ജപ്പാന്‍ പ്രധാന ധാന്യങ്ങളുടെ ക്ഷാമവും വിലക്കയറ്റവും കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍ തനിക്ക് ഒരിക്കലും അരി വാങ്ങേണ്ടി വന്നിട്ടില്ല എന്ന് കൃഷിമന്ത്രി ടാക്കു എറ്റോ; ആ മന്ത്രിക്ക് ജപ്പാനില്‍ കസേര പോയി

Update: 2025-05-22 07:01 GMT

രാജ്യത്തിന്റെ യഥാര്‍ത്ഥസ്ഥിതി അറിയാത്ത തരത്തില്‍ വിവാദ പ്രസ്താവന നടത്തിയ ജപ്പാനിലെ കൃഷി മന്ത്രി രാജിവെച്ചു. ജപ്പാന്‍ പ്രധാന ധാന്യങ്ങളുടെ ക്ഷാമവും വിലക്കയറ്റവും കൊണ്ട് ബുദ്ധിമുട്ടുമ്പോള്‍ തനിക്ക് ഒരിക്കലും അരി വാങ്ങേണ്ടി വന്നിട്ടില്ല എന്ന കൃഷിമന്ത്രി ടാക്കു എറ്റോയുടെ പ്രസ്താവന വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഞായറാഴ്ച നടന്ന ഒരു പാര്‍ട്ടി സെമിനാറിലാണ് അദ്ദേഹം ഈ വിചിത്രമായ അഭിപ്രായ പ്രകടനം നടത്തിയത്. ഇതിനെ തുടര്‍ന്ന് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പല പ്രമുഖരും രംഗത്ത് വന്ന സാഹചര്യത്തിലാണ് മന്ത്രി പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്ക്ക് രാജി സമര്‍പ്പിച്ചത്. തന്റെ അനുയായികള്‍ എപ്പോഴും തനിക്ക് അരി സമ്മാനമായി നല്‍കിയിട്ടുണ്ടെന്നും അത് കൊണ്ട് താന്‍ അത് വാങ്ങേണ്ടതില്ലെന്നും എറ്റോ വിളിച്ചു പറഞ്ഞിരുന്നു.

എന്നാല്‍ ഭക്ഷ്യക്ഷാമം കാരണം ദുരിതത്തിലായ ജപ്പാനിലെ ജനങ്ങള്‍ മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവനക്ക് എതിരെ പ്രതിഷേധം ശക്തമാക്കുകയായിരുന്നു. അരിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് മനസിലാക്കാതെ താന്‍ നടത്തിയത് അനുചിതമായ പരാമര്‍ശമായിരുന്നു എന്ന് രാജിക്ക് ശേഷം ടാക്കു എറ്റോ മാധ്യമങ്ങളോട് ഏറ്റുപറഞ്ഞു. അരിവില ഇത്രയും വലിയ തോതില്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ മന്ത്രിസ്ഥാനത്ത് തുടരുന്നത് ഉചിതമാണോ എന്ന കാര്യം താന്‍ സ്വന്തം മനസാക്ഷിയോട് ചോദിച്ചു എന്നും ഉചിതമല്ല എന്നാണ് തനിക്ക് അവിടെ നിന്ന് കിട്ടിയ മറുപടി എന്നും ടാക്കു എറ്റോ വെളിപ്പെടുത്തി. ഇത്തരത്തില്‍ മോശമായ പരാമര്‍ശം നടത്തിയതിന് താന്‍ ജനങ്ങളോട് വീണ്ടും മാപ്പ് ചോദിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെ ഉച്ചയോടെ എറ്റോ സ്വമേധയാ രാജിവച്ചില്ലെങ്കില്‍ അദ്ദേഹത്തിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 2023 ല്‍ ചൂട് കാലാവസ്ഥ കാരണം വിളവ് കുറഞ്ഞതിനാല്‍ ജപ്പാന്‍ രൂക്ഷമായ അരിക്ഷാമം നേരിടുകയാണ്. കൂടാതെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സര്‍ക്കാര്‍ വലിയൊരു ഭൂകമ്പം വരാന്‍ പോകുന്നു എന്ന മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടു പിന്നാലെ ജനങ്ങള്‍ വന്‍തോതില്‍ സാധനങ്ങള്‍ വാങ്ങിക്കൂട്ടിയതും ഇപ്പോഴത്തെ ക്ഷാമത്തിന് കാരണമായിട്ടാണ് ചൂണ്ടിക്കാട്ടുന്നത്. കാര്‍ഷിക മേഖലയില്‍ വളത്തിന്റെയും മറ്റ് അനുബന്ധ വസ്തുക്കളുടേയും വില വര്‍ദ്ധിച്ചതിനെ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി വിമര്‍ശിച്ചിരുന്നു. പ്രതിസന്ധി നേരിടുന്നതിനായി സര്‍ക്കാര്‍ കരുതലായി സൂക്ഷിച്ചിരുന്ന അരിയും മറ്റ് ഭക്ഷ്യസാധനങ്ങളും വിപണിയില്‍ എത്തിച്ചിരുന്നു.

കഴിഞ്ഞ 25 വര്‍ഷത്തിന് ശേഷം ജപ്പാന്‍ ആദ്യമായി തെക്കന്‍ കൊറിയയില്‍ നിന്ന് അരി ഇറക്കുമതി ചെയ്തിരുന്നു. അരിയുടെ വില അഞ്ചിരട്ടിയായി വര്‍ദ്ധിച്ചിരുന്നു. ടാക്കു എറ്റോക്ക് പകരം മുന്‍ പരിസ്ഥിതി മന്ത്രിയായ ഷിന്‍ജിറോ കൊയിസുമിയെ പുതിയ കൃഷി മന്ത്രിയാക്കി. അടുത്ത ജൂലൈയില്‍ ജപ്പാനില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഭക്ഷ്യ ധാന്യങ്ങളുടെ അഭൂതപൂര്‍വ്വമായ വിലവര്‍ദ്ധന അടുത്ത തെരഞ്ഞെടുപ്പില്‍ നിലവിലെ ഭരണ കക്ഷിക്ക് വന്‍ തിരിച്ചടിയാകും എന്ന കാര്യം ഉറപ്പാണ്.

Similar News