സിറിയന്‍ യുദ്ധമുഖത്ത് നിന്ന് ഒരുവിധത്തില്‍ യൂറോപ്പിലെത്തി അഭയാര്‍ത്ഥിയായി പുതു ജീവിതം തുടങ്ങിയപ്പോള്‍ മകള്‍ പാശ്ചാത്യ ജീവിത ശൈലി പിന്തുടര്‍ന്നത് പിടിച്ചില്ല; തടാകത്തില്‍ മുക്കി കൊന്ന് പിതാവ് വീണ്ടും സിറിയയിലേക്ക് മടങ്ങി; കണ്ണീരോടെ അമ്മ കഥ പറയുന്നു
ലണ്ടന്‍: ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് സുമയ്യ അല്‍ നാജറും ഭര്‍ത്താവും തങ്ങളുടെ കുടുംബത്തെ പശ്ചിമ യൂറോപ്പില്‍ എത്തിച്ചതും, നെതര്‍ലാന്‍ഡ്‌സില്‍ അഭയം നേടിയതും. എന്നാല്‍, ആ കഷ്ടപ്പാട് മുഴുവന്‍ വ്യര്‍ത്ഥമായതില്‍ ഏറെ ദുഃഖിതയാണ് സുമയ്യ ഇപ്പോള്‍. അഭയം ലഭിച്ച് അധികം താമസിയാതെ തന്നെ അവര്‍ക്ക് ശാന്തമായ ഒരു ഡച്ചു പട്ടണത്തില്‍ സാമാന്യം ഭേദപ്പെട്ട ഒരു കൗണ്‍സില്‍ ഹൗസ് ലഭിക്കുകയും ചെയ്തു. മാത്രമല്ല, അവരുടെ കാറ്ററിംഗ് ബിസിനസ്സിനായി സര്‍ക്കാര്‍ സഹായം ലഭിക്കുകയും കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുകയും ചെയ്തു.
എന്നാല്‍, നീണ്ട എട്ട് വര്‍ഷം പിന്നിടുമ്പോള്‍ തീരാത്ത നഷ്ടങ്ങളുടെ കഥപറഞ്ഞ് കണ്ണുനീരൊഴുക്കുകയാണ് സുമയ്യ. ഒരു കുടുംബം തന്നെ താറുമാറായതില്‍ വിധിയെ പഴിക്കാനല്ലാതെ മറ്റൊന്നിനും അവര്‍ക്കാവുന്നില്ല. ദുരഭിമാനക്കൊലയില്‍ അവരുടെ മകള്‍ റിയാന്‍ അതിദാരുണമായി കൊല്ലപ്പെട്ടു. ആണ്‍മക്കള്‍ രണ്ടുപേരും ജയിലിലേക്ക് പോയിക്കഴിഞ്ഞു. റിയാനെ കൊലചെയ്യാന്‍ സഹായിച്ചു എന്ന കുറ്റത്തിനാണ് ഇരുവര്‍ക്കും തടവ് ശിക്ഷ ലഭിച്ചത്. അതിക്രൂരമായി ഈ കൊലപാതകം നിര്‍വഹിച്ച ഭര്‍ത്താവ് സിറിയയിലേക്ക് കടന്ന് ഇപ്പോള്‍ അവിടെ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കുകയാണ്.
ഈയൊരു കുടുംബം തകര്‍ന്നതിന് പൂര്‍ണ്ണ ഉത്തരവാദി തന്റെ ഭര്‍ത്താവാണെന്ന് സുമയ്യ പറയുന്നു. ഖലീദ് അല്‍ നജര്‍ എന്ന ആ ദുഷ്ടന്‍ തന്റെ ജീവിതം പൂര്‍ണ്ണമായും നശിപ്പിച്ചു എന്നാണ് സുമയ്യ പറയുന്നത് പാശ്ചാത്യ സംസ്‌കാരവുമായി കൂടുതല്‍ ഇഴുകിച്ചേര്‍ന്നു എന്നതിന്റെ പേരിലായിരുന്നു ഇയാള്‍ തന്റെ സ്വന്തം മകളെ കൊന്നുതള്ളിയത്. അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധനേടിയ ഒരു സംഭവമായിരുന്നു അത്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ കൊല്ലപ്പെട്ട റിയാന്റെ അമ്മ സുമയ്യ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ്.
പതിനെട്ട് വയസ്സ് കഴിഞ്ഞ് ഏതാനും മാസങ്ങള്‍ മാത്രം കഴിഞ്ഞപ്പോള്‍, ആളൊഴിഞ്ഞ ഒരു കണ്‍ട്രിപാര്‍ക്കിലെ കുളത്തില്‍ കമഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു റിയാന്റെ മൃതദേഹം കണ്ടെത്തിയത്. റിയാനും, മതാപിതാക്കളും മറ്റ് കുടുംബാംഗങ്ങള്‍ക്കും ഇടയില്‍ വര്‍ഷങ്ങളായി ഉരുണ്ടുകൂടിയ സംഘര്‍ഷത്തിന്റെ പരിണിതഫലമായിരുന്നു ആ മരണം. റിയാന്റെ വസ്ത്രധാരണ രീതികളും മറ്റും മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും തീരെ പിടിക്കാത്ത രീതിയിലായിരുന്നു.
ഖാലിദ് അല്‍ നജറിന്റെ അഭാവത്തില്‍ 30 വര്‍ഷത്തെ തടവാണ് കോടതി അയാള്‍ക്ക് വിധിച്ചിരിക്കുന്നത്. മക്കളായ മുഹനദിനുമ് മുഹമ്മദിനും കൊലപാതത്തിന് സഹായിച്ച കുറ്റത്തിന് 20 വര്‍ഷം വരെ തടവും ലഭിച്ചു. എന്നാല്‍, മക്കള്‍ക്ക് കൊലപാതകത്തില്‍ ഒരു പങ്കില്ലെന്നും, ഭര്‍ത്താവായ ഖാലിദ് ഒറ്റക്കാണ് അത് ചെയ്തതെന്നുമാണ് സുമയ്യ പറയുന്നത്. എന്നാല്‍, സുമയ്യ അയച്ചതെന്ന് കരുതപ്പെടുന്ന ഒരു വാട്ട്‌സ്ബഅപ് സന്ദേശത്തില്‍, റിയാന്‍ വൃത്തികെട്ടവളാണെന്നും കൊല്ലപ്പെടണമെന്നും പറഞ്ഞത്, കൊലപാതകത്തില്‍ സുമയ്യയ്ക്കും പങ്കുണ്ടോ എന്ന സംശയിക്കാവുന്ന സാഹചര്യം ഉണ്ടാക്കിയതായി കോടതി നിരീക്ഷിച്ചിരുന്നു.
