ബ്രിട്ടണില്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 311 സീറ്റുകള്‍ നേടി നൈജല്‍ ഫരീജ് പ്രധാനമന്ത്രിയാകും... പിആര്‍ ഉള്ളവര്‍ക്ക് പോലും നാട് വിടാം; ലേബര്‍ പാര്‍ട്ടി 144 സീറ്റുകള്‍ നേടുമ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ 45 സീറ്റ് മാത്രം നേടി നാലാമതെത്തും; ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 78 സീറ്റുകള്‍; യുകെയില്‍ ഭരണ വിരുദ്ധ വികാരം
ലണ്ടന്‍: ബ്രിട്ടണിലുള്ളത് ഭരണ വിരുദ്ധ വികാരം തന്നെ. ഏറ്റവും ഒടുവില്‍ നടന്ന മെഗാപോളില്‍ ലേബര്‍ പാര്‍ട്ടി നേരിടുന്ന കടുത്ത പ്രതിസന്ധിയുടെ ചിത്രം മറനീക്കി പുറത്തു വന്നു. മാത്രമല്ല, ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍, നെയ്ജല്‍ ഫരാജ് നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റില്‍ എത്തുമെന്നും അതിന്റെ ഫലം വ്യക്തമാക്കുന്നു. യു ഗവ് നടത്തിയ പഠനത്തില്‍ പറയുന്നത്, ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍, ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ കുതിച്ചു ചാട്ടമായിരിക്കും റിഫോം യു കെ നടത്തുക എന്നാണ്.
കേവല ഭൂരിപക്ഷത്തിന് ചെറിയ കുറവുണ്ടാവുമെങ്കിലും, 311 എം പിമാരുമായി നെയ്ജല്‍ ഫരാജ് പ്രധാനമന്ത്രി ആകും എന്നത് ഏതാണ്ട് ഉറപ്പാണ്. അതേസമയം, ലേബര്‍ പാര്‍ട്ടിക്ക് ഇപ്പോഴുള്ള സീറ്റുകളില്‍ 250 സീറ്റുകള്‍ വരെ നഷ്ടമാകുമെന്നാണ് സര്‍വ്വേഫലത്തില്‍ പറയുന്നത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയാണെങ്കില്‍ വെറും 45 സീറ്റുകളുമായി ലിബറല്‍ ഡെമോക്രാറ്റുകള്‍ക്കും പിന്നില്‍ നാലാം സ്ഥാനത്ത് ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഓരോ നിയോജകമണ്ഡലത്തിലെയും വോട്ടര്‍മാരുടെ പ്രകൃതത്തെ അടിസ്ഥാനമാക്കി, എല്ലാ നിയോജകമണ്ഡലങ്ങളിലേയും ഫലം കണ്ടെത്താന്‍ സഹായിക്കുന്ന എം ആര്‍ പി എന്ന സങ്കേതം ഉപയോഗിച്ചായിരുന്നു സര്‍വ്വേ നടത്തിയത്.
യുവെറ്റ് കൂപ്പര്‍, വെസ് സ്ട്രീറ്റിംഗ്, എയ്ഞ്ചല റെയ്നര്‍, എഡ് മിലിബാന്‍ഡ്, ബ്രിഡ്‌ജെറ്റ് ഫിലിപ്‌സണ്‍, ലിസ നന്ദി തുടങ്ങിയ പല പ്രമുഖരും ഇന്ന് തെരഞ്ഞെടുപ്പ് നടന്നാല്‍ പരാജയപ്പെടുമെന്നും അഭിപ്രായ സര്‍വ്വേ ഫലത്തില്‍ പറയുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം 1670 കളില്‍ പാര്‍ട്ടി സ്ഥാപിതമായതിന് ശേഷമുള്ള ഏറ്റവും മോശം ഫലമായിരിക്കും ഉണ്ടാവുക. റോബര്‍ട്ട് ജെന്റിക്, പ്രീതി പട്ടേല്‍, ജെയിംസ് ക്ലെവര്‍ലി, മെല്‍ സ്‌ട്രൈഡ് തുടങ്ങി പല പ്രമുഖര്‍ക്കും അടിതെറ്റും.
റിഫോമിന് അധികമായി ലഭിക്കുക 306 സീറ്റുകളായിരിക്കും. രണ്ട് തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍, ഒരു പാര്‍ട്ടിയുടെ സീറ്റുകളുടെ എണ്ണത്തില്‍ ഇത്രയും വര്‍ദ്ധനവ് ഉണ്ടാകുന്നത് ഒരു റെക്കോര്‍ഡ് തന്നെയായിരിക്കും. സാങ്കേതികമായി പറഞ്ഞാല്‍, കേവല ഭൂരിപക്ഷത്തിന് 326 എം പിമാരുടെ പിന്തുണ ആവശ്യമാണ്. എന്നാല്‍, സ്പീക്കറും, സിന്‍ ഫീന്‍ എം പിമാരും വോട്ടിംഗില്‍ പങ്കെടുക്കില്ല എന്നതിനാല്‍, അതില്‍ കുറവ് എം പിമാരുടെ പിന്തുണയുണ്ടെങ്കിലും ഭരണത്തില്‍ ഏറാന്‍ കഴിയും.
ഓരോ പാര്‍ട്ടിയുടെയും ദേശീയ തലത്തിലുള്ള വോട്ട് ഷെയറിന്റെ അടിസ്ഥാനത്തിലാണ് യു ഗവ് കണ്ടെത്തലുകള്‍ നടത്തിയിട്ടുള്ളത്. ദേശീയ തലത്തില്‍ റിഫോം യു കെയുടെ വോട്ട് വിഹിതം 27 ശതമാനവും ലേബറിന്റെത് 21 ശതമാനവുമാണ്. ടോറികള്‍ക്ക് 17 ശതമാനം ലഭിക്കുമ്പോള്‍, ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുക 15 ശതമാനം വോട്ടുകളായിരിക്കും. ഗ്രീന്‍സ് പാര്‍ട്ടിക്ക് 11 ശതമാനം വോട്ടുകളും, എസ് എന്‍ പി ക്ക് 3 ശതമാനം വോട്ടുകളും പ്ലെയ്ഡിന് 1 ശതമാനവും ലഭിക്കും. മറ്റു ചില അഭിപ്രായ സര്‍വ്വേകളില്‍ റിഫോം പാര്‍ട്ടിക്ക് ഇതിനേക്കാള്‍ വോട്ടുകള്‍ ലഭിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്.