ഒടുവില്‍ സിറിയയിലെ നരകതുല്യ ജീവിതം അവസാനിപ്പിച്ച് ഷമീമ മടങ്ങിയേക്കും; പത്തു വര്‍ഷം മുന്‍പ് പതിനഞ്ചാം വയസ്സില്‍ ഐസിസില്‍ ചേരാന്‍ ലണ്ടനിലെ സ്‌കൂളില്‍ നിന്ന് മുങ്ങിയ പെണ്‍കുട്ടിയെ തിരിച്ചു കൊണ്ട് വരാന്‍ ശുപാര്‍ശ; ഒപ്പം അനേകം പേരും ബ്രിട്ടണിലേക്ക് മടങ്ങിയേക്കും

Update: 2025-11-13 01:52 GMT

ലണ്ടന്‍: സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ജീവിക്കുന്ന ഷമീമ ബീഗത്തെ തിരിച്ചു കൊണ്ടുവരാമെന്ന് ബ്രിട്ടന്റെ തീവ്രവാദ നയങ്ങളുടെ പുനരവലോകന റിപ്പോര്‍ട്ടില്‍ ശുപാര്‍ശ. 2015 ല്‍ വെറും 15 വയസ്സുള്ളപ്പോള്‍ ഇസ്ലാമിക ലോകം കെട്ടിപ്പടുക്കുന്നതിനായി കിഴക്കന്‍ ലണ്ടനിലെ വീടുപേക്ഷിച്ച് സിറിയയിലേക്ക് കടന്നതാണ് ഈ ഐസിസ് വധു, എന്നാല്‍, മൂന്ന് വര്‍ഷത്തെ പുനരവലോകനത്തിന് ശേഷം ബ്രിട്ടന്റെ ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന്‍ ഓണ്‍ യു കെ കൗണ്ടര്‍ ടെററിസം ഇപ്പോള്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത് ഇവരെയും, സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പിലുള്ള മറ്റു ബ്രിട്ടീഷുകാരെയും നാട്ടിലേക്ക് മടക്കി കൊണ്ടുവരണമെന്നാണ്.

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അല്‍ക്വെയ്ദ അംഗങ്ങളെ പാര്‍പ്പിച്ച് കുപ്രസിദ്ധി നേടിയ ഗ്വണ്ടാനാമോ ബേ ജയിലിനെ അനുസ്മരിപ്പിക്കും വിധം ബ്രിട്ടന്റെ ഗ്വണ്ടനാമോ എന്ന് പേര് ലഭിച്ച സിറിയന്‍ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ അവരുടെ ജീവിതം കനത്ത ഭീഷണിയിലാണെന്നാണ് കമ്മിറ്റി നിരീക്ഷിച്ചത്. കേസ് ചാര്‍ജ്ജ് ചെയ്യാതെയും വിചാരണയില്ലാതെയും ബീഗം ഇവിടെ തടവില്‍ കഴിയുന്നതാണ് അങ്ങനൊരു പേര് ഇതിന് നേടിക്കൊടുത്തത്. മാത്രമല്ല, മനുഷ്യത്വ ഹീനവും, വൃത്തികെട്ടതുമായ സമീപനമാണ് ഈ ക്യാമ്പുകളില്‍ ഉള്ളതെന്നും അവര്‍ വിലയിരുത്തുന്നു.

മുന്‍ അറ്റോര്‍ണി ജനറല്‍ ഡൊമിനിക് ഗ്രീവ്, ബരോണസ്സ് സയീദ വാഴ്സി, മുന്‍ എം 16 ഗ്ലോബല്‍ കൗണ്ടര്‍ ടെററിസം ഡയറക്റ്റര്‍ റിച്ചാര്‍ഡ് ബാരെറ്റ്, മുന്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് മേധാവി സര്‍ പീറ്റര്‍ ഫാഹി എന്നിവരടങ്ങിയ കമ്മിറ്റിയാണ് നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ കണക്കുകൂട്ടലുകള്‍ പ്രകാരം 50 നും 70 നും ഇടയില്‍ ബ്രിട്ടീഷുകാരാണ് സിറിയന്‍ ക്യാമ്പുകളില്‍ ഇപ്പോഴുള്ളത്. ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. 12 മുതല്‍ 30 വരെ കുട്ടികള്‍ ഉണ്ടാകാമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. ഐസിസില്‍ ചേര്‍ന്നതിന് പിറകെ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കിയിരുന്നു. എന്നാല്‍, അത് തിരികെ ലഭിക്കുന്നതിനും ബ്രിട്ടനിലേക്ക് മടങ്ങുന്നതിനുമായി അവര്‍ നിയമ പോരാട്ടം നടത്തി വരികയാണ്.

ഷമീമ ബീഗത്തിന്റെ ബ്രിട്ടീഷ് പൗരത്വം റദ്ദാക്കുന്ന നടപടിയെ ആദ്യം സര്‍ കീര്‍ സ്റ്റാര്‍മര്‍ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് ദേശീയ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടത് എന്ന് പറഞ്ഞ് തന്റെ നിലപാട് മാറ്റുകയായിരുന്നു. ബ്രിട്ടീഷ് പൗരത്വം റദ്ദാക്കപ്പെട്ടവര്‍ ഉള്‍പ്പടെ സിറിയന്‍ ക്യാമ്പുകളില്‍ ഉള്ള എല്ലാ ബ്രിട്ടീഷുകാരെയും തിരികെ കൊണ്ടുവരണമെന്നാണ് ഇപ്പോള്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതിനായി ഒരു പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും, തിരികെ ബ്രിട്ടനിലെത്തിയാല്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഉണ്ടാകാനുള്ള സാധ്യത അവരെ അറിയിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.

സിറിയന്‍ മരുഭൂമിയിലെ ഒരു അഭയാര്‍ത്ഥി ക്യാമ്പില്‍,എന്നെങ്കിലും ബ്രിട്ടനിലേക്ക് മടങ്ങാമെന്ന പ്രത്യാശയുമായി കഴിയുകയാണ് ഷമീമ ബീഗം ഇപ്പോഴെന്ന് നേരത്തെ ഡെയ്ലി മെയില്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും നല്‍കുന്ന പ്രതിവാരം 100 പൗണ്ട് ആണ് അവരുടെ ഏക വരുമാനം.ഈ തുകയില്‍ നിന്നും പണം ചെലവഴിച്ച്, ചില സൗന്ദര്യ വര്‍ദ്ധക ചികിത്സകള്‍ ഒക്കെ നടത്തി വിഷാദത്തിലേക്ക് കൂപ്പുകുത്തി വീഴാതെ ജീവിതം മുന്‍പോട്ട് നയിക്കുകയാണ് ഈ മുന്‍ ജിഹാദി.

Similar News