പ്രളയക്കെടുതിക്കിടയില്‍ വലയുന്ന ശ്രീലങ്കയെ പറ്റിച്ച് പാക്കിസ്ഥാന്റെ ദുരിതാശ്വാസം; അയച്ചുനല്‍കിയത് കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍; ദുരന്തബാധിതരെ അപമാനിക്കുന്നുവെന്ന് വിമര്‍ശനം

Update: 2025-12-02 11:12 GMT

കൊളംബോ: പ്രളയക്കെടുതിക്കിടയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് ദുരിതാശ്വാസമായി എത്തിച്ച പാക്കേജിലും പാക്കിസ്ഥാന് ഗുരുതര വീഴ്ച. കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളുള്‍പ്പെട്ട ദുരിതാശ്വാസ പാക്കേജുകള്‍ ശ്രീലങ്കയിലേക്ക് അയച്ച നടപടി വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴി തുറന്നു. 2024 ഒക്ടോബറില്‍ കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളാണ് പാക്കിസ്ഥാന്‍ കൈമാറിയത്. പാക്കിസ്ഥാന്‍ ഹൈകമ്മീഷന്‍ എക്‌സില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെയാണ് കാലാവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ ദുരിതാശ്വാസ പാക്കേജുകളില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ സാമൂഹികമാധ്യമങ്ങളില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

നവംബര്‍ 30നാണ് പാക്കിസ്ഥാന്‍ ഹൈകമ്മീഷന്‍ ദുരിതാശ്വാസ പാക്കേജുമായി ബന്ധപ്പെട്ട പോസ്റ്റ് എക്‌സില്‍ പങ്കുവെച്ചത്. ഇതില്‍ 2024 ഒക്ടോബറില്‍ കാലാവധി കഴിഞ്ഞ ഉത്പന്നങ്ങളുടെ ചിത്രവുമുണ്ടായിരുന്നു. ഏറ്റവും വലിയ പ്രളയ പ്രതിസന്ധികളിലൊന്ന് നേരിടുന്ന രാജ്യത്തേക്ക് കാലവധി കഴിഞ്ഞ ഉത്പന്നങ്ങള്‍ അയച്ച പാക്കിസ്ഥാന്റെ നടപടി ദുരന്തബാധിതരെ അപമാനിക്കുന്നതാണെന്നാണ് വിമര്‍ശനം. ലേബലുകള്‍ പരിശോധിക്കാതെ അയച്ചതും അതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പാക്കിസ്ഥാന്‍ ഹൈകമ്മീഷന്‍ തന്നെ പോസ്റ്റ് ചെയ്തതും ഗുരുതര വീഴ്ചയാണെന്നും ഉപഭോക്താക്കള്‍ വിമര്‍ശിച്ചു.

'എല്ലായ്‌പ്പോഴും ഒരുമിച്ച്, പാക്കിസ്ഥാന്‍ ഇന്നും എന്നും ശ്രീലങ്കയ്ക്കൊപ്പം നിലകൊള്ളുന്നു,' എന്ന കുറിപ്പിനൊപ്പമായിരുന്നു പാക്കിസ്ഥാന്‍ ഹൈകമ്മീഷന്റെ എക്‌സ് പോസ്റ്റ്. വിമര്‍ശനങ്ങള്‍ അതിരൂക്ഷമായതിനെ തുടര്‍ന്ന് പാക്കിസ്ഥാന്‍ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്. വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.

അതേസമയം, ഇന്ത്യ 'ഓപ്പറേഷന്‍ സാഗര്‍ ബന്ധു'വിന് കീഴില്‍, നവംബര്‍ 28 മുതല്‍ 53 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ വ്യോമ, സമുദ്ര മാര്‍ഗങ്ങളിലൂടെ ശ്രീലങ്കയില്‍ എത്തിച്ചു. ഐഎന്‍എസ് വിക്രാന്ത്, ഐഎന്‍എസ് ഉദയഗിരി, ഐഎന്‍എസ് സുകന്യ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളിലും നാവികസേനയുടെ കപ്പലുകളിലുമായിട്ടാണ് സാമഗ്രികള്‍ അയച്ചത്. ശ്രീലങ്കയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ ദുരന്തത്തിനാണ് രാജ്യം സാക്ഷിയായത്.

Similar News