എച്ച്-വണ്‍ ബി വിസകളില്‍ 80-90 ശതമാനവും വ്യാജ ഡിഗ്രികളും കെട്ടിച്ചമച്ച രേഖകളും അടിസ്ഥാനമാക്കിയുള്ളവ; രാഷ്ട്രീയ സമ്മര്‍ദ്ദം കാരണം കണ്ണടയ്ക്കുന്നു; ചെന്നൈ യുഎസ് കോണ്‍സുലേറ്റിലെ പഴയ ഉദ്യോഗസ്ഥ കാര്യം പറയുമ്പോള്‍
ചെന്നൈ: അമേരിക്കയിലേക്കുള്ള എച്ച്-വണ്‍ ബി വിസ പ്രോഗ്രാമില്‍ വ്യാപകവും വ്യവസ്ഥാപിതവുമായ തട്ടിപ്പുകള്‍ നടക്കുന്നതായി ഇന്ത്യന്‍-അമേരിക്കന്‍ നയതന്ത്രജ്ഞ മഹ്‌വാഷ് സിദ്ദിഖി വെളിപ്പെടുത്തി. ഇന്ത്യക്കാര്‍ക്ക് നല്‍കുന്ന ഭൂരിഭാഗം എച്ച്-വണ്‍ ബി വിസകളിലും കിട്ടുന്ന രേഖകള്‍ വ്യാജമാണെന്നും, രാഷ്ട്രീയ സമ്മര്‍ദം കാരണം അധികൃതര്‍ ഈ ക്രമക്കേടുകള്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അവര്‍ ആരോപിച്ചു. 2005 മുതല്‍ 2007 വരെ ചെന്നൈയിലെ യുഎസ് കോണ്‍സുലേറ്റില്‍ ഉദ്യോഗസ്ഥയായിരുന്ന കാലത്തെ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഒരു പോഡ്കാസ്റ്റിലാണ് സിദ്ദിഖി ഗുരുതരമായ ഈ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
അമേരിക്കന്‍ കമ്പനികള്‍ക്ക് വിദേശ പ്രതിഭകളെ നിയമിക്കാന്‍ ഉപയോഗിക്കുന്ന താത്കാലിക വര്‍ക്ക് വിസയാണ് എച്ച്-വണ്‍ ബി. ഈ വിസയുടെ പ്രധാന ഗുണഭോക്താക്കള്‍ ഇന്ത്യക്കാരാണ്. എന്നാല്‍, ചെന്നൈയിലെ കോണ്‍സുലേറ്റില്‍ താന്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ ലഭിച്ച എച്ച്-വണ്‍ ബി വിസകളില്‍ 80-90 ശതമാനവും വ്യാജ ഡിഗ്രികള്‍, കെട്ടിച്ചമച്ച രേഖകള്‍, അല്ലെങ്കില്‍ അപേക്ഷകര്‍ക്ക് ആവശ്യമായ യോഗ്യതയില്ലായ്മ എന്നിവയെ അടിസ്ഥാനമാക്കിയുള്ളവയാണെന്ന് മഹ്‌വാഷ് സിദ്ദിഖി പറയുന്നു.
തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് സിദ്ദിഖിയും സംഘവും അന്നത്തെ സ്റ്റേറ്റ് സെക്രട്ടറിക്ക് 'വിയോജന കുറിപ്പ്' അയച്ച് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, ഉന്നതതലത്തില്‍ നിന്നുള്ള 'രാഷ്ട്രീയ സമ്മര്‍ദം' കാരണം തങ്ങളുടെ കണ്ടെത്തലുകള്‍ അവഗണിക്കപ്പെടുകയും വിസ അനുവദിക്കുന്നത് തുടരുകയും ചെയ്തു. തങ്ങളുടെ തട്ടിപ്പ് വിരുദ്ധ നീക്കത്തെ ഒരു 'നിയമവിരുദ്ധമായ പ്രവര്‍ത്തനം' എന്നാണ് വിശേഷിപ്പിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിരവധി രാഷ്ട്രീയക്കാര്‍ ഈ തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ തടസ്സങ്ങളുണ്ടായെന്നും അവര്‍ ആരോപിച്ചു.
അമേരിക്കയില്‍ ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതം എന്നീ മേഖലയിലെ പ്രതിഭകളുടെ കുറവുണ്ടെന്ന വാദത്തെ സിദ്ദിഖി തള്ളി. ഇന്ത്യയില്‍ നിന്ന് ആളെ റിക്രൂട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നും അവര്‍ വാദിച്ചു. 2024-ല്‍ മാത്രം 2,20,000 എച്ച്-വണ്‍ ബി വിസകളും, അവരോടൊപ്പം പോകുന്ന കുടുംബാംഗങ്ങള്‍ക്കുള്ള 1,40,000 എച്ച്-4 വിസകളും യുഎസ് കോണ്‍സുലേറ്റ് വഴി അനുവദിച്ചിരുന്നു. ഈ വെളിപ്പെടുത്തലുകള്‍ എച്ച്-വണ്‍ ബി വിസ നടപടിക്രമങ്ങളുടെ സുതാര്യതയെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു.
