'ആദ്യം വെടിവെക്കും, ചോദ്യങ്ങള്‍ പിന്നീട്'; അമേരിക്ക ഗ്രീന്‍ലാന്‍ഡിനെ ആക്രമിച്ചാല്‍ ഡെന്മാര്‍ക്ക് സ്വീകരിക്കുന്ന വഴി ഇങ്ങനെ; നാറ്റോ സഖ്യത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചു ട്രംപ് മുന്നോട്ടു പോയാല്‍ പ്രത്യാഘാതം ഗുരുതരമെന്ന് മുന്നറിയിപ്പ്; ട്രംപിന്റെ ഭീഷണികളില്‍ ചൊടിച്ചു യൂറോപ്യന്‍ നേതാക്കള്‍

'ആദ്യം വെടിവെക്കും, ചോദ്യങ്ങള്‍ പിന്നീട്'

Update: 2026-01-08 05:18 GMT

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് മുന്നറിയിപ്പുമായി ഡെന്‍മാര്‍ക്ക്. അമേരിക്ക ഗ്രീന്‍ലാന്‍ഡിനെ ആക്രമിച്ചാല്‍ ആദ്യം വെടിവയ്ക്കും എന്നും പിന്നീട് ചോദ്യങ്ങള്‍ ചോദിക്കും എന്നാണ് മുന്നറിയിപ്പ്. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ നേതാക്കളുടെ കടുത്ത മുന്നറിയിപ്പുകള്‍ അവഗണിച്ച്, ദ്വീപ് പിടിച്ചെടുക്കാന്‍ സൈന്യത്തെ ഉപയോഗിക്കുമെന്ന ട്രംപ് ഭരണകൂടത്തിന്റെ ഭീഷണിയെത്തുടര്‍ന്ന് ഈ ആഴ്ച സംഘര്‍ഷം വര്‍ദ്ധിച്ചിരിക്കുകയാണ്. ഗ്രീന്‍ലാന്‍ഡിനെ പ്രതിരോധിക്കുന്നത് ഡെന്‍മാര്‍ക്ക് തുടരുക തന്നെ ചെയ്യും.

ഉത്തരവുകള്‍ക്കായി കാത്തിരിക്കാതെ സൈനികര്‍ അധിനിവേശ സേനയെ 'ഉടനടി' ആക്രമിക്കണമെന്ന് 1952 ലെ നിയമം ഉണ്ടെന്നാണ് ഡാനിഷ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിരിക്കുന്നത്. ഈ നിയമം ഇപ്പോഴും പ്രാബല്യത്തില്‍ തുടരുന്നു എന്നാണ് അവര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഉന്നത ഉപദേഷ്ടാക്കളും ഗ്രീന്‍ലാന്‍ഡ് വാങ്ങുകയോ അതിന്റെ പ്രതിരോധ ചുമതല ഏറ്റെടുക്കുകയോ ചെയ്യുന്നതുള്‍പ്പെടെയുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് ഡെന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനം പ്രഖ്യാപിക്കുന്നത്.

'യുഎസ് സൈന്യത്തെ ഉപയോഗിക്കുന്നത് എല്ലായ്പ്പോഴും ഒരു ഓപ്ഷനാണെന്ന്' വൈറ്റ് ഹൗസ് ഭീഷണിപ്പെടുത്തുന്ന രീതിയിലാണ് പറഞ്ഞത്. നാറ്റോ നേതാക്കളുടെ പ്രതിഷേധങ്ങള്‍ക്കിടയിലും ഈ പ്രശ്നം 'ഒഴിവാകില്ല' എന്നും അമേരിക്ക മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ആര്‍ട്ടിക് മേഖലയില്‍ ചൈനയില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള വര്‍ദ്ധിച്ചുവരുന്ന ഭീഷണികള്‍ക്കെതിരെ നാറ്റോ സുരക്ഷ ഉറപ്പാക്കാന്‍ യുഎസ് ഗ്രീന്‍ലാന്‍ഡിനെ നിയന്ത്രിക്കേണ്ടതുണ്ടെന്നാണ് ട്രംപ് വാദിക്കുന്നത്.

