ആണവോര്‍ജ്ജ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പല്‍ കരീബിയന്‍ കടലിലേക്ക്; മഡുറോയുടെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്കന്‍ നീക്കം സജീവം; അന്തിമ തീരുമാനം ട്രംപ് ഉടന്‍ എടുത്തേക്കും
ന്യുയോര്‍ക്ക്: ദിവസങ്ങള്‍ക്കുള്ളില്‍ വെനിസ്വേലയില്‍ വന്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉന്നത സൈനിക ജനറല്‍മാരുമായി ട്രംപ് ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. അവര്‍ ഇക്കാര്യത്തില്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ ട്രംപിന് സമര്‍പ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്‌നും പ്രസിഡന്റിന് ഇക്കാര്യം കൃത്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ന്ല്‍കി കഴിഞ്ഞു. എന്നാല്‍ ട്രംപ് ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും എന്നാല്‍ ഈ ആഴ്ച തന്നെ നടപടിയുണ്ടാകുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.
ഈ ആഴ്ച ആദ്യം, ആണവോര്‍ജ്ജ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് - കരീബിയന്‍ കടലിലേക്ക് നീങ്ങിയിട്ടുണ്ട്. നിക്കോളാസ് മഡുറോയുടെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ അമേരിക്ക ആക്രമണം നടത്താന്‍ പോകുന്നുവെന്ന അഭ്യൂഹങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ശീതയുദ്ധത്തിനുശേഷം ഈ മേഖലയില്‍ അമേരിക്ക ശക്തമായ സൈനിക സാന്നിധ്യമാണ് ഉറപ്പാക്കിയിരിക്കുന്നത്. രാജ്യത്തേക്ക് വരുന്ന മയക്കുമരുന്ന് ബോട്ടുകളില്‍ വന്‍ തോതില്‍ മിസൈല്‍ ആക്രമണം നടത്താന്‍ സെപ്റ്റംബര്‍ മുതല്‍ ട്രംപ് യുഎസ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത്തരത്തില്‍ 19 ആക്രമണണങ്ങളാണ് അമേരിക്ക നടത്തിയത്. കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക് സമുദ്രത്തിലുമായി നടത്തിയ ആക്രമണങ്ങളില്‍ 76 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബുധനാഴ്ച ഇന്ത്യാനയിലെ ഫോര്‍ട്ട് വെയ്‌നില്‍ നടന്ന ഒരു ഉച്ചകോടിയില്‍ ലാറ്റിനമേരിക്കന്‍ മയക്കുമരുന്ന് കള്ളക്കടത്തുകാരെ കൈകാര്യം ചെയ്യുന്നതില്‍ ഭരണകൂടത്തിന്റെ ശക്തമായ സമീപനത്തെക്കുറിച്ച് ഹെഗ്‌സെത്ത് ചര്‍ച്ച ചെയ്തു. 'അമേരിക്കന്‍ ജനതയെ വിഷലിപ്തമാക്കാന്‍ നിങ്ങള്‍ മയക്കുമരുന്ന് കടത്തുകയാണെങ്കില്‍, നിങ്ങള്‍ ഒരു നിയുക്ത വിദേശ തീവ്രവാദിയോ കടത്തുകാരനോ ആണെന്ന് ഞങ്ങള്‍ക്ക് അറിയാമെങ്കില്‍, ഞങ്ങള്‍ നിങ്ങളെ കണ്ടെത്തി കൊല്ലും എന്നാണ് ഹെഗ്‌സെത്ത് മുന്നറിയിപ്പ് നല്‍കിയത്. ട്രാക്കിംഗ്, നെറ്റ്വര്‍ക്കിംഗ്, മാപ്പിംഗ്, ആക്രമണം എന്നിവയില്‍ അമേരിക്കന്‍ സൈന്യത്തേക്കാള്‍ മികച്ച മറ്റാരുമില്ല. വരാനിരിക്കുന്ന സൈനിക നടപടികളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം പ്രസിഡന്റിന് വിവരങ്ങള്‍ നല്‍കി.
വിദേശ യാത്ര കാരണം ഈ വിഷയത്തെക്കുറിച്ചുള്ള വൈറ്റ് ഹൗസ് ചര്‍ച്ചകളില്‍ ദേശീയ ഇന്റലിജന്‍സ് ഡയറക്ടര്‍ തുള്‍സി ഗബ്ബാര്‍ഡ് പങ്കെടുത്തിരുന്നില്ല. മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്കെതിരെ ട്രംപ് ഭരണകൂടം നടത്തിയ ആക്രമണങ്ങള്‍ നിയമവിരുദ്ധമായ കൊലപാതകങ്ങളാണ് എന്നാണ് ട്രംപിന്റെ എതിരാളികള്‍ വിമര്‍ശനം ഉന്നയിക്കുന്നത്. ആക്രമിച്ച കപ്പലുകള്‍ മയക്കുമരുന്ന് കൊണ്ടുപോകുന്നുണ്ടെന്നോ ഇത് അമേരിക്കക്ക് ഭീഷണിയാണെന്നോ ഉള്ള വ്യക്തമായ തെളിവുകള്‍ അമേരിക്ക ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം, ഒരു മയക്കുമരുന്ന് കപ്പലില്‍ നടന്ന സൈനിക ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേരെ അമേരിക്ക രക്ഷപ്പെടുത്തി. ഇവരെ പിന്നീട് കൊളംബിയയിലേക്കും ഇക്വഡോറിലേക്കും തിരിച്ചയച്ചു. അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിന് ആവശ്യമായ നടപടി് എന്നാണ് ട്രംപ് ആക്രമണങ്ങളെ ന്യായീകരിച്ചത്. 2001 സെപ്റ്റംബര്‍ 11 ആക്രമണങ്ങള്‍ക്ക് ശേഷം ഭീകരതയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ ബുഷ് ഭരണകൂടം ഉപയോഗിച്ച അതേ നിയമപരമായ അവകാശത്തെ ഉപയോഗിച്ചാണ് മയക്കുമരുന്ന് സംഘങ്ങളുമായി അമേരിക്ക സായുധ പോരാട്ട'ത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം വാദിച്ചു. ആക്രമണങ്ങളുടെ നിയമസാധുതയെക്കുറിച്ച് സെനറ്റിലെ ഡെമോക്രാറ്റുകള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഈ മാസം ആദ്യം സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, ഗബ്ബാര്‍ഡ്, ഹെഗ്സെത്ത് എന്നിവര്‍ക്ക് അവര്‍ കത്തയ്ക്കുകയും ചെയ്തിരുന്നു.
