മഡുറോയെ ഒറ്റിക്കൊടുത്തത് സ്വന്തം വൈസ് പ്രസിഡന്റോ? വെനസ്വേലയില്‍ നടന്നത് പ്രതിരോധമില്ലാത്ത 'റാഞ്ചല്‍'; സൈന്യം തോക്കെടുത്തില്ല; അമേരിക്കയെ തടഞ്ഞതുമില്ല; ആ രഹസ്യ കരാറില്‍ മുഡുറോയെ പൊക്കിയോ? ആ അറസ്റ്റിന് പിന്നില്‍ ആഭ്യന്തര ചതിയോ?
ന്യൂയോര്‍ക്ക്: ലോകത്തെ ഞെട്ടിച്ചുകൊണ്ട് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കന്‍ സൈന്യം പൊക്കിയതിന് പിന്നില്‍ വമ്പന്‍ ചതിയുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. അതീവ സുരക്ഷയുള്ള പ്രസിഡന്റിന്റെ വസതിയില്‍ കടന്നുകയറി മഡുറോയെയും ഭാര്യയെയും യുഎസ് സൈന്യം റാഞ്ചിക്കൊണ്ടുപോയിട്ടും വെനസ്വേലന്‍ സൈന്യം നോക്കുകുത്തിയായി നിന്നത് വന്‍ ദുരൂഹതകള്‍ക്കാണ് വഴിമാറുന്നത്. ഈ അവിശ്വസനീയമായ കീഴടങ്ങലിന് പിന്നില്‍ മഡുറോയുടെ വിശ്വസ്തയും വൈസ് പ്രസിഡന്റുമായ ഡെല്‍സി റോഡ്രിഗസ് ആണെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
താഴ്ന്നുപറന്ന യുഎസ് ഹെലികോപ്റ്ററുകളെ വെറും തോക്കുകള്‍ ഉപയോഗിച്ച് പോലും പ്രതിരോധിക്കാമായിരുന്നിട്ടും വെനസ്വേലന്‍ സൈന്യം ഒരൊറ്റ വെടിയുണ്ട പോലും ഉതിര്‍ത്തില്ല. ഈ 'നിശബ്ദത' വെറുതെയല്ലെന്നാണ് പ്രതിരോധ വിദഗ്ധര്‍ പറയുന്നത്. ട്രംപ് ഭരണകൂടവുമായി ഡെല്‍സി റോഡ്രിഗസും സഹോദരനും ചേര്‍ന്ന് നടത്തിയ രഹസ്യ ധാരണയുടെ ഫലമായാണ് മഡുറോയെ അമേരിക്കയ്ക്ക് 'വിട്ടുനല്‍കിയത്'. അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചകളില്‍, മഡുറോയെ പടിയിറക്കി പകരം ഭരണം ഏറ്റെടുക്കാനുള്ള നീക്കമാണ് ഡെല്‍സി നടത്തിയതെന്നാണ് വിവരം.
ഒന്നുകില്‍ അധികാരം വിട്ട് വെനസ്വേലയില്‍ തന്നെ തുടരാം, അല്ലെങ്കില്‍ ഖത്തറിലേക്കോ തുര്‍ക്കിയിലേക്കോ നാടുവിടാംഈ രണ്ട് വാഗ്ദാനങ്ങള്‍ അമേരിക്ക മഡുറോയ്ക്ക് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ മഡുറോ ഇതിന് വഴങ്ങുന്നതിന് മുന്‍പേ സ്വന്തം സൈന്യത്തെ കൂട്ടുപിടിച്ച് ഡെല്‍സിയും സംഘവും അമേരിക്കയുമായി കരാറിലെത്തി. ഇതിന് പകരമായി ഡെല്‍സി റോഡ്രിഗസിനെ വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അംഗീകരിക്കുകയും ചെയ്തു.
മഡുറോ പിടിയിലായതിന് തൊട്ടുപിന്നാലെ തന്നെ ഡെല്‍സി റോഡ്രിഗസ് അധികാരമേറ്റത് സംശയങ്ങളെ ബലപ്പെടുത്തുന്നു. മിയാമി ഹെറാള്‍ഡ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, കഴിഞ്ഞ ഒരു വര്‍ഷമായി നടന്ന ഗൂഢാലോചനയുടെ ക്ലൈമാക്‌സ് മാത്രമായിരുന്നു മഡുറോയുടെ ഈ അറസ്റ്റ്. സ്വന്തം വിശ്വസ്തര്‍ തന്നെ ശത്രുപക്ഷവുമായി ചേര്‍ന്ന് കൊടുത്ത പണിയാണ് മഡുറോയുടെ പതനത്തിന് കാരണമെന്നാണ് പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
അതീവ സുരക്ഷയുള്ള കാരക്കസിലെ വസതിയില്‍ കടന്നുകയറി മഡുറോയെയും ഭാര്യ സീലിയ ഫ്‌ലോറസിനെയും പിടികൂടുമ്പോള്‍ വെനസ്വേലന്‍ സൈന്യം നോക്കുകുത്തിയായി നിന്നത് വന്‍ ദുരൂഹതകള്‍ക്കാണ് വഴിമാറുന്നത്. അറബ് രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ നടന്ന ഈ നീക്കത്തിനൊടുവില്‍ മഡുറോയെ പുറത്താക്കി ഡെല്‍സി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി അമേരിക്ക അംഗീകരിച്ചു. തുര്‍ക്കിയിലേക്കോ ഖത്തറിലേക്കോ നാടുവിടാനുള്ള അമേരിക്കയുടെ വാഗ്ദാനങ്ങള്‍ മഡുറോ തള്ളിയതോടെയാണ് സൈന്യത്തെ കൂട്ടുപിടിച്ച് ഡെല്‍സി ഈ അട്ടിമറി പൂര്‍ത്തിയാക്കിയത് എന്നതും ചര്‍ച്ചകള്‍ക്ക് പുതിയമാനം നല്‍കുന്നു.
നിലവില്‍ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ ലഹരിക്കടത്ത് കേസില്‍ വിചാരണ നേരിടുന്ന മഡുറോയ്ക്കായി വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിന്റെ അഭിഭാഷകന്‍ ബാരി പൊള്ളാക്കാണ് ഹാജരാകുന്നത്. ഒരു രാജ്യത്തിന്റെ ഭരണത്തലവനെ തട്ടിക്കൊണ്ടുപോയി വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് പ്രതിഭാഗം വാദിക്കുമ്പോഴും, വെനസ്വേലയുടെ എണ്ണസമ്പത്തിന് മേലുള്ള അമേരിക്കയുടെ നിയന്ത്രണവും ഡെല്‍സി റോഡ്രിഗസിന്റെ പുതിയ ഭരണകൂടവും ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്.
