തായ് വാനില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ ജപ്പാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ചൈന; തായ് വാന്റെ പരമാധികാര ചര്‍ച്ചകള്‍ പുതിയ തലത്തില്‍

Update: 2025-11-14 06:25 GMT

തായ് വാനില്‍ ഇടപെടാന്‍ ശ്രമിച്ചാല്‍ ജപ്പാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ചൈന. കഴിഞ്ഞയാഴ്ച ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പൊട്ടിപ്പുറപ്പെട്ട നയതന്ത്ര തര്‍ക്കത്തിനിടയിലാണ് ഈ അപകടകരമായ മുന്നറിയിപ്പ് പുറത്തു വരുന്നത്. ചൈനയും ജപ്പാനും തമ്മിലുള്ള ചരിത്രപരമായ ശത്രുതയെയും തായ് വാന്റെ പരമാധികാരത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളും ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച, ജപ്പാന്‍ പ്രധാനമന്ത്രി സനേ തകായിച്ചി, ചൈന തായ്വാനെ ആക്രമിച്ചാല്‍ തങ്ങള്‍ക്ക് സൈനികമായി പ്രതികരിക്കാന്‍ കഴിയുമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ജപ്പാന്‍ പാര്‍ലമെന്റിലാണ് അവര്‍ ഇക്കാര്യം അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. 2015 ലെ ജപ്പാന്റെ സുരക്ഷാ നിയമപ്രകാരം, അതിജീവനത്തിന് ഭീഷണിയായ സാഹചര്യം' എന്ന നിയമപരമായ പദം രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയായേക്കാവുന്ന സഖ്യകക്ഷികള്‍ക്കെതിരായ ഏതൊരു ആക്രമണത്തെയും സൂചിപ്പി്ക്കുന്നു. അത്തരമൊരു സാഹചര്യത്തില്‍, ഭീഷണിയോട് പ്രതികരിക്കാന്‍ ജപ്പാന്റെ പ്രതിരോധ സേനയെ സജീവമാക്കാം.

എന്നാല്‍ ഈ പരാമര്‍ശങ്ങളോട് ചൈന രോഷത്തോടെയാണ് പ്രതികരിച്ചത്. ജപ്പാന്‍ പ്രധാനമന്ത്രി തന്റെ അഭിപ്രായം പിന്‍വലിക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ജപ്പാന്‍ ഇനിയും പ്രതികരിക്കാത്ത സാഹചര്യത്തില്‍ ചൈന ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചൈനയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് ലിന്‍ ജിയാന്‍ പറഞ്ഞത് ജപ്പാന്‍ തങ്ങളുടെ യുദ്ധക്കുറ്റങ്ങള്‍ക്ക് പൂര്‍ണ്ണമായി പശ്ചാത്തപിക്കുകയും, ചൈനയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന തെറ്റായതും പ്രകോപനപരവുമായ പ്രസ്താവനകളും നടപടികളും ഉടന്‍ അവസാനിപ്പിക്കുകയും ചെയ്യണം എന്നാണ്.

തായ് വാന്‍ വിഷയത്തില്‍ തീകൊണ്ട് കളിക്കുന്നത് അവസാനിപ്പിക്കണം എന്നും തീകൊണ്ട് കളിക്കുന്നവര്‍ അത് മൂലം നശിച്ചുപോകും എന്നും വക്താവ് താക്കീത് നല്‍കി. ചരിത്രം പരാമര്‍ശിച്ചുകൊണ്ട്, ജാപ്പനീസ് ആക്രമണത്തിനെതിരായ ചൈനയുടെ വിജയത്തിന്റെയും തായ് വാന്‍ വീണ്ടെടുപ്പിന്റെയും 80-ാം വാര്‍ഷികമാണ് ഈ വര്‍ഷം എന്ന കാര്യവും ലിന്‍ ജപ്പാനെ ഓര്‍മ്മിപ്പിച്ചു. ദേശീയ സ്വയം പ്രതിരോധത്തിന്റെ മറവില്‍ ജപ്പാന്‍ സൈനിക ഭാഷയെ പുനരുജ്ജീവിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തായ്വാനില്‍ ജപ്പാന്റെ ഏതൊരു സൈനിക ഇടപെടലും ആക്രമണാത്മക നടപടിയായി കണക്കാക്കുമെന്നും ലിന്‍ മുന്നറിയിപ്പ് നല്‍കി.

ജപ്പാന്‍ ഇടപെടാന്‍ തുനിഞ്ഞാല്‍, യുഎന്‍ ചാര്‍ട്ടറിന് കീഴിലുള്ള സ്വയം പ്രതിരോധത്തിനുള്ള അവകാശത്തില്‍ ചൈനയും ഉറച്ചുനില്‍ക്കും എന്നും അദ്ദേഹം പറഞ്ഞു. ബീജിംഗും ടോക്കിയോയും തമ്മിലുള്ള ദീര്‍ഘകാല ശത്രുത രണ്ടാം ലോകമഹായുദ്ധസമയത്ത് ചൈനയില്‍ ജപ്പാന്‍ നടത്തിയ ക്രൂരമായ സൈനിക നടപടികളുടെ കാലം മുതല്‍ ആരംഭിച്ചതാണ്.

Similar News