റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടാല്‍ അത് യുദ്ധത്തിലേയ്ക്കായിരിക്കും എത്തിക്കുക; മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ; ട്രംപിന്റെ വാക്കു കേട്ട് അതിരുവിട്ടാല്‍ കളി കാര്യമാകുമെന്ന് ഫ്രാന്‍സിലെ റഷ്യന്‍ സ്ഥാനപതി; ലോകം യുദ്ധാശങ്കയില്‍ തന്നെ

Update: 2025-09-26 03:38 GMT

മോസ്‌കോ: മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് നാറ്റോയ്ക്ക് മുന്നറിയിപ്പുമായി റഷ്യ. റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടാല്‍ അത് യുദ്ധത്തിലേയ്ക്കായിരിക്കും എത്തിക്കുക എന്നാണ് ഫ്രാന്‍സിലെ റഷ്യന്‍ സ്ഥാനപതിയുടെ താക്കീത്. നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് ശേഷം റഷ്യ അവരുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന് പല യൂറോപ്യന്‍ രാജ്യങ്ങളും ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് റഷ്യന്‍ പ്രതിനിധി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഈ മാസം ആദ്യംപോളണ്ടിലേക്ക് നിരവധി റഷ്യന്‍ ഡ്രോണുകള്‍ കടന്നു കയറിയതായി വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. നാറ്റോയുടെയോ യൂറോപ്യന്‍ യൂണിയന്റെയോ അനുമതിയില്ലാതെ ഉക്രെയ്നിന് മുകളിലൂടെ റഷ്യന്‍ ഡ്രോണുകളെ വെടിവയ്ക്കാന്‍ തങ്ങളുടെ സൈന്യത്തെ അനുവദിക്കുന്ന ഒരു നിയമം പാസാക്കാന്‍ പോളണ്ട് ശ്രമിക്കുകയാണ്. വെള്ളിയാഴ്ച എസ്തോണിയയുടെ വ്യോമാതിര്‍ത്തിയില്‍ മൂന്ന് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അതിക്രമിച്ചു കയറിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കോപ്പന്‍ഹേഗനില്‍ കൂട്ടത്തോടെ ഡ്രോണുകള്‍ എത്തിയ സാഹചര്യത്തില്‍ വിമാനത്താവളം അടച്ചുപൂട്ടേണ്ട അവസ്ഥ എത്തിയിരുന്നു. ഇതിന് പിന്നിലും റഷ്യയാണ് എന്നാണ് ആരോപണം ഉയര്‍ന്നത്.

ചൊവ്വാഴ്ച ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗത്തിനിടെ നാറ്റോ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കുന്ന റഷ്യന്‍ വിമാനങ്ങളെ വെടിവച്ചുവീഴ്ത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഫ്രാന്‍സിലെ റഷ്യയുടെ അംബാസഡര്‍ അലക്സി മെഷ്‌കോവ് ഇതിന് തിരി്ച്ചടിയായി തങ്ങളുടെ വിമാനങ്ങള്‍ വെടിവച്ചിട്ടാല്‍ യുദ്ധമായിരിക്കും ഫലമെന്നാണ് പ്രഖ്യാപിച്ചത്. മനഃപൂര്‍വ്വമോ അല്ലാതെയോ റഷ്യന്‍ വ്യോമാതിര്‍ത്തി ലംഘിക്കുന്ന നിരവധി നാറ്റോ വിമാനങ്ങളുണ്ട് എങ്കിലും തങ്ങള്‍ അവ വെടിവച്ചിടാറില്ല എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

കിഴക്കന്‍ യൂറോപ്പിലുടനീളമുള്ള സമീപകാലത്ത് ഉണ്ടായ ഡ്രോണ്‍ ആക്രമണങ്ങളില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ മാസം ആദ്യം ഉക്രെയ്‌നിനെതിരായ ആക്രമണങ്ങളില്‍ പോളണ്ട് മൂന്ന് റഷ്യന്‍ ഡ്രോണുകളാണ് വെടിവച്ചിട്ടത്. 2022 ല്‍ ഉക്രെയ്‌നിലെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചതിനുശേഷം നാറ്റോ പ്രദേശത്തിന് മുകളിലൂടെ റഷ്യന്‍ ഡ്രോണുകള്‍ വെടിവച്ചിടുന്നത് ഇതാദ്യമായിരുന്നു. പോളണ്ട് പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കും റഷ്യക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇരു രാജ്യങ്ങളും തമ്മില്‍ തുറന്ന സംഘര്‍ഷത്തിലേക്ക് ഇത് എത്തിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വ്‌ളാഡിമിര്‍ പുടിന്റെ ഈ നീക്കത്തെ യൂറോപ്യന്‍ രാജ്യങ്ങള്‍ മനഃപൂര്‍വമായ പ്രകോപനമാണെന്ന് വിശേഷിപ്പിച്ചു. ദിവസങ്ങള്‍ക്ക് ശേഷം ഒരു റഷ്യന്‍ ഡ്രോണ്‍ തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതായി റൊമാനിയയും റിപ്പോര്‍ട്ട് ചെയ്തു.

വെള്ളിയാഴ്ച എസ്റ്റോണിയയുടെ വ്യോമാതിര്‍ത്തി മൂന്ന് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ ലംഘിച്ചു. റഷ്യയുടെ കടന്നുകയറ്റവും നാറ്റോയുടെ പ്രതികരണവും ആഗോളതലത്തില്‍ തന്നെ യുദ്ധത്തെ കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുകയാണ്. ബ്രിട്ടീഷ് സമുദ്രാതിര്‍ത്തിയിലും റഷ്യന്‍ കപ്പലുകളുടെ സാന്നിധ്യം കണക്കിലെടുത്ത് ബ്രിട്ടന്‍ ഒരു പടക്കപ്പല്‍ മേഖലയില്‍ വിന്യസിച്ചിരിക്കുകയാണ്.

Similar News