ഫ്രാന്‍സ് വഴി ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റത്തിന് അറുതി വരുന്നു; അനധികൃത കുടിയേറ്റത്തെ ബ്രിട്ടനും ഫ്രാന്‍സും ഇനി ഒരുമിച്ച് നേരിടും

Update: 2025-07-09 03:39 GMT

ലണ്ടന്‍: ചാനല്‍ വഴിയുള്ള അനധികൃത കുടിയേറ്റം തടയുന്നതിനായി ഫ്രാന്‍സും ബ്രിട്ടനും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മാക്രോണ്‍ പ്രഖ്യാപിച്ചു. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അനധികൃത കുടിയേറ്റം ഇരു രാജ്യങ്ങള്‍ക്കും വലിയൊരു ബാദ്ധ്യതയായി മാറിയിരിക്കുകയാണെന്ന് വെസ്റ്റ്മിനിസ്റ്ററിലെ രാഷ്ട്രീയ നേതൃത്വത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ചാനല്‍ കടന്ന് അഭയാര്‍ത്ഥികള്‍ എത്തുന്നത് തടയാന്‍ താനും കീര്‍ സ്റ്റാര്‍മറും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യൂറോപ്യന്‍ യൂണിയന്റെ ഷെന്‍ങ്കന്‍ മേഖലയിലെത്തുന്ന അഭയാര്‍ത്ഥികളില്‍ മൂന്നിലൊന്ന് ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ ഇവരുടെ പ്രവാഹം തടുക്കാന്‍, യൂറോപ്യന്‍ യൂണിയന്‍ മുഴുവനും ഒരുമിച്ച് ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബില്യന്‍ കണക്കിന് പൗണ്ടുകള്‍ കൈമാറിയിട്ടും അനധികൃതമായി ചാനല്‍ വഴിയുള്ള കുടിയേറ്റം തടയുന്നതില്‍ ഫ്രാന്‍സ് പരാജയപ്പെട്ടതിനെ കുറിച്ച് നേരത്തെ മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു.

ഈ വര്‍ഷം ഇതുവരെ ചാനല്‍ വഴിയെത്തിയ അനധികൃത അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 56 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2018 മുതലുള്ള കണക്കുകള്‍ പറയുന്നത് ഇതുവരെ ചെറുയാനങ്ങളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്ന് 1,72,255 അനധികൃത അഭയാര്‍ത്ഥികള്‍ ബ്രിട്ടനില്‍ എത്തിയിട്ടുണ്ട് എന്നാണ്. അതില്‍ ഭൂരിഭാഗം പേരും ഫ്രാന്‍സിന്റെ തീരപ്രദേശങ്ങളില്‍ നിന്നാണ് ബോട്ട് യാത്ര ആരംഭിക്കുന്നത്. ഇതില്‍ 4 ശതമാനം പേരെ മാത്രമാണ് തിരിച്ചയച്ചിട്ടുള്ളത്.

എങ്ങും അസ്ഥിരതയും അനിശ്ചിതത്വവും നിലനില്‍ക്കുന്ന ലോകത്ത്, ജീവിക്കാന്‍ കൂടുതല്‍ മെച്ചപ്പെട്ട സാഹചര്യങ്ങള്‍ തേടി മനുഷ്യര്‍ പോകാന്‍ ആഗ്രഹിക്കുന്നത് ഒരു തെറ്റല്ലെന്ന് മാക്രോണ്‍ പറഞ്ഞു. എന്നാല്‍, അവരെ സ്വീകരിക്കുന്നതിനായി തങ്ങളുടെ രാജ്യങ്ങളിലെ നിയമങ്ങള്‍ വളച്ചൊടിക്കാന്‍ കഴിയില്ല. മാത്രമല്ല, നിരാശ്രയരുടെ പ്രത്യാശകള്‍ പണമാക്കി മാറ്റാന്‍ ശ്രമിക്കുന്ന മനുഷ്യക്കടത്ത് മാഫിയകളെ അവരുടെ പ്രവര്‍ത്തനം തുടരാന്‍ അനുവദിക്കാനും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനും ഫ്രാന്‍സും ഐക്യത്തോടെയും സുതാര്യതയോടെയും, മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് അനധികൃത കുടിയേറ്റ പ്രശ്നത്തിനു പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News