ഡാനിഷ് പത്രമായ ബെര്‍ലിംഗ്‌സ്‌കെ വെളിപ്പെടുത്തിയത് 1952 ലെ നിയമം പറയുന്നത്, ഒരു അധിനിവേശം നടന്നാല്‍, 'ആക്രമിക്കപ്പെട്ട സേന യുദ്ധപ്രഖ്യാപനത്തെക്കുറിച്ചോ യുദ്ധാവസ്ഥയെക്കുറിച്ചോ അറിഞ്ഞില്ലെങ്കില്‍ പോലും, ഉത്തരവുകള്‍ക്കായി കാത്തിരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യാതെ ഉടന്‍ തന്നെ പോരാട്ടം ആരംഭിക്കണം' എന്നാണ്. അമേരിക്ക് ഗ്രീന്‍ലാന്‍ഡിനെ ആക്രമിച്ചാല്‍ എങ്ങനെ പ്രതികരിക്കണമെന്ന് യൂറോപ്യന്‍ സഖ്യകക്ഷികള്‍ ഇപ്പോള്‍ നിര്‍ണായക ചര്‍ച്ചകള്‍ നടത്തുകയാണ്. ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായാല്‍ നാറ്റോ സഖ്യം അതോടെ അവസാനിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

ഗ്രീന്‍ലാന്‍ഡിനെതിരായ ട്രംപിന്റെ ഭീഷണികള്‍ യൂറോപ്യന്‍ നേതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇന്നലെ നാറ്റോ സഖ്യ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഒരു സംയുക്ത പ്രസ്താവന നടത്തിയിരുന്നു. യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോളണ്ട്, സ്പെയിന്‍, ഡെന്‍മാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നുള്ള ഏഴ് നേതാക്കള്‍ ഗ്രീന്‍ലാന്‍ഡിനെ 'പ്രതിരോധിക്കുന്നത് നിര്‍ത്തില്ലെന്ന്' പ്രഖ്യാപിച്ചിട്ടുണ്ട്. അവര്‍ അമേരിക്കയെ 'അവശ്യ പങ്കാളി' എന്ന് വിളിക്കുകയും 1951 ല്‍ അമേരിക്കയും ഡെന്‍മാര്‍ക്കും ഒരു പ്രതിരോധ കരാറില്‍ ഒപ്പുവച്ചുവെന്ന് ആവര്‍ത്തിക്കുകയും ചെയ്തു.

ഗ്രീന്‍ലാന്‍ഡ് അവിടുത്തെ ജനങ്ങളുടേതാണ് എന്നും ഡെന്‍മാര്‍ക്കിനെയും ഗ്രീന്‍ലാന്‍ഡിനെയും സംബന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് ഇരു രാജ്യങ്ങളും ആണെന്നും അവര്‍ പറഞ്ഞു. ഏതായാലും ഇതിന് മറുപടി എന്ന രീതിയില്‍ അമേരിക്ക ഒരു എണ്ണടാങ്കര്‍ പിടിച്ചെടുത്തിരുന്നു. വെനിസ്വേലയില്‍ നിന്ന് അനുവദനീയമായ എണ്ണ കടത്തുകയായിരുന്ന കപ്പലിന് അകമ്പടി സേവിക്കാന്‍ മോസ്‌കോ അടുത്തിടെ ഒരു അന്തര്‍വാഹിനി അയച്ചിരുന്നു. നാറ്റോ സഖ്യ കക്ഷികള്‍ പലരും പണം തരുന്നില്ല എന്നും എല്ലാം അമേരിക്കയുടെ തലയില്‍ വെച്ചതായും ട്രംപ് വിമര്‍ശിച്ചിരുന്നു.

Tags:    

Similar News