രണ്ടു വര്‍ഷത്തിനിടയില്‍ വീഴുന്ന അഞ്ചാമത്തെ സര്‍ക്കാര്‍; പ്രസിഡണ്ട് സ്ഥാനം നിലര്‍ത്തുമ്പോഴും പ്രധാനമന്ത്രിമാര്‍ രാജി വച്ചൊഴിയുന്നു; ഫ്രാന്‍സിലെ ജനാധിപത്യത്തിന് സംഭവിക്കുന്നത് എന്ത്? യൂറോപ്പിനെ വരിഞ്ഞ് മുറുക്കുന്ന പ്രതിസന്ധികളുടെ കഥ

Update: 2025-09-09 01:31 GMT

പാരീസ്: ഫ്രഞ്ച് പാര്‍ലമെന്റില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്‌റോ രാജിവെച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് പ്രധാനമന്ത്രിമാര്‍ ഭരിച്ച ഫ്രാന്‍സില്‍ ഇതോടെ പുതിയ രാഷ്ട്രീയ അസ്ഥിരത ഉടലെടുത്തിരിക്കുകയാണ്. കഴിഞ്ഞ ഒന്‍പത് മാസമായി പ്രധാനമന്ത്രി സ്ഥാനത്ത് തുടരുന്ന ബെയ്‌റോ കൊണ്ടുവന്ന ചെലവ് ചുരുക്കല്‍ പദ്ധതിക്കെതിരെ നാഷണല്‍ അസംബ്ലി വോട്ട് ചെയ്തതോടെയാണ് രാജി അനിവാര്യമായത്. 2017 ല്‍ ഇമ്മാനുവല്‍ മാക്രോണ്‍ പ്രസിഡണ്ടായതിന് ശേഷം, രാജിവെച്ചൊഴിയുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് ബെയ്‌റു.

ഫ്രഞ്ച് പ്രസിഡണ്ട് മാക്രോണിനേറ്റ ഒരു തിരിച്ചടി തന്നെയാണിത്. 573 അംഗ പാരലമെന്റില്‍ 364 പേരാണ് വിശ്വാസ പ്രമേയത്തിനെതിരെ വോട്ട് ചെയ്തത്. രാജ്യത്തിന്റെ ദേശീയ കടം കുതിച്ചുയരുന്ന ഘട്ടത്തിലായിരുന്നു. കടുത്ത ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് ബെയ്‌റു തിരിഞ്ഞത്. അധികാരത്തില്‍ തുടരാന്‍ കടുത്ത പോരാട്ടം നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും, തിങ്കളാഴ്ച രാത്രിയോടെ ഗവണ്മെന്റിന്റെ പതനം ഉറപ്പായിരുന്നു. ഇന്ന് അദ്ദേഹം പ്രസിഡണ്ടിന് തന്റെ രാജി സമര്‍പ്പിക്കും. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് അധികാരത്തില്‍ ഇരിക്കുന്ന ഒരു പ്രധാനമന്ത്രിക്ക് ഇത്രയും ദയനീയമായ രീതിയില്‍ സ്ഥാനം നഷ്ടപ്പെടുന്നത്.

രാജ്യത്തിന്റെ കടം മൂലമുണ്ടായ പ്രശ്നം പരിഹരിക്കുന്നതിന് ധനികര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്തിയാല്‍ രാജ്യം ബ്രിട്ടന്റെ അവസ്ഥ അഭിമുഖീകരിക്കും എന്ന് ബെയ്‌റു മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് സമ്പന്നര്‍ രാജ്യം വിട്ട് പോകുന്നതിന് ഇടയാക്കും.അവര്‍ക്ക് അവരുടെ പണം സുരക്ഷിതമായി നിക്ഷേപിക്കാന്‍ യൂറോപ്പില്‍ തന്നെ നിരവധി രാജ്യങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രിട്ടനില്‍, അതുവരെ നികുതി ഒഴിവായിരുന്ന വിദേശികള്‍ക്ക് നികുതി ചുമത്താന്‍ നിലവിലെ സര്‍ക്കാര്‍ തീരുമാനിച്ചതോടെ അവര്‍ മറ്റിടങ്ങള്‍ തേടി പോവുകയാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 51 വര്‍ഷക്കാലമായി ഫ്രാന്‍സില്‍ ഒരു സന്തുലിത ബജറ്റ് ഉണ്ടായിട്ടില്ല. തുടര്‍ച്ചയായ കമ്മി ബജറ്റ് കടം പെരുകാന്‍ ഇടയാക്കി. യൂറോപ്യന്‍ യൂണിയന്‍ നിശ്ചയിച്ച 3 ശതമാനത്തിന്റെ ഇരട്ടിയോളമായ കമ്മി കുറച്ചു കൊണ്ടു വരുന്നതിനുള്ള പദ്ധതികള്‍ക്ക് പാര്‍ലമെന്റിന്റെ പിന്തുണ തേടാനാണ് തികച്ചും അപ്രതീക്ഷിതമായി പ്രധാനമന്ത്രി വിശ്വാസ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍, അടുത്ത വര്‍ഷത്തെ ബജറ്റില്‍ 44 ബില്യന്‍ യൂറോ ലാഭിക്കാന്‍ കഴിയുന്ന പദ്ധതികളോട് പ്രതിപക്ഷത്തിന് താത്പര്യമുണ്ടായിരുന്നില്ല. പ്രത്യേകിച്ചും, 2027 ല്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കാന്‍ ഇരിക്കെ പ്രതിപക്ഷം ബെയ്‌റുവിന്റെ നിര്‍ദ്ദേശങ്ങളെ എതിര്‍ക്കുകയായിരുന്നു.

