അമേരിക്കക്കാരിയായ മുന്‍ റിയലിറ്റി ഷോ താരത്തിന്റെ വിസ അപേക്ഷ കാണാതെ പോയെന്നു ഹോം ഓഫീസ്; പണി കിട്ടിയത് വീട് വാടകക്ക് കൊടുക്കാന്‍ ശ്രമിച്ചപ്പോള്‍; വിസ നിയന്ത്രണം കടുപ്പിച്ചതോടെ സകലരുടെയും അപേക്ഷകള്‍ക്ക് മെല്ലെപ്പോക്ക്: നാട് കടത്തല്‍ ഭീതി ശക്തം
ലണ്ടന്‍: ബ്രിട്ടണിലെ ഹോം ഓഫീസിലെ ജീവനക്കാര്‍ക്ക് പറ്റിയ ഒരു മഹാ അബദ്ധം പ്രൊഫഷണല്‍ ഡാന്‍സറും, സ്ട്രിക്റ്റ്‌ലി മുന്‍ താരവുമായ ആന്യ ഗാര്‍നിസിനെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അമേരിക്കന്‍ പൗരത്വമുള്ള ഈ 43 കാരിക്ക് ബ്രിട്ടനില്‍ സ്ഥിരതാമസത്തിനുള്ള റൈറ്റ് ടു ലിവ് രേഖകളില്‍ നിന്നും അപ്രത്യക്ഷമായതോടെ താന്‍ വീട് ഇല്ലാത്തവളായി മാറുമോ എന്ന ഭയമാണ് അവര്‍ക്കിപ്പോള്‍. ഡെവണിലെ ടോട്ട്‌നെസ്സില്‍ ബ്രിട്ടീഷ് പൗരനായ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം താമസിക്കുന്ന അവര്‍ വീട് വാടകയ്ക്ക് കൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് തനിക്ക് റൈറ്റ് ടു ലിവ് ഇല്ലെന്ന് അവര്‍ മനസ്സിലാക്കുന്നത്.
ഹോം ഓഫീസിന്റെ ലാന്‍ഡ്‌ലോര്‍ഡ് ചെക്കിംഗ് സിസ്റ്റത്തില്‍ 2013 ന് ശേഷം ഇവര്‍ക്ക് രാജ്യത്ത് താമസിക്കാനുള്ള അനുവാദമില്ല എന്നാണ് കാണിക്കുന്നത്. ഇതില്‍ ഹോം ഓഫീസില്‍ പരാതിപ്പെട്ടപ്പോള്‍ അധികൃതര്‍ പറഞ്ഞത് അവരുടെ ലീവ് ടു റിമെയ്‌നുള്ള അപേക്ഷ കാണാതെ പോയതായിരിക്കാം എന്നാണ്. ഏതായാലും ഇവര്‍ ഇപ്പോള്‍ ബ്രിട്ടനില്‍ അനധികൃതമായി താമസിക്കുന്ന വ്യക്തിയായി മാറിയിരിക്കുകയാണ്. താന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി എന്നാണ് സ്ട്രിക്റ്റ്‌ലിയില്‍ ഒരു നൃത്ത സംവിധായക ആയി പ്രവര്‍ത്തിച്ച ആന്യ പറയുന്നത്. ഇപ്പോള്‍ താമസിക്കുന്ന വീട്ടില്‍ നിന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇവര്‍ താമസം മാറ്റുകയാണ്. ഇപ്പോള്‍ വീട് വാടകയ്ക്ക് എടുക്കാനോ വാങ്ങാനോ അവര്‍ക്ക് കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ബ്രിട്ടനില്‍ ഇവര്‍ ഭവനരഹിതരാവുകയാണ്. അതേസമയം രാജ്യം വിട്ട് പോയാല്‍ തന്റെ വിസ അപേക്ഷ തള്ളപ്പെടാം എന്ന ഭയവുമുണ്ട്. ലാത്വിയയില്‍ ജനിച്ച് പതിനേഴാം വയസ്സില്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ആന്യ, സ്ട്രിക്റ്റ്‌ലിയില്‍ പ്രവര്‍ത്തിക്കുന്നതിനായി 2013 ല്‍ ആയിരുന്നു യു കെയില്‍ എത്തുന്നത്. ആദ്യം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ട ഇവര്‍ പിന്നീട് നൃത്ത സംവിധായികയായി കര്‍ട്ടന് പിറകിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 2017 ല്‍ ന്യൂട്രീഷന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ആയ വാന്‍ കാംപെനുമായുള്ള വിവാഹം നടന്നു. രണ്ട് മക്കളുമുണ്ട്.
കഴിഞ്ഞ സെപ്റ്റംബറില്‍ പെര്‍മിഷന്‍ പുതുക്കുന്നതിനായി അവര്‍ അപേക്ഷിച്ചിരുന്നു. ഫിസിക്കല്‍ കാര്‍ഡില്‍ നിന്നും ഡിജിറ്റല്‍ ഐഡിയിലേക്ക് മാറുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നായിരുന്നു അപേക്ഷിച്ചത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും മറുപടിയൊന്നും ലഭിച്ചില്ല. ഹോം ഓഫീസ് വെബ്‌സൈറ്റ് നല്‍കുന്ന മറുപടി ഇവരുടെ അപേക്ഷ പരിഗണിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ്. ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍, ഓരോരുത്തരുടെ പ്രശ്നങ്ങള്‍ ഫോണില്‍ കൂടി സംസാരിക്കാന്‍ കഴിയില്ലെന്നായിരുന്നു ഹോം ഓഫീസിന്റെ പ്രതികരണം.
