ലണ്ടനില്‍ ശരിയത്ത് നിയമം കൊണ്ടു വരുന്ന സാദിഖ് ഖാന്‍ എന്ന് ആക്ഷേപിച്ച ട്രംപിസത്തിന് സ്വന്തം രാജ്യത്ത് കിട്ടിയത് ഏഴിന്റെ പണി; 'കമ്യൂണിസ്റ്റ് ഭ്രാന്തനു' വേണ്ടി പരസ്യമായി വോട്ട് ചോദിച്ച ലണ്ടന്‍ മേയര്‍; ഇടതുപക്ഷത്തിന് വേണ്ടിയുള്ള ആ അഭ്യര്‍ത്ഥന ഫലം കണ്ടു; ന്യുയോര്‍ക്കിനെ മംദാനി കീഴടങ്ങുമ്പോള്‍ ലണ്ടനിലും ആഘോഷം; തലതാഴുന്നത് ട്രംപിന്റേതും
ലണ്ടന്‍: ലണ്ടന്‍ മേയറെ വിമര്‍ശിച്ച് മുന്നേറിയ ട്രംപിസത്തിന് സ്വന്തം രാജ്യത്തും പണി കിട്ടി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ചൊടിപ്പിക്കുന്ന പ്രസ്താവനയുമായി ലണ്ടന്‍ മേയര്‍ സര്‍ സാദിഖ് ഖാന്‍ രംഗത്ത് എത്തിയിരുന്നു. ന്യൂയോര്‍ക്ക് നഗരത്തിലെ പുതിയ മേയറായി ഇടതുപക്ഷക്കാരനായ സൊഹ്‌റാന്‍ മംദാനിയെ തിരഞ്ഞെടുക്കണമെന്ന് കഴിഞ്ഞ ദിവസം സാദിഖ് ഖാന്‍ ന്യൂയോര്‍ക്കിലെ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ഇപ്പോഴിതാ മംദാനി ജയിച്ചിരിക്കുന്നു. അതുകൊണ്ട് തന്നെ ന്യുയോര്‍ക്കിലെ വിജയത്തിന്റെ ആഹ്ലാദം ലണ്ടനിലും മുഴങ്ങുകയാണ്.
അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട നഗരത്തിലെ മേയറായി ഒരു കമ്മ്യൂണിസ്റ്റുകാരന്‍ വരുന്നതിനെ ഒരു കാരണവശാലും അംഗീകരിക്കാത്ത ട്രംപിനെ സംബന്ധിച്ച് ഇത് അതിരുവിട്ട പ്രസ്താവനയാണ്. ഒടുവില്‍ ഇന്ന് ഫലപ്രഖ്യാപനം നടത്തുമ്പോള്‍ മംദാനി വിജയിക്കുകയും ചെയ്തത് ട്രംപിനെ കൂടുതല്‍ രോഷാകുലനാക്കും എന്ന കാര്യവും ഉറപ്പാണ്. മംദാനിയെ മേയറാക്കിയാല്‍ ന്യൂയോര്‍ക്ക് നഗരത്തിനുള്ള എല്ലാ സര്‍ക്കാര്‍ സഹായങ്ങളും നിര്‍ത്തലാക്കും എന്നാണ് ട്രംപ് ഭീഷണി മുഴക്കിയിരുന്നത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലീവയേയും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആന്‍ഡ്രൂ ക്യൂമോയേയും പരാജയപ്പെടുത്തിയാണ് മംദാനി ഈ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഇന്നലെയാണ് മേയര്‍ സ്ഥാനത്തേക്ക് വോട്ടെടുപ്പ് നടന്നത്. അതേ സമയം ട്രംപുമായി നേരത്തേ പല തവണ ഏറ്റുമുട്ടിയിട്ടുള്ള സര്‍ സാദിഖ് ഖാന്‍ ഭാവിയെക്കുറിച്ചുള്ള മംദാനിയുടെ പ്രതീക്ഷാപൂര്‍ണ്ണവും ശുഭാപ്തിവിശ്വാസം നിറഞ്ഞതുമായ കാഴ്ചപ്പാട് സ്വീകരിക്കാന്‍' ന്യൂയോര്‍ക്കുകാരോട് ആഹ്വാനം ചെയ്തത് ട്രംപിനെ അങ്ങേയറ്റം രോഷം കൊള്ളിച്ചു എന്നാണ് പറയപ്പെടുന്നത്.
