ഇന്ത്യയുമായുള്ള ബന്ധം പുന:സ്ഥാപിച്ചത് പ്രകോപനമായി; നയതന്ത്ര ചര്‍ച്ചകള്‍ പാളിയതോടെ താലിബാന്‍ ഭരണകൂടത്തെ താഴെയിറക്കാന്‍ നീക്കം; തുര്‍ക്കി വഴി അന്ത്യശാസനവുമായി പാക്കിസ്ഥാന്‍; പാക്ക് സുരക്ഷാ സേനയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്ന് ആവശ്യം; അഫ്ഗാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് വന്‍വാഗ്ദാനങ്ങള്‍
ഇസ്ലാമാബാദ്: അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തിന് അന്ത്യശാസനം നല്‍കി പാക്കിസ്ഥാന്‍. തെഹ്രീകെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി) എന്ന സംഘടനയെ നിന്ത്രിക്കാന്‍ താലിബാന്‍ തയ്യാറാകാത്തതിലും അതിര്‍ത്തി കടന്നുള്ള ഭീകരവാദ ആക്രമണങ്ങളിലും അതൃപ്തി പ്രകടിപ്പിച്ചാണ് പാക്കിസ്ഥാന്റെ അന്തിമശാസനം. പാക് സുരക്ഷാ സേനയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടുള്ള ഒത്തുതീര്‍പ്പിനു തയ്യാറാവുക, അല്ലെങ്കില്‍ ഇസ്ലാമാബാദിന്റെ പിന്തുണയോടെ കാബൂളിലെ ഭരണത്തെ അട്ടിമറിക്കുന്ന ബദല്‍ രാഷ്ട്രീയ ശക്തിയെ നേരിടുക എന്നാണ് പാക്കിസ്ഥാന്റെ അന്ത്യശാസനയെന്ന് ഇന്റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്തഖി അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയുമായുള്ള ബന്ധം താലിബാന്‍ ദൃഢപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഇതിനിടെയാണ് താലിബാനുമായി പാക്കിസ്ഥാന്‍ ഇടയുന്നത്. അഫ്ഗാനിസ്താനുമായുള്ള ദീര്‍ഘകാലത്തെ നയതന്ത്രബന്ധം പുനഃപരിശോധിക്കാന്‍ ഇത് നിര്‍ബന്ധിതരാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താലിബാന്‍ ഭരണകൂടവുമായി പാക് സര്‍ക്കാരിന്റെ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തിലാണ് അന്തിമശാസന പുറപ്പെടുവിച്ചിരിക്കുന്നത്. തുര്‍ക്കി മധ്യസ്ഥര്‍ വഴിയാണ് താലിബാന്‍ ഭരണകൂടത്തിന് പാക്കിസ്ഥാന്‍ അന്ത്യശാസനകൈമാറിയിരിക്കുന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതു പോലെത്തന്നെ അഫ്ഗാനിസ്താന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് ഒരു കെണിയാണ് പാക്കിസ്ഥാന്‍ കാണുന്നത്. അതുകൊണ്ട് തന്നെ അഫ്ഗാനിനകത്തും പുറത്തും താലിബാന്‍ വിരുദ്ധ രാഷ്ട്രീയ നേതാക്കളുമായി പാക്കിസ്ഥാന്‍ സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നത്.
താലിബാന്‍ വിരുദ്ധ നേതാക്കളുമായി ഇതിനകം തന്നെ പാക്കിസ്ഥാന്‍ ബന്ധം സ്ഥാപിച്ചു തുടങ്ങിയതായി ഉന്നതവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അഫ്ഗാന്‍ ജനാധിപത്യ, പ്രതിപക്ഷ നേതാക്കളുമായി പാക്കിസ്ഥാന്‍ ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹമീദ് കര്‍സായി, അഷ്റഫ് ഘനി, അഹമ്മദ് മസൂദ് (നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട്), അബ്ദുള്‍ റാഷിദ് ദോസ്തം, അഫ്ഗാനിസ്താന്‍ ഫ്രീഡം ഫണ്ട് അംഗങ്ങള്‍ തുടങ്ങിയവരെ ഇന്റലിജന്‍സ് വിഭാഗം ബന്ധപ്പെട്ടതായാണ് വിവരം.
താലിബാന്‍ വിരുദ്ധ നേതാക്കള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും പാക്കിസ്ഥാന്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അഫ്ഗാന്‍ ജനാധിപത്യ പ്രക്രിയയിലേക്ക് മടങ്ങിവരണമെന്ന ആഗ്രഹിക്കുന്ന, നാടുകടത്തപ്പെട്ട വനിതാ നേതാക്കള്‍, ആക്ടിവിസ്റ്റുകള്‍, ജനാധിപത്യ അനുകൂല സംഘടനകള്‍ക്കും പാക്കിസ്ഥാന്റെ വാഗ്ദാനങ്ങള്‍ ബാധകമാണെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യ അഫ്ഗാന്‍ ബന്ധം പുതിയ തലത്തില്‍
അഫ്ഗാനിസ്ഥാനുമായുള്ള വ്യോമചരക്ക് സര്‍വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങുകയാണ് ഇന്ത്യ. അഫ്ഗാന്‍ വ്യാപാരമന്ത്രി അല്‍ ഹാജ് നൂറുദ്ദീന്‍ അസീസിയുടെ ഡല്‍ഹി സന്ദര്‍ശനവേളയിലാണ് പ്രഖ്യാപനമുണ്ടായത്. കാബൂള്‍-ഡല്‍ഹി, കാബൂള്‍ -അമൃത്സര്‍ റൂട്ടുകളിലെ വ്യോമചരക്ക് സര്‍വീസുകളാണ് പുനരാരംഭിക്കുന്നത്. വീണ്ടും ചരക്ക് ഇടനാഴി സജീവമാക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യോമ ചരക്ക് വീണ്ടും ആരംഭിക്കുമെന്നും ഈ മേഖലയിലെ ചരക്ക് വിമാനങ്ങളുടെ സര്‍വീസ് ഉടനടി ആരംഭിക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ ഇടനാഴി വീണ്ടും സജീവമാക്കുന്നതിന് വേണ്ട നടപടികള്‍ ആരംഭിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് വഴിയൊരുക്കുകയും ചെയ്യുമെന്നാണ് നിഗമനം.
അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് താലിബാന്‍ മന്ത്രി അസീസി ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനെ കേന്ദ്രീകരിച്ച് ഇരുനേതാക്കളും ചര്‍ച്ച നടത്തി. സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും വികസന സംരംഭങ്ങള്‍ സുഗമമാക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. അഫ്ഗാന്‍ ജനതയുടെ ക്ഷേമത്തിനും വികസനത്തിനും ഇന്ത്യയുടെ തുടര്‍ച്ചയായ പിന്തുണ ആവര്‍ത്തിക്കുകയും ചെയ്തതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
