ബ്രെക്‌സിറ്റ് വെറുതെയായി..യൂറോപ്യന്‍ ബജറ്റില്‍ ബ്രിട്ടനും വിഹിതം നല്‍കണം; അമേരിക്കയില്‍ വിന്റര്‍ തുടങ്ങി...തണുപ്പിലേക്ക് വഴുതി വീണ് രാജ്യം; മഴയും മഞ്ഞും കാറ്റും ശക്തം.. യൂറോപ്പിലെ അനേകം വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം അവതാളത്തില്‍

Update: 2025-11-08 03:47 GMT

ലണ്ടന്‍: പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ പുനക്രമീകരണ ഡീലിന്റെ ഭാഗമായി ബ്രെക്സിറ്റിന് ശേഷം ഇതാദ്യമായി യൂറോപ്യന്‍ യൂണിയന്‍ ബജറ്റില്‍ ഒരു വിഹിതം ബ്രിട്ടനും നല്‍കണമെന്ന ആവശ്യം ബ്രസ്സല്‍സ് ഉന്നയിച്ചത് വിവാദമായിരിക്കുന്നു.പ്രധാനമന്ത്രിയും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡണ്ട് ഉറുസ്വല വോണ്‍ ഡെര്‍ ലെയ്‌നും തമ്മില്‍ കഴിഞ്ഞ മെയ് മാസത്തില്‍ ഒരു പുതിയ ഉടമ്പടി ഒപ്പുവച്ചിരുന്നു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, യൂറോപ്യന്‍ യൂണിയന്റെ കാര്‍ബണ്‍ ബോര്‍ഡര്‍ ടാക്സ് തുടങ്ങി നിരവധി വിഷയങ്ങള്‍ ആ കരാറിലുണ്ട്.എന്നാല്‍, ഇതിന്റെ ഭാഗമായി വരുന്ന ചെലവുകള്‍ ബ്രിട്ടന്‍ വഹിക്കേണ്ടിവരുമെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പുനക്രമീകരണത്തിന്റെ ചെലവുകള്‍ എങ്ങനെ ബ്രിട്ടനില്‍ നിന്നും ഈടാക്കേണ്ടതെങ്ങനെ എന്ന വിഷയത്തില്‍ അംഗ രാജ്യങ്ങള്‍ വീണ്ടും ചര്‍ച്ച നടത്തും എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രിട്ടനില്‍ നിന്നെത്തുന്ന മൃഗങ്ങളുടെയും സസ്യങ്ങളുടെയും പരിശോധനകള്‍ ഒഴിവാക്കുന്നതിനും, വില കുറഞ്ഞ എനര്‍ജി വ്യാപാരത്തിനുമായി ബ്രിട്ടന്‍ ഒരു റീജിയണല്‍ ലെവലിംഗ് അപ് ഫണ്ട് സംഭാവന നല്‍കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ആവശ്യപ്പെടുന്നത്. നോര്‍വേ, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ പങ്കാളി രാജ്യങ്ങള്‍ നല്‍കുന്നതുപോലെ ഒരു തുക ബ്രിട്ടനും യൂറോപ്യന്യൂണിയന്‍ ഖജനാവിലെക്ക് നല്‍കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്.

യൂറോപ്യന്‍ വിപണിയില്‍ പ്രവേശിക്കാന്‍ അംഗമല്ലാത്ത ഒരു രാജ്യത്തിന് പണം നല്‍കേണ്ടതുണ്ട്. അംഗങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്ക് നല്‍കാന്‍ ആവില്ല എന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, യൂറോപ്യന്‍ യൂണിയന് ഏതെങ്കിലും തരത്തിലുള്ള ഫണ്ട് നല്‍കിയാല്‍ ബ്രിട്ടനില്‍ അത് ബ്രെക്സിറ്റ് കരാറിനെ അവഗണിച്ചതായ പ്രചാരണം ഉയര്‍ത്തും. ബ്രിട്ടന്റെ അതിര്‍ത്തികളും സമ്പത്തും, നിയമങ്ങളുമെല്ലാം ബ്രിട്ടന്‍ തന്നെ നിയന്ത്രിക്കണം എന്ന വാദത്തിന്എതിരായി തീരും അത്തരമൊരു നീക്കം.

