മീര നായരുടെയും ഉഗാണ്ടന്‍ എഴുത്തുകാരന്‍ മഹമദിന്റേയും മകന്‍ 'ന്യൂയോര്‍ക്ക് പിടിച്ചത്' ട്രംപിസത്തെ തള്ളി; ന്യൂയോര്‍ക്ക് മേയര്‍ പദവിയില്‍ എത്തുന്ന ആദ്യ മുസ്ലീം; കമ്മ്യൂണിസ്റ്റ് എന്ന് വിളിച്ച് ട്രംപ് ഭീഷണികള്‍ മുഴക്കിയ ജനകീയന്‍ മേയര്‍; ന്യൂയോര്‍ക്കിനെ ഇനി നയിക്കുക ഉഗാണ്ടന്‍-ഇന്ത്യന്‍ വംശജന്‍; മംദാനിക്ക് വന്‍ വിജയം; അമേരിക്കന്‍ രാഷ്ട്രീയം മാറ്റത്തിന്റെ വഴിയില്‍

Update: 2025-11-05 02:59 GMT

ന്യൂയോര്‍ക്ക്: യുഎസിലെ ഏറ്റവും വലിയ നഗരമായ ന്യൂയോര്‍ക്കിലെ മേയറെ തിരഞ്ഞെടുപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടി. ഡെമോക്രാറ്റ് സ്ഥാനാര്‍ഥി സൊഹ്‌റാന്‍ മംദാനി(34)ക്ക് വിജയം. ന്യയോര്‍ക്ക് മേയറാകുന്ന ആദ്യ മുസ്ലീമും. നിലവില്‍ സ്റ്റേറ്റ് അംസബ്ലി അംഗമായ 34 കാരനായ സൊഹ്റാന്‍ മംദാനി ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലാണ് ജനിച്ചത്. 2018ലാണ് അമേരിക്കന്‍ പൗരത്വം ലഭിക്കുന്നത്. ന്യൂയോര്‍ക്കിലെ സാധാരണക്കാരായ ജനങ്ങളുടെ വക്താവായാണ് സൊഹ്‌റാന്‍ രാഷ്ട്രീയത്തിലിറങ്ങിയത്.

ഇന്ത്യന്‍ വംശജയായ പ്രമുഖ സിനിമ സംവിധായക മീര നായരുടെയും ഉഗാണ്ടന്‍ എഴുത്തുകാരന്‍ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍. സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ ആന്‍ഡ്രു കുമോയെയാണ് തോല്‍പ്പിച്ചത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കര്‍ട്ടിസ് സ്ലിവ മത്സരിക്കുന്നുണ്ടെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുമോയെ പിന്തുണച്ചിരുന്നു. മംദാനി വിജയിച്ചാല്‍ അത് നഗരത്തിന് വിപത്താകുമെന്നും നഗരത്തിനുള്ള ഫെഡറല്‍ സഹായം നിലച്ചേക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതൊന്നും ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല. ട്രംപിന്റെ നയങ്ങളോടുള്ള വിധിയെഴുത്താകും ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ മേയര്‍ തിരഞ്ഞെടുപ്പ് ഫലമെന്നും യുഎസ് രാഷ്ട്രീയത്തിലെ ഗതിമാറ്റത്തിന്റെ സൂചനയാണ് ഇതെന്നും വിലയിരുത്തലുണ്ട്.

അഭിപ്രായ സര്‍വേകളില്‍ മേല്‍ക്കൈ നേടിയ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനി പ്രചാരണത്തിലും ഏറെ മുന്നിലായിരുന്നു. മംദാനി വിജയിച്ചാല്‍ ട്രംപിനാകും ഏറ്റവും വലിയ തിരിച്ചടിയെന്ന് നേരത്തെ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. മംദാനി കമ്യൂണിസ്റ്റാണെന്ന പരാമര്‍ശമാണ് പ്രസിഡന്റ് ട്രംപ് തുടര്‍ച്ചയായി ഉന്നയിക്കുന്നത്. എന്നാല്‍ ട്രംപിന്റെ ആരോപണം മംദാനി തന്നെ പലപ്പോഴും തള്ളിയിട്ടുണ്ട്. താനൊരു ജനാധിപത്യ സോഷ്യലിസ്റ്റാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി വിജയസാധ്യത മങ്ങിയ പശ്ചാത്തലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ആന്‍ഡ്രൂ ക്യൂമോയ്ക്കുവേണ്ടിയാണ് ട്രംപ് വാദിച്ചത്. ഒരു മോശം ഡെമോക്രാറ്റും ഒരു കമ്യൂണിസ്റ്റും മത്സരിച്ചാല്‍, താന്‍ എപ്പോഴും മോശം ഡെമോക്രാറ്റിനെ തെരഞ്ഞെടുക്കുമെന്നാണ് ട്രംപിന്റെ വിശദീകരണം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഉണ്ടായിരിക്കെ സ്വതന്ത്രന് പിന്തുണ പ്രഖ്യാപിച്ച ട്രംപിന്റെ നിലപാടും ചര്‍ച്ചയായിരുന്നു.

