യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇപ്പോഴും ഒരു പടി പോലും അടുത്തിട്ടില്ലെന്നും ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും പ്രതിനിധികള്‍; ഒരു വഴിത്തിരിവിന് വളരെ അകലെ ചര്‍ച്ചകള്‍; തര്‍ക്ക വിഷയങ്ങളില്‍ പ്രശ്‌ന പരിഹാരം അകലം; റഷ്യയും അമേരിക്കയും ചര്‍ച്ച തുടരും

Update: 2025-12-03 02:24 GMT

മോസ്‌കോ: അമേരിക്ക-റഷ്യ ചര്‍ച്ച എങ്ങുമെത്തിയില്ല. യുക്രെയിനിലെ യുദ്ധം തുടരും. യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്‌കോഫും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ പ്രദേശിക വിഷയങ്ങളില്‍ വിട്ടുവീഴ്ചകളില്ലെന്ന് ക്രെംലിന്‍ വൃത്തങ്ങള്‍ അറിയിച്ചു. ബുധനാഴ്ച ക്രെംലിനില്‍ അഞ്ചു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച 'സാര്‍ത്ഥകമായിരുന്നെ'ങ്കിലും, ഒരു സുപ്രധാന ധാരണയിലും എത്തിച്ചേരാന്‍ കഴിഞ്ഞില്ലെന്ന് റഷ്യ വ്യക്തമാക്കി. ഈ ചര്‍ച്ചകള്‍ ഒരു വഴിത്തിരിവിന് വളരെ അകലെയാണെന്നും മസ്‌കോ സൂചിപ്പിച്ചു.

റഷ്യയുടെ വിദേശകാര്യ നയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറയുന്നതനുസരിച്ച്, യുക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇപ്പോഴും ഒരു പടി പോലും അടുത്തിട്ടില്ലെന്നും ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും വ്യക്തമാക്കി. യുദ്ധം തുടങ്ങി നാല് വര്‍ഷത്തോളമായതിന് ശേഷം യുഎസ്-റഷ്യ ഉന്നതതലത്തില്‍ നടക്കുന്ന പ്രധാന ചര്‍ച്ചകളിലൊന്നായിരുന്നു ഇത്. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷത്തിന് മധ്യസ്ഥം വഹിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങള്‍ക്കിടെയാണ് ഈ കൂടിക്കാഴ്ച. ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ പരസ്യമാക്കരുതെന്ന് ഇരുപക്ഷവും ധാരണയിലെത്തിയിരുന്നു.

യൂറി ഉഷാക്കോവും നിക്ഷേപ ദൂതനായ കിറില്‍ ദിമിത്രീവും ഉള്‍പ്പെടെയുള്ള റഷ്യന്‍ പ്രതിനിധികളും പങ്കെടുത്ത ചര്‍ച്ചകള്‍ അര്‍ദ്ധരാത്രി പിന്നിട്ടും നീണ്ടു. സംഘര്‍ഷം പരിഹരിക്കാനുള്ള നിരവധി മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌തെങ്കിലും പ്രധാന തര്‍ക്ക വിഷയങ്ങളില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് ഉഷാക്കോവ് പറഞ്ഞു. അമേരിക്കന്‍ പക്ഷം പുതിയ നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവന്നിട്ടും പ്രദേശിക വിഷയങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടായില്ല. പ്രസിഡന്റ് ട്രംപിന് നേരിട്ട് കൈമാറേണ്ട 'പ്രധാനപ്പെട്ട രാഷ്ട്രീയ സന്ദേശങ്ങള്‍' വിറ്റ്‌കോഫിനോട് പുടിന്‍ ആവശ്യപ്പെട്ടതായും ഉഷാക്കോവ് വെളിപ്പെടുത്തി.

തര്‍ക്കം പരിഹരിക്കുന്നതിനായി ദൂതന്മാര്‍ മോസ്‌കോയിലാണെന്ന് ട്രംപ് തന്റെ മന്ത്രിസഭാ യോഗത്തില്‍ പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ വഴിത്തിരിവിലെത്തിയില്ലെങ്കിലും, ഇരു സര്‍ക്കാരുകളും തമ്മിലുള്ള ആശയവിനിമയം തുടരുമെന്ന് ക്രെംലിന്‍ സൂചിപ്പിച്ചു. ഇത് സങ്കീര്‍ണ്ണമായ യുക്രെയ്ന്‍ പ്രതിസന്ധിക്ക് ഒരു ഉടനടി പരിഹാരമില്ലെന്ന് വ്യക്തമാക്കുന്നു. ഇനിയും ചര്‍ച്ച തുടരും. അതുകൊണ്ട് പ്രതീക്ഷ അവസാനിക്കുന്നില്ല.

Similar News