'അധാര്‍മികത തടയാന്‍' നിര്‍ണായക നീക്കം; ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് പൂര്‍ണ്ണമായി നിരോധിക്കാന്‍ ഉത്തരവിട്ട് താലിബാന്‍ സര്‍ക്കാര്‍; ഒരു ബദല്‍ നിര്‍മ്മിക്കുമെന്നും സര്‍ക്കാര്‍ വക്താവ്; ബിസിനസ് മേഖലക്ക് കനത്ത തിരിച്ചടിയെന്ന് വിമര്‍ശനം
കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് പൂര്‍ണ്ണമായി നിരോധിക്കാന്‍ ഉത്തരവിട്ട് താലിബാന്‍ സര്‍ക്കാര്‍. രാജ്യവ്യാപകമായി ഉത്തരവ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ അധാര്‍മ്മികത തടയാനാണ് ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തത് എന്നാണ് പറയപ്പെടുന്നത്. കുണ്ടുസ്, ബദക്ഷാന്‍, ബാഗ്ലാന്‍, തഖര്‍, ബല്‍ഖ് എന്നീ അഞ്ച് പ്രവിശ്യകളിലായി സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ മേഖല, പൊതു മേഖലാ സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ഇന്റര്‍നെറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അതേ സമയം അഞ്ചല്ല പത്ത് പ്രവിശ്യകളെ വരെ ഇത് ബാധിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിസ്ഥാന്റെ പരമോന്നത നേതാവ് ഹിബത്തുള്ള അഖുന്ദ്‌സാദയാണ് കേബിള്‍ ഇന്റര്‍നെറ്റ് നിരോധിക്കാന്‍ ഉത്തരവിട്ടതെന്ന് പ്രവിശ്യാ താലിബാന്‍ സര്‍ക്കാര്‍ വക്താവ് ഹാജി അത്തൗള്ള സെയ്ദ് പറഞ്ഞു. അധാര്‍മികത തടയുന്നതിനാണ് ഈ നടപടി സ്വീകരിച്ചതെന്നും ആവശ്യങ്ങള്‍ക്കായി രാജ്യത്തിനുള്ളില്‍ ഒരു ബദല്‍ നിര്‍മ്മിക്കുമെന്നും സെയ്ദ് കൂട്ടിച്ചേര്‍ത്തു.
ഫൈബര്‍ ഒപ്റ്റിക് ഇന്റര്‍നെറ്റ് നിരോധനം ഒടുവില്‍ രാജ്യവ്യാപകമാകുമെന്ന് പ്രാദേശിക വാര്‍ത്താ ഏജന്‍സിയായ അഫ്ഗാനിസ്ഥാന്‍ ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താലിബാന്‍ നേതാവിന്റെ ഉത്തരവ് പിന്‍വലിക്കാനാവില്ല, അത് രാജ്യവ്യാപകമായി നടപ്പിലാക്കും എന്ന് തന്നെയാണ് പാശ്ചാത്യ മാധ്യമങ്ങളും വ്യക്തമാക്കുന്നത്. ഇത്രയും പുരോഗമിച്ച ഒരു കാലഘട്ടത്തില്‍ ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്യുന്നത്് ഗ്രഹിക്കാന്‍ കഴിയാത്ത കാര്യമാണ്' എന്നാണ് നാട്ടുകാര്‍ പറയുന്നത്.
മൊബൈല്‍ ഇന്റര്‍നെറ്റിന് വേഗത കുറവാണെന്നും ചെലവേറിയതുമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. നിരോധനം തുടര്‍ന്നാല്‍, അത് ബിസിനസ് മേഖലക്ക് ദോഷം ചെയ്യുമെന്നും ഇപ്പോള്‍ എല്ലാ ബിസിനസ്സുകളും ഇന്റര്‍നെറ്റിലൂടെയാണ് നടക്കുന്നത് എന്നും വ്യവസായ ലോകവും കുറ്റപ്പെടുത്തുന്നു. ഈ നീക്കം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തേടാനുള്ള കഴിവ് കൂടുതല്‍ കുറയ്ക്കുമെന്ന് ചില വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
2021 ല്‍ പാശ്ചാത്യ സൈന്യങ്ങളുടെ പിന്‍വാങ്ങലിനുശേഷം താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിനുശേഷം ഇത്തരമൊരു നിരോധനം ഇതാദ്യമാണ്. സുരക്ഷാ കാരണങ്ങളാല്‍, മതപരമായ ഉത്സവങ്ങളില്‍, സ്ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുന്നത് തടയാന്‍ അഫ്ഗാന്‍ അധികൃതര്‍ ചിലപ്പോള്‍ മൊബൈല്‍ ഫോണ്‍ ശൃംഖല താല്‍ക്കാലികമായി പലപ്പോഴും നിര്‍ത്തി വെച്ചിരുന്നു.