ന്യുയോര്‍ക്കില്‍ ഉഗാണ്ടന്‍-ഇന്ത്യന്‍ വംശജനും സോഷ്യല്‍ ഡെമോക്രാറ്റുമായ 34 വയസ്സുള്ള സംസ്ഥാന അസംബ്ലി അംഗം സൊഹ്‌റാന്‍ മംദാനിയെ മുന്‍നിരയില്‍ നിന്ന് മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണ് ട്രംപിന്റെ ഇടപെടല്‍ ഉണ്ടായത്. മംദാനിക്കെതിരെ നിരവധി തവണ ട്രംപ് മോശം പരാമര്‍ശങ്ങള്‍ നടത്തി. എന്നാല്‍, വാടക മരവിപ്പിക്കുകയും താങ്ങാനാവുന്ന വിലയുള്ള ഭവനങ്ങള്‍ വികസിപ്പിക്കുകയും ചെയ്തുകൊണ്ട് ന്യൂയോര്‍ക്കുകാര്‍ക്ക് ചെലവുകള്‍ കുറച്ച് ജീവിതം എളുപ്പമാക്കുമെന്ന പ്രചാരണം മംദാനിയെ ഏറെ ജനകീയനാക്കി. ഇത് ജൂണില്‍ നടന്ന പ്രൈമറിയില്‍ അദ്ദേഹത്തിന് മുന്‍ തൂക്കം നല്‍കിയിരുന്നു. പൊതു തെരഞ്ഞെടുപ്പിലും ആ ഫലം നിലനിര്‍ത്തുന്നതോടെ ആഗോള രാഷ്ട്രീയത്തില്‍ തന്നെ ശ്രദ്ധേയമായി മാറുകയാണ്.

ഇന്ത്യന്‍ ചലച്ചിത്ര നിര്‍മ്മാതാവ് മീരാ നായരുടെയും ഉഗാണ്ടന്‍ അക്കാദമീഷ്യനായ മഹമൂദ് മംദാനിയുടെയും മകനാണ് സൊഹ്‌റാന്‍ മംദാനി. മത്സരത്തില്‍ മംദാനിക്ക് തന്നെയായിരുന്നു കൂടുതല്‍ വിജയസാധ്യത പ്രവചിക്കപ്പെട്ടിരുന്നത്. ഫലസ്തീന്‍ അനുകൂല നിലപാട് സ്വീകരിച്ചതും ഇസ്രായേലിന്റെ വംശഹത്യയെ വിമര്‍ശിച്ചതും ഉള്‍പ്പെടെയുള്ള നിലപടുകളാണ് മംദാനിക്കെതിരെ പ്രവര്‍ത്തിക്കാന്‍ യു.എസ് പ്രസിഡന്റ് ട്രംപിനെ പ്രകോപിപ്പിച്ചിരുന്നത്. ഗസ്സയിലെ വംശഹത്യക്ക് സഹായം നല്‍കുന്നതിനെ മംദാനി എതിര്‍ക്കുന്നുണ്ട്. ന്യൂയോര്‍ക്കില്‍ എത്തിയാല്‍ യുദ്ധക്കുറ്റവാളിയായ ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നും മംദാനി പ്രഖ്യാപിച്ചിരുന്നു. ട്രംപ്, യുഎസ് ജനതയുടെ ഏറ്റവും വലിയ ദുഃസ്വപ്നമാണെന്നും മംദാനി തിരിച്ചടിച്ചിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന സൊഹ്റാന്‍ മംദാനി ജയിക്കുമെന് ഏതാണ്ട് ഉറപ്പായതോടെയാണ് തന്റെ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് ട്രംപ് എതിര്‍പ്പുയര്‍ത്തിയിരുന്നത്. ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച പോസ്റ്റില്‍, ന്യൂയോര്‍ക്ക് ഭരിക്കുന്നത് ഒരു കമ്മ്യൂണിസ്റ്റാണെങ്കില്‍, അവിടേക്ക് അയയ്ക്കുന്ന പണം വെറും പാഴ് ചെലവാണെന്ന് ട്രംപ് പറഞ്ഞിരുന്നു.

Similar News