രഹസ്യമായി ആയുധങ്ങള്‍ നല്‍കി അമേരിക്ക സജ്ജമാക്കിയ കുര്‍ദ്ദിഷ് വിമതര്‍ പശ്ചിമ ഇറാനില്‍ കലാപം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്; ഉറ്റസുഹൃത്തായിട്ടും ബ്രിട്ടന്‍ സഹകരിക്കുന്നില്ല; ബ്രിട്ടീഷ് പ്രധാനമന്ത്രിയോടുള്ള അതൃപ്തി വ്യക്തമാക്കി ട്രംപ്; വീണ്ടും നികുതി വര്‍ദ്ധനവുണ്ടായേക്കും; ഇറാന്‍ യുദ്ധം ബ്രിട്ടനിലെ സാഹചര്യം വഷളാക്കിയേക്കുമെന്ന് ചാന്‍സലര്‍

രഹസ്യമായി ആയുധങ്ങള്‍ നല്‍കി അമേരിക്ക സജ്ജമാക്കിയ കുര്‍ദ്ദിഷ് വിമതര്‍ പശ്ചിമ ഇറാനില്‍ കലാപം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്

Update: 2026-03-04 00:51 GMT

ലണ്ടന്‍: രാജ്യത്തിനകത്തു നിന്നു തന്നെ ശക്തമായ ഒരു കലാപം പൊട്ടിപ്പുറപ്പെട്ടില്ലെങ്കില്‍ ഇറാനില്‍ ഭരണമാറ്റം അസാധ്യമാണെന്ന് മനസ്സിലാക്കിയ അമേരിക്കയും ഇസ്രയേലും കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിലേറെയായി പശ്ചിമ ഇറാനിലെ കുര്‍ദ്ദിഷ് വിമതര്‍ക്ക് രഹസ്യമായി ആയുധങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. ഏതാനും ദിവസങ്ങള്‍ക്കകം തന്നെ അവര്‍ ഒരു കലാപത്തിന് മുതിര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകള്‍. ഇതിനു കളമൊരുക്കുന്നതിനായിട്ടാണ് പശ്ചിമ ഇറാനിലെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് നേരെ അമേരിക്കയും ഇസ്രയേലും കടുത്ത ആക്രമണം അഴിച്ചു വിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കലാപകാരികള്‍ക്ക് അതിവേഗം മേല്‍ക്കൈ നേടിയെടുക്കുന്നതിനായി, പശ്ചിമ ഇറാനിലെ സുരക്ഷാ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുക എന്നതായിരുന്നു ഈ ആക്രമണങ്ങളുടെ ഉദ്ദേശ്യം. രാജ്യം വീണ്ടെടുക്കണമെന്നും, നിലവിലെ ഭരണകൂടത്തെ അധികാരത്തില്‍ നിന്നും മാറ്റണമെന്നും ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുനും ഇറാന്‍ ജനതയോട് ആഹ്വാനം ചെയ്തതിന് തൊട്ടുപുറകെയാണ് ഈ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ആഭ്യന്തര കലാപത്തിനിടയില്‍ അമേരിക്കന്‍ കരസൈന്യത്തെ ഇറാനിലിറക്കാനാകും അമേരിക്ക ശ്രമിക്കുക എന്നാണ് ചില യുദ്ധ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

അതേസമയം, ഭരണകൂടമാറ്റം എന്ന ലക്ഷ്യം കാണാതെ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ് തയ്യാറായേക്കില്ല എന്ന സൂചനകളും പുറത്തു വന്നിട്ടുണ്ട്. 'അവരുടെ വ്യോമസേനയും നാവികസേനയും രാഷ്ട്രീയ നേതൃത്വവുമെല്ലാം അവസാനിച്ചിരിക്കുന്നു. ഇനി ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ല, ഒരുപാട് വൈകിപ്പോയി' എന്നാണ് ട്രംപ് തന്റെ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം ആയ ട്രൂത്തില്‍ കുറിച്ചത്. പുതിയ ആത്മീയ നേതാവിന്റെ തിരഞ്ഞെടുപ്പ് നടക്കാനിരുന്ന കെട്ടിടവും ബോംബിട്ട് തകര്‍ത്തതായി ട്രംപ് അവകാശപ്പെട്ടു.

അതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറോടുള്ള അതൃപ്തി ഡൊണാള്‍ഡ് ട്രംപ് ആവര്‍ത്തിച്ചു വ്യക്തമാക്കി. സ്റ്റാര്‍മര്‍ ഒരു വിന്‍സ്റ്റണ്‍ ചര്‍ച്ചിലൊന്നും അല്ല എന്ന് ഓര്‍മ്മിപ്പിച്ച ട്രംപ്. ബ്രിട്ടനും അമേരിക്കയുമായി എന്നും വിശേഷപ്പെട്ട ഒരു സൗഹൃദമായിരുന്നു കാത്തു സൂക്ഷിച്ചിരുന്നതെന്ന് ഓര്‍മ്മിപ്പിച്ച ട്രംപ് അത് ഇപ്പോള്‍ ഒരു പ്രതിസന്ധിയിലേക്ക് കടന്നിരിക്കുകയാണെന്നും പറഞ്ഞു. അമേരിക്കയുമായി സഹകരിക്കാന്‍ വൈമുഖ്യം കാട്ടിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നടപടിയില്‍ താന്‍ തികച്ചും അതൃപ്തനാണെന്നും ട്രംപ് തുറന്നടിച്ചു.

