുകയാണ്. പ്രക്ഷോഭം മുന്നോട്ടുപോവുകയും അമേരിക്ക ഇടപെടുകയും ചെയ്താല്‍ നിലവിലുള്ള അവസ്ഥ അപകടകരമാവുമെന്ന് ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് ജൂണില്‍ 12 ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാന്റെ സാമ്പത്തികാവസ്ഥ കൂടുതല്‍ വഷളായിട്ടുണ്ട്. അതിനിടെയാണ് പൊതുജനം ഭരണകൂട്ടത്തിനെതിരേ തെരുവിലിറങ്ങിയത്. വെനസ്വേലയിലെ യുഎസ് നടപടിക്ക് ശേഷം, 'ട്രംപിന്റെ ആക്രമണോത്സുക വിദേശനയത്തിന്റെ അടുത്ത ഇര' ഇറാന്‍ ആയേക്കാമെന്ന് അധികൃതര്‍ ഭയപ്പെടുന്നുവെന്ന് റോയിറ്റേഴ്സ് ചൂണ്ടിക്കാട്ടുന്നു.

ഇറാനിയന്‍ സമ്പദ് വ്യവസ്ഥ വര്‍ഷങ്ങളായി യുഎസ് അടക്കമുള്ള പാശ്ചാത്യ ശക്തികളുടെ ഉപരോധങ്ങളാല്‍ തകര്‍ന്ന അവസ്ഥയിലാണ്. കൂടാതെ, ആണവകേന്ദ്രങ്ങളെ ലക്ഷ്യംവെച്ച് ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ സൈനികരും സാധാരണക്കാരുമുള്‍പ്പെടെ ആയിരത്തിലേറെപ്പേര്‍ കൊല്ലപ്പെടുകയും അതിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആണവകേന്ദ്രങ്ങള്‍ക്കും തകരാറുകള്‍ സംഭവിച്ചു. ദിവസങ്ങള്‍ നീണ്ടസംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയുമായുള്ള സഹകരണം ഇറാന്‍ അവസാനിപ്പിച്ചതായുള്ള വാര്‍ത്തയും പുറത്തുവന്നു.

വിലക്കയറ്റത്തെയും നാണയപ്പെരുപ്പത്തെയും തുടര്‍ന്ന് ഭരണകൂടത്തിനെതിരേയുള്ള പ്രതിധേഷത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി. ഒട്ടേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയു ചെയ്തു. പ്രക്ഷോഭത്തിനിറങ്ങിയവരെ ഇറാന്‍ ഭരണകൂടം ആക്രമിക്കുകയാണെങ്കില്‍ തങ്ങള്‍ ഇടപെടുമെന്ന അമേരിക്കയുടെ ഭീഷണിക്കു മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങില്ലെന്നും കലാപകാരികളെ ഒതുക്കിനിര്‍ത്താന്‍ അറിയാമെന്നും ഖമനേയി പറഞ്ഞു.

'ഏകാധിപതിക്ക് മരണം' എന്ന മുദ്രാവാക്യം വിളിച്ചാണ് തെരുവില്‍ ചിലര്‍ പ്രതിഷേധിക്കുന്നത്. 2022-ന്റെ അവസാനത്തില്‍ കുര്‍ദ് വനിത മഹ്‌സ അമിനിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ ദേശീയ പ്രതിഷേധങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രക്ഷോഭത്തിനാണ് ഇറാന്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്.

Tags:    

Similar News