ന്യൂയോര്‍ക്കിലെ ആദ്യത്തെ മുസ്ലീം മേയര്‍ കൂടിയാണ് മംദാനി. മംദാനിയുടെ വിശ്വാസത്തെ ആധാരമാക്കി തീവ്രവാദവുമായി ബന്ധപ്പെട്ട പല ആരോപണങ്ങളും എതിരാളികള്‍ ഉയര്‍ത്തിയിരുന്നു. നേരത്ത ട്രംപ് സാദിഖ് ഖാനെ വിമര്‍ശിച്ച കൂട്ടത്തില്‍ ലണ്ടനില്‍ അദ്ദേഹം ശരിയത്ത് നിയമം കൊണ്ട് വരും എന്ന ആരോപണം ഉന്നയിച്ചിരുന്നു. യു.എന്‍ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്പോഴും ട്രംപ് ലണ്ടന്‍ മേയറെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ സാദിഖിന്റെ അനുയായികള്‍ ട്രംപ് പറയുന്ന കാര്യങ്ങള്‍ മതഭ്രാന്താണ് എന്നാണ് കുറ്റപ്പെടുത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കെയര്‍ സ്റ്റാര്‍മര്‍ ട്രംപിന്റെ പരാമര്‍ശങ്ങളെ പരിഹാസ്യം' എന്നാണ് വിശേഷിപ്പിച്ചത്.
അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് നേതാവായ സൊഹ്‌റാന്‍ മംദാനിക്ക് ഉജ്ജ്വല വിജയമാണ് വോട്ടര്‍മാര്‍ നല്‍കിയത്. ഇതോടെ ന്യൂയോര്‍ക്ക് നഗരത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യന്‍ - അമേരിക്കന്‍ വംശജനായ മേയറായി അദ്ദേഹം സ്ഥാനമേല്‍ക്കും. ഡെമോക്രാറ്റിക് പാര്‍ട്ടിക്കാരനായ മംദാനിയുടെ വിജയം, അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ പരസ്യമായി ആഹ്വാനം ചെയ്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കനത്ത തിരിച്ചടിയായി.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ഇസ്രയേല്‍ പ്രാധനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിന്റെയും നയങ്ങളെ ശക്തമായി വിമര്‍ശിച്ചതിലൂടെ ശ്രദ്ധേയനാണ് മംദാനി. സോഷ്യലിസ്റ്റ് ആശയങ്ങള്‍ പിന്തുടരുന്ന മംദാനിയെ 'കമ്യൂണിസ്റ്റ് ഭ്രാന്തന്‍' എന്നായിരുന്നു ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യന്‍ വംശജയായ ചലച്ചിത്ര സംവിധായക മീര നായരുടെയും ഇന്ത്യയില്‍ വേരുള്ള ഉഗാണ്ടയിലെ അക്കാദമിക് വിദഗ്ധന്‍ മഹ്‌മൂദ് മംദാനിയുടെയും മകനാണ് 35കാരനായ സൊഹ്‌റാന്‍.
തെരഞ്ഞെടുപ്പിന്റെ തലേന്ന് ട്രംപ് ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥി സോഹ്‌റാന്‍ മംദാനി വിജയിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റിക്ക് ഏറ്റവും കുറഞ്ഞ ഫെഡറല്‍ ഫണ്ടേ അനുവദിക്കൂ എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക് വിജയസാധ്യത കുറവായതിനാല്‍, ഡെമോക്രാറ്റിക് പ്രൈമറിയില്‍ മംദാനിയോട് പരാജയപ്പെട്ട സ്വതന്ത്ര സ്ഥാനാര്‍ഥിയായ ആന്‍ഡ്രൂ കുമോയ്ക്കുവേണ്ടിയാണ് ട്രംപ് പരസ്യമായി വാദിച്ചത്. ഈ എതിര്‍പ്പുകളെല്ലാം തള്ളിക്കളഞ്ഞാണ് മംദാനി ചരിത്രവിജയം നേടിയത്.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് അസംബ്ലി അംഗമായി പ്രവര്‍ത്തിച്ചുവരികയായിരുന്ന അദ്ദേഹം, വാടക മരവിപ്പിക്കല്‍, സൗജന്യ സിറ്റി ബസ് യാത്ര, ധനികര്‍ക്ക് അധിക നികുതി തുടങ്ങിയ പുരോഗമനപരമായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ജനപിന്തുണ നേടിയത്. വിര്‍ജീനിയയിലും ന്യൂജേഴ്സിയിലും ഗവര്‍ണര്‍ തെരഞ്ഞെടുപ്പിലും ട്രംപ് തിരിച്ചടി നേരിട്ടു. വിര്‍ജീനിയയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ അബിഗെയ്ല്‍ സ്പാന്‍ബെര്‍ഗര്‍ ഗവര്‍ണറായി. ന്യൂജേഴ്സിയില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയായ മിക്കി ഷെറില്‍ ഗവര്‍ണറായി.