ഇറാനു നേരെയുള്ള ആക്രമണത്തിന് ബ്രിട്ടീഷ് സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്കയ്ക്ക് ആദ്യം അനുവാദം നല്‍കാതിരുന്ന നടപടിയാണ് ട്രംപിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഷാഗോസ് ദ്വീപുകളിലെ ഡീഗോ ഗാര്‍ഷ്യ സൈനിക താവളം ഉപയോഗിക്കാനായിരുന്നു അമേരിക്ക ആദ്യം ഉദ്ദേശിച്ചിരുന്നത്. അതിന് ബ്രിട്ടന്‍ അനുമതി നല്‍കാതിരുന്നതോടെ പുതിയ ആക്രമണ പദ്ധതി രൂപപ്പെടുത്താന്‍ മൂന്നു നാല് ദിവസങ്ങള്‍ അധികമായി എടുത്തു എന്നും ട്രംപ് പറഞ്ഞു. മാത്രമല്ല, ഡീഗോ ഗാര്‍ഷ്യ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരുന്നെങ്കില്‍, തങ്ങളുടെ യുദ്ധ വിമാനങ്ങള്‍ക്ക് ഇപ്പോള്‍ പറക്കുന്നത്ര ദൂരം പറക്കേണ്ടതായി വരില്ലായിരുന്നു എന്നും ട്രംപ് പറഞ്ഞു.

ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് കടുത്ത ആശങ്കയില്‍

റെക്കോര്‍ഡ് തലത്തിലുള്ള ഉയര്‍ന്ന നികുതികളാണ് ഇപ്പോള്‍ ബ്രിട്ടീഷുകാര്‍ അഭിമുഖീകരിക്കുന്നതെങ്കിലും, തന്റെ പദ്ധതികള്‍, താന്‍ വിചാരിച്ച രീതിയില്‍ തന്നെയാണ് മുന്നോട്ട് പോകുന്നതെന്നാണ് ചാന്‍സലര്‍ റെയ്ച്ചല്‍ റീവ്‌സ് അവകാശപ്പെടുന്നത്. അതിനിടയിലും, മദ്ധ്യപൂര്‍വ്വേഷ്യയിലെ സംഭവവികാസങ്ങള്‍ ബ്രിട്ടന്റെ സ്ഥിതി പരുങ്ങലിലാക്കുമോ എന്ന ആശങ്ക പങ്കുവയ്ക്കാനും അവര്‍ മറന്നില്ല. പണപ്പെരുപ്പം തടയുന്നതിനുള്ള നടപടികളും, പുതിയ ക്ഷേമപദ്ധതികളുമൊക്കെയായി തന്റെ വസന്തകാല പ്രസ്താവനയെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടുകൊണ്ടാണ് ചാന്‍സലര്‍ തന്റെ ആശങ്ക പങ്കുവച്ചത്.

ഈ വര്‍ഷം 1.4 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കില്‍ 1.1 ശതമാനം മാത്രമെ കൈവരിക്കാന്‍ കഴിയു എന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റീസിന്റെ പുതിയ പ്രവചനം. മാത്രമല്ല, തൊഴിലില്ലായ്മ വരും മാസങ്ങളില്‍ 5.3 ശതമാനമായി വര്‍ദ്ധിച്ചേക്കുമെന്നും കണക്കാക്കപ്പെടുന്നു. ഇടയ്ക്കുള്ള കോവിഡ് കാലം മാറ്റി നിര്‍ത്തിയാല്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണിത്. നികുതി നിരക്ക് ഉയര്‍ന്ന് ഉയര്‍ന്ന് 203031 ആകുമ്പോഴേക്കും ജി ഡി പി യുടെ 38.5 ശതമാനമെത്തുമെന്നാണ് കണക്കാക്കുന്നത്.

റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും നേരിടുന്ന വെല്ലുവിളികളാണ് മറ്റൊരു പ്രശ്‌നം. ഇത് കണക്കിലെടുത്താണ് പ്രതിരോധ ബജറ്റ് ജി ഡി പിയുടെ 3.5 ശതമാനമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചത്. ക്ഷേമപദ്ധതികള്‍ക്കുള്ള ചെലവുകളും വര്‍ദ്ധിക്കും. ഒപ്പം പെന്‍ഷന്‍ പ്രായമെത്തുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവും ബ്രിട്ടന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും. അതിനിടയിലാണ്, മദ്ധ്യപൂര്‍വേഷ്യയിലെ പ്രതിസന്ധി നീണ്ടുനിന്നാല്‍ ഈ വേനല്‍ക്കാലത്ത് എനര്‍ജി ബില്‍ ഏതാണ്ട് ഇരട്ടിയായി വര്‍ദ്ധിച്ചേക്കാം എന്ന മുന്നറിയിപ്പ് വരുന്നത്.

മദ്ധ്യപൂര്‍വേഷ്യന്‍ പ്രതിസന്ധിയില്‍ എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും വില ഇതിനോടകം തന്നെ ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്ന് റെയ്ച്ചല്‍ റീവ്‌സ് ഇന്നലെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. യു കെയില്‍ ഒരു സാമ്പത്തിക മാന്ദ്യം എത്തുന്നത് തടയാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ബ്രിട്ടനും അമേരിക്കയുമായുള്ള വ്യാപാരബന്ധത്തെ എങ്ങനെ ബാധിക്കും എന്നതിനെ ആസ്പദമാക്കിയായിരിക്കരുത് ഇറാന്‍ പ്രശ്‌നത്തില്‍ ബ്രിട്ടന്‍ ഒരു നിലപാട് എടുക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

Tags:    

Similar News