ഇപ്പോള്‍ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് മാക്രോണ്‍. അതിനിടെ പ്രസിഡണ്ട് മാക്രോണ്‍ രാജിവയ്ക്കണമെന്ന ആവശ്യവും ശക്തമാകുന്നുണ്ട്. ഇതിനായി, എല്ലാം തടഞ്ഞുകൊണ്ടുള്ള 'ബ്ലോക്ക് എവെരി തിംഗ്' പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ലക്ഷങ്ങള്‍ തയ്യാറാകുന്നു എന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സമരങ്ങളും, തെരുവുകളില്‍ പ്രതിഷേധ പ്രകടനങ്ങളുമൊക്കെ ഇതിന്റെ ഭാഗമായി ഉണ്ടാകും. ഇനിയിപ്പോള്‍ മാക്രോണിന്റെ മുന്നിലുള്ള വഴി, പാര്‍ലമെന്റില്‍ ന്യൂനപക്ഷമായ തന്റെ പാര്‍ട്ടിയില്‍ നിന്നോ അല്ലെങ്കില്‍ കണ്‍സര്‍വേറ്റീവുകളില്‍ നിന്നോ ഒരാളെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്യുക എന്നതാണ്. അതല്ലെങ്കില്‍, മിതവാദിയായ ഒരു സോഷ്യലിസ്റ്റിനേയോ ടെക്‌നോക്രാറ്റിനേയോ നിര്‍ദ്ദേശിക്കാം. ഏതായാലും അടുത്ത സര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ലഭിക്കാന്‍ ഇതൊന്നും സഹായകരമാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതല്ലെങ്കില്‍, ഒരു ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നതാണ് മാക്രോണിന് മുന്നിലുള്ള മറ്റൊരു മാര്‍ഗ്ഗം. എന്നാല്‍, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയും തീവ്ര ഇടതുപക്ഷ പാര്‍ട്ടിയായ ഫ്രാന്‍സ് അന്‍ബോവ്ഡും ഇക്കാര്യം ആവശ്യപ്പെട്ടിട്ടും മാക്രോണ്‍ നിരാകരിക്കുകയായിരുന്നു. അടുത്ത സര്‍ക്കാരിന്റെ ഏറ്റവും വലിയ വെല്ലുവിളി ബജറ്റ് പാസ്സാക്കുക എന്നതായിരിക്കും. ബെയ്‌റൂ അധികാരമേറ്റപ്പോഴും സമാനമായ വെല്ലുവിളിയായിരുന്നു ഉണ്ടായിരുന്നത്. അതേസമയം, നാഷണല്‍ അസംബ്ലിയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നാഷണല്‍ റാലി പ്രതീക്ഷിക്കുന്നത്, അവരുടെ സഖ്യകക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമെന്നാണ്. നാഷണല്‍ അസംബ്ലിയില്‍ 123 സീറ്റുകളാണ് ഇവര്‍ക്കുള്ളത്. അതേ സമയം, തീവ്ര വലതുപക്ഷ സഖ്യം അധികാരത്തിലേറാതിരിക്കാന്‍ ഇടതുപക്ഷവും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്.

റഷ്യന്‍ - യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ ശ്രമത്തിന് നേതൃത്വം നല്‍കുന്നത് ഇമ്മാനുവല്‍ മാക്രോണാണ്. ഇത്, അന്താരാഷ്ട്ര തലത്തില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ വളര്‍ത്തിയിട്ടുണ്ടെങ്കിലും, രാജ്യത്ത് അദ്ദേഹത്തിന്റെ ജനപ്രീതി ഏറ്റവും കുറഞ്ഞ നിലയിലാണ്. അദ്ദേഹം രാജി വയ്ക്കണം എന്ന ആവശ്യവും ശക്തമാവുകയാണ്. അടുത്തിടെ നടത്തിയ ഒരു അഭിപ്രായ സര്‍വേയില്‍ പങ്കെടുത്തവരില്‍ 64 ശതമാനം പേര്‍ ആവശ്യപ്പെട്ടത് മാക്രോണ്‍ രാജിവെച്ച് ഒഴിയണം എന്നായിരുന്നു.

രാഷ്ട്രീയ പതിസന്ധികള്‍ക്കൊപ്പം ഫ്രാന്‍സ് ഒരു സാമൂഹിക പ്രതിസന്ധി കൂടി അഭിമുഖീകരിക്കുന്നുണ്ട്. ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍, മാക്രോണിന്റെ, മദ്ധ്യവര്‍ത്തി നയമുള്ള പാര്‍ട്ടി ജയിക്കുമെന്നതില്‍ ഒരു ഉറപ്പുമില്ല. അതിനായി സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണ ലഭിക്കും എന്നാണ് മാക്രോണ്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഒരുകാലത്ത് ഫ്രഞ്ച് രാഷ്ട്രീയത്തില്‍ അതികായനായിരുന്ന സോഷ്യലിസ്റ്റ് പാര്‍ട്ടി ഇന്ന് സടകൊഴിഞ്ഞ സിംഹമാണ്. സോഷ്യലിസ്റ്റുകള്‍ പിന്തുണയ്ക്കുന്നു എന്നതുകൊണ്ട് മാത്രം തീവ്ര ഇടതുപക്ഷത്തിന്റെ പിന്തുണ ലഭിക്കണമെന്നില്ല. മറുഭാഗത്ത് തീവ്ര വലതുപക്ഷം കൂടുതല്‍ ശക്തമാവുകയാണ്. ഇപ്പോള്‍ തന്നെ പാര്‍ലമെന്റില്‍ ഏറ്റവും അധികം അംഗങ്ങള്‍ ഉള്ളത് തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയ്ക്കാണ്.

Tags:    

Similar News