വിദേശ ക്രിമിനലുകളെ നാട് കടത്തുമ്പോള്‍ ക്രെഡിറ്റ് കാര്‍ഡും നല്‍കും; മര്യാദക്ക് ജീവിക്കുന്നവര്‍ക്ക് പിആര്‍ നിഷേധിക്കുന്ന സര്‍ക്കാര്‍ വിദേശ ക്രിമിനലുകളെ നാട് കടത്താന്‍ ദശകങ്ങള്‍ കാത്തിരിക്കുന്ന വിചിത്ര കാഴ്ച്ച

Update: 2025-09-25 00:53 GMT

ലണ്ടന്‍: ബ്രിട്ടനില്‍ നാട് കടത്തുന്ന വിദേശ ക്രിമിനലുകള്‍ക്ക് 2000 പൗണ്ട് മൂല്യമുള്ള കാര്‍ഡുകള്‍ നല്‍കുന്ന വിചിത്ര കാഴ്ചയാണ് കാണുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. കൊലപാതകികളും, കള്ളന്മാരും, ലൈംഗിക കുറ്റവാളികളും അടങ്ങിയ കൊടുംകുറ്റവാളികളുടെ ഒരു സംഘത്തെ അവരുടെ ശിക്ഷാ കാലാവധിക്ക് ശേഷം റൊമേനിയയിലേക്ക് തിരികെ അയയ്ക്കുന്നതിനിടയിലാണ് ഈ കാര്‍ഡുകള്‍ നല്‍കിയത്. കുറ്റവാളികള്‍ ഓടി രക്ഷപ്പെടാതിരിക്കാന്‍, ഓരോ കുറ്റവാളിയേയും ആറോളം ഉദ്യോഗസ്ഥര്‍ വിമാനത്തിനകം വരെ അകമ്പടി സേവിച്ചാണ് കൊണ്ടു പോയത്.

47 കുറ്റവാളികളെയാണ് ഈ വിമാനത്തില്‍ നാടുകടത്തിയത്. ആറോളം സ്ത്രീകളും സംഘത്തിലുണ്ടായിരുന്നു. ഇതിനായി നൂറോളം ജീവനക്കാര്‍ ആവശ്യമായി വന്നു. ആയിരക്കണക്കിന് പൗണ്ടാണ് അതുവഴി സര്‍ക്കാര്‍ ഖജനാവിന് അധിക ചെലവുണ്ടാകുന്നത്. നിയമപരമായി യു കെയില്‍ എത്തി റൈറ്റ് ടു റിമെയ്ന്‍ നേടിയവരാണ് ഇവര്‍. എന്നാല്‍ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതു വഴി അവര്‍ക്ക് അവരുടെ ബ്രിട്ടനില്‍ താമസിക്കാനുള്ള അനുമതി റദ്ദാക്കപ്പെടുകയായിരുന്നു. സര്‍ക്കാര്‍ പുതുതായി രൂപീകരിച്ച ഫെസിലിറ്റേറ്റഡ് റിട്ടേണ്‍ സ്‌കീം അനുസരിച്ചാണ് ഇപ്പോള്‍ 2000 പൗണ്ട് വീതം ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. റൊമേനിയയില്‍ എത്തിയാല്‍ അവര്‍ക്ക് ഈ കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കാന്‍ കഴിയും.

അതേസമയം, ബ്രിട്ടനിലുള്ള എല്ലാ വിദേശ ക്രിമിനലുകളേയും നാടുകടത്താന്‍, ഇന്നത്തെ നിരക്കില്‍ പോയാല്‍ ചുരുങ്ങിയത് പതിറ്റാണ്ടുകള്‍ എടുക്കും എന്ന പുതിയ പഠന റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുണ്ട്. ഘട്ടം ഘട്ടമായാണ് ശിക്ഷിക്കപ്പെട്ട കുറ്റവാളികളെ (അവരില്‍ ഭൂരിഭാഗവും ആഫ്രിക്കന്‍, മിഡില്‍ ഈസ്റ്റ്, കരീബിയന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്) ബ്രിട്ടനില്‍ നിന്നും നാടുകടത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. എന്നാല്‍, ചില പ്രത്യേക രാജ്യങ്ങളില്‍ നിന്നുള്ളവരെ നാടുകടത്തുന്നില്ല എന്നത് അനുവദനീയമല്ലെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ് പ്രസ്താവിച്ചു.

ഏറ്റവും പുതിയ കണക്കനുസര്‍ച്ച് 145 എരിത്രിയന്‍ പൗരന്മാരാണ് ബ്രിട്ടനിലെ വിവിധ ജയിലുകളിലായുള്ളത്. എന്നാല്‍, ജൂണില്‍ അവസാനിച്ച 12 മാസക്കാലയളവില്‍ അവരില്‍ രണ്ടു പേരെ മാത്രമാണ് നാടുകടത്താന്‍ കഴിഞ്ഞത്. അതായത്, ഈ നിരക്കില്‍ നാടുകടത്തല്‍ തുടര്‍ന്നാല്‍, ഈ എരിത്രിയന്‍ പൗരന്മാരെ മുഴുവന്‍ നാടുകടത്താന്‍ 73 വര്‍ഷങ്ങള്‍ എടുക്കുമെന്ന് ചുരുക്കം. സമാനമായ രീതിയ്ല്‍ ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും ജയിലുകളില്‍ ഉള്ള ഇറാനിയന്‍ പൗരന്മാരുടെ എണ്ണം 279 ആയെങ്കിലും കഴിഞ്ഞ വര്‍ഷം ആറ് പേരെ മാത്രമാണ് നാടുകടത്തിയത്. ഈ നിരക്കില്‍, ബാക്കിയുള്ളവരെ നാടുകടത്താന്‍ 47 വര്‍ഷമെടുക്കും.

ജയിലിനുള്ളില്‍ ഉള്ള ക്രിമിനലുകള്‍ മാത്രമല്ല പുറത്തുള്ള 19,390 പേരും നാടുകടത്തല്‍ ഭീഷണി അഭിമുഖീകരിക്കുന്നവരാണ്. എന്നാല്‍, വ്യാജ മനുഷ്യാവകാശ വാദങ്ങള്‍ ഉന്നയിച്ചുള്ള നിയമനടപടികളില്‍ തട്ടി പലതും നിര്‍ത്തിവെച്ചിരിക്കുകയാണ്. മുന്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കൂടിയായ പ്രധാനമന്ത്രി, യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹുമന്‍ റൈറ്റ്‌സില്‍ നിന്നും വിടില്ലെന്ന് ഉറപ്പിച്ച് പറയുമ്പോള്‍, ഈ നിയമ കടമ്പകള്‍ ഇനിയും നാടുകടത്തലിന് തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതാം.

Tags:    

Similar News