സ്റ്റുഡന്റ് ലോണുകള്‍ ഇനി അമേരിക്കയില്‍ 'മാലാഖ'യാകാന്‍ കൊതിക്കുന്നവര്‍ക്ക് കിട്ടില്ല; നഴ്‌സിംഗിനെ പ്രൊഫഷണല്‍ ഡിഗ്രി ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്ത് ട്രംപ്; പ്രതിഷേധിച്ച് സംഘടനകള്‍; അമേരിക്കയെ കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങളോ?

Update: 2025-11-23 02:30 GMT

ന്യൂയോര്‍ക്ക്: നഴ്‌സിംഗിനെ ഒരു ''പ്രൊഫഷണല്‍ ഡിഗ്രി'' ആയി കണക്കാക്കുന്ന ലിസ്റ്റില്‍ നിന്നും നീക്കം ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. ട്രംപ് അടുത്തിടെ പാസാക്കിയ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്ട്' എന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റുഡന്റ് ലോണുകള്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം. പുതിയ നീക്കം രാജ്യവ്യാപകമായി കടുത്ത ആശങ്കകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. യുഎസിലെ നഴ്‌സിംഗ് സംഘടനകളെല്ലാം തന്നെ വലിയ ആശങ്കയിലാണ്. നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായത്തിനുള്ള അര്‍ഹന പരിമിതപ്പെടുത്തുന്നത് ആരോഗ്യ രംഗത്തിന്റെ അടിത്തറയ്ക്ക് തന്നെ ഭീഷണിയാണ്. ഈ വിഷയത്തില്‍ ശക്തമായ മുന്നറിയിപ്പ് നല്‍കി ആശങ്ക രേഖപ്പെടുത്തിയിരിക്കുകയാണ് നഴ്സിംഗ് സംഘടനകള്‍.

വിദ്യാഭ്യാസ സെക്രട്ടറി ലിന്‍ഡ മക്മഹന്റെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കിയ, വിദ്യാര്‍ത്ഥി വായ്പകളില്‍ വലിയ തോതിലുള്ള വെട്ടിക്കുറവുകള്‍ ലക്ഷ്യമിടുന്ന ഈ നിയമം, നിരവധി വിദ്യാര്‍ത്ഥികളെ ഉന്നതവിദ്യാഭ്യാസത്തില്‍ നിന്നും അകറ്റുമെന്ന ആശങ്കയും ഉയര്‍ത്തുന്നുണ്ട്. നഴ്‌സിംഗ് പോലുള്ള സുപ്രധാന മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പിന്തുണ നിഷേധിക്കുന്നത് ഭാവിയില്‍ ആരോഗ്യമേഖലയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.

പ്രസിഡന്റ് ട്രംപ് ഈ വര്‍ഷം ആദ്യം ഒപ്പുവെച്ച് നിയമമാക്കിയ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്ട്', വിദ്യാര്‍ത്ഥി വായ്പകളുടെ കാര്യത്തില്‍ സമൂലമായ മാറ്റങ്ങളാണ് നിര്‍ദ്ദേശിക്കുന്നത്. ഈ നിയമത്തിന്റെ പ്രധാന വ്യവസ്ഥകളിലൊന്ന്, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന നിര്‍ണ്ണായകമായ 'ഗ്രാഡ് പ്ലസ് ലോണുകള്‍' നിര്‍ത്തലാക്കുന്നു എന്നതാണ്. ഒപ്പം, വിദ്യാര്‍ത്ഥികള്‍ക്ക് കടം വാങ്ങാവുന്ന തുകയ്ക്ക് പരിധി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. ബിരുദാനന്തര ബിരുദ പഠനങ്ങള്‍ക്ക്, ഗ്രാഡ് പ്ലസ് ലോണുകള്‍ ഒരു പ്രധാന ആശ്രയമായിരുന്നു. സാമ്പത്തിക ശേഷി കുറവുള്ള ധാരാളം വിദ്യാര്‍ത്ഥികള്‍ക്ക് ഈ വായ്പകള്‍ ഏറെ ഗുണകരമായിരുന്നു. ഈ വായ്പകള്‍ ഇല്ലാതാകുന്നത് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം അപ്രാപ്യമാക്കും.

കൂടാതെ, പുതിയ നിയമമനുസരിച്ച്, 'പ്രൊഫഷണല്‍ ഡിഗ്രി' വിഭാഗത്തില്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് 200,000 ഡോളര്‍ എന്ന ഉയര്‍ന്ന വായ്പാ പരിധിക്ക് അര്‍ഹതയുള്ളത്. എന്നാല്‍, ഈ പട്ടികയില്‍ ഉള്‍പ്പെടാത്ത ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് വളരെ കുറഞ്ഞ വായ്പാ പരിധി മാത്രമേ അനുവദിക്കൂ. നഴ്‌സിംഗ് ബിരുദങ്ങളെ പ്രൊഫഷണല്‍ ഡിഗ്രി പട്ടികയില്‍ നിന്ന് ഒഴിവാക്കിയതോടെ, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും ഈ താഴ്ന്ന വായ്പാ പരിധിക്ക് കീഴിലാകുകയും, അത് അവരുടെ പഠനച്ചെലവുകള്‍ കണ്ടെത്തുന്നത് കൂടുതല്‍ ദുഷ്‌കരമാക്കുകയും ചെയ്യും. ഈ വിവേചനപരമായ സമീപനം, നഴ്‌സിംഗ് പോലുള്ള പൊതുസേവന മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വലിയ തിരിച്ചടിയാണ്.

Similar News