അമേരിക്കയില്‍ ശൈത്യകാലത്തിന് ആരംഭമായി

അമേരിക്കയില്‍ ശൈത്യകാലത്തിന് തുടക്കം കുറിച്ച് കൊണ്ട് കിഴക്കന്‍ പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ ആര്‍ക്ടിക്കില്‍ നിന്നുള്ള ശീതവായു പ്രവാഹം ആഞ്ഞടിക്കാന്‍ തുടങ്ങും. താപനില അതോടെ 15 മുതല്‍ 25 ഡിഗ്രിവരെയായി താഴും എന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രവചിക്കുന്നത്. മിസ്സിസ്സിപ്പി താഴ്വരകളില്‍ ആരംഭിക്കുന്ന ശൈത്യ വായുപ്രവാഹം 100 മില്യനിലധികം അമേരിക്കക്കാരെ ബാധിക്കും എന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.അടുത്തയാഴ്ച തുടക്കം മുതല്‍ തന്നെ കിഴക്കന്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അതിശൈത്യം അനുഭവപ്പെടും.

ടെന്നെസിയുടെ ചില ഭാഗങ്ങള്‍, വെസ്റ്റ് വെര്‍ജീനിയ, ജോര്‍ജിയ, മിസ്സിസ്സിപ്പി, അലബാമ എന്നിവിടങ്ങളില്‍ പകല്‍ സമയം വെയില്‍ താരതമ്യേന കുറവായിരിക്കുമെന്നാണ് അക്യൂവെതര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. അറ്റലാന്റയില്‍, വരുന്ന തിങ്കളാഴ്ച താപനില 40 കളുടെ മദ്ധ്യത്തിലെത്തും ഇത് ജനുവരിയിലെ ശരാശരി തണുപ്പിനേക്കാള്‍ 10 ഡിഗ്രി കുറവായിരിക്കും. നവംബറിലെ ശരാശരി താപനില കണക്കാക്കിയാല്‍ ഇത് 20 ഡിഗ്രി കുറവാണ്.

യൂറോപ്പിലെ അനേകം വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം അവതാളത്തില്‍

മോശപ്പെട്ട കാലാവസ്ഥ മൂലം യൂറോപ്പിലെ പല പ്രധാന വിമാനത്താവളങ്ങളുടെയും പ്രവര്‍ത്തനം അവതാളത്തിലായത്, യൂറോപ്പില്‍ യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാരെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. പല വിമാനങ്ങളും വൈകിയപ്പോള്‍ ചിലവ റദ്ദാക്കപ്പെടുകയും ചെയ്തു. സ്പെയിനിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ വ്യുലിംഗ് എയര്‍ലൈന്‍സ് അവരുടെ 17 സര്‍വ്വീസുകള്‍ റദ്ദാക്കിയപ്പോള്‍ 53 സര്‍വീസുകള്‍ വൈകിയിരിക്കുകയാണ്. ഇത് നിരവധി യാത്രക്കാരെ ബാധിച്ചിട്ടുണ്ട്. പലരും പകരം സംവിധാനം കണ്ടെത്താനാകാതെ വലയുകയാണ്.

ഇതില്‍ ചില സര്‍വ്വീസുകള്‍ ബാഴ്സിലോണ, വലേന്‍ഷ്യ, പാരിസ്, ല്യോണ്‍, ഫ്‌ലോറന്‍സ് തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കുള്ള സര്‍വ്വീസുകളാണ്. പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ നൈസ്, മലാഗ എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസുകളെയും മോശം കാലാവസ്ഥ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഏകദേശം 24 മണിക്കൂറിലധികമായി പ്രശ്നങ്ങള്‍ തുടരുകയാണെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സര്‍വ്വീസുകള്‍ വൈകുന്നതിന്റെയും റദ്ദാക്കപ്പെടുന്നതിന്റെയും യഥാര്‍ത്ഥ കാരണം വിമാനക്കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, മോശം കാലാവസ്ഥയും ഒരു കാരണമാണെന്ന് അനുമാനിക്കുന്നു.

Similar News