''റഷ്യയുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തിയത് ശരിയായ തീരുമാനമാണ്''; സെലന്‍സ്‌കി ട്രംപിനൊപ്പം; ഇന്ത്യയുടെ യൂറോപ്യന്‍ യൂണിയന്‍ സഹകരണ നീക്കത്തെ തകര്‍ക്കാന്‍ ട്രംപും സെലന്‍സ്‌കിയും ഒരുമിക്കുമോ?
കീവ്: ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയ്‌ക്കെതിരെ ട്രംപ് എടുത്ത തീരുമാനം ശരിയാണെന്നായിരുന്നു സെലന്‍സ്‌കിയുടെ പ്രതികരണം. റഷ്യയ്‌ക്കെതിരെ കൂടുതല്‍ ഉപരോധത്തിന് ട്രംപ് ഒരുങ്ങുന്നതിനിടെയാണ് സെലന്‍സ്‌കിയുടെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. യുഎസ് മാധ്യമമായ എബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് സെലന്‍സ്‌കി ട്രംപിന്റെ തീരുമാനത്തെ പിന്തുണച്ചത്. മുമ്പ് ട്രംപ് അപമാനിച്ച് വിട്ട നേതാവാണ് സെലന്‍സ്‌കി.
''റഷ്യയുമായി വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കുമേല്‍ തീരുവ ചുമത്തിയത് ശരിയായ തീരുമാനമാണ്'', സെലന്‍സ്‌കി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിനും തമ്മിലുണ്ടായ കൂടിക്കാഴ്ചയെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സെലന്‍സികിയുടെ പ്രതികരണം. കഴിഞ്ഞ മാസം സെലന്‍സ്‌കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ പിന്തുണയുണ്ടന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുക്രെയ്ന്‍ വിദേശകാര്യ മന്ത്രിയെ അറിയിച്ചിരുന്നു.
സെലന്‍സ്‌കിയുടെ പ്രസ്താവനയോട് തല്‍കാലം ഇന്ത്യ പ്രതികരിക്കില്ല. എന്നാല്‍ റഷ്യയുമായുള്ള എണ്ണ വാങ്ങുന്നത് കുറയ്ക്കുകയുമില്ല. അതിനിടെ യൂറോപ്യന്‍ യൂണിയനുമായുള്ള ഇന്ത്യയുടെ സഹകരണ ശ്രമം അട്ടിമറിക്കാന്‍ സെലന്‍സ്‌കിയെ ട്രംപ് ഇറക്കുമെന്ന് സൂചനയുണ്ട്. ഇതിന്റെ ഭാഗമായി ഈ പ്രസ്താവനയെ കാണുന്നവരുമുണ